ജർമനിയിലെ കത്തിയാക്രമണം: 2 പേർ അറസ്റ്റിൽ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്‍ലാമിക് സ്റ്റേറ്റ്
Mail This Article
ഫ്രാങ്ക്ഫർട്ട് ∙ പടിഞ്ഞാറൻ ജർമനിയിലെ സൂലിങ്ങൻ നഗരത്തിൽ ലൈവ് ബാൻഡ് സംഗീതപരിപാടിക്കിടെ 3 പേരെ കുത്തിക്കൊലപ്പെടുത്തുകയും 8 പേരെ പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്). ഇസ്‍ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കൊലയാളിക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് ഇസ്‍ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്നു മുൻകൂട്ടി അറിവുണ്ടായിരുന്നെന്നു സംശയിക്കുന്ന 15 വയസ്സുകാരനുൾപ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 9.40ന് സൂലിങ്ങൻ നഗരത്തിന്റെ 650–ാം വാർഷികാഘോഷത്തിനിടയിലാണ് അക്രമി ആൾക്കൂട്ടത്തിൽ കണ്ണിൽ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തിയത്. മിക്കവരുടെയും കഴുത്തിലാണ് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ 8 പേരിൽ 5 പേരുടെ നില ഗുരുതരമാണ്.
അക്രമം നടക്കുന്നതു കണ്ടെങ്കിലും പരിപാടി തുടരാൻ അധികൃതർ നിർദേശിച്ചതായി ബാൻഡ് അംഗം ടോപിക് വെളിപ്പെടുത്തി. ജനങ്ങൾ ഭയന്ന് ഓടി തിക്കിലും തിരക്കിലും പെടാതിരിക്കാനായിരുന്നു ഇത്. താമസിയാതെ ഹെലികോപ്റ്ററിൽ പൊലീസ് ആൾക്കൂട്ടത്തിനു മുകളിലെത്തിയെങ്കിലും അക്രമി കടന്നുകളഞ്ഞു.