ADVERTISEMENT

മുംബൈ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം സ്വന്തമാക്കി. ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ‍ പ്രകാരമാണ് ഹുറൂൺ പട്ടിക തയാറാക്കിയത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ് അംബാനിയും കുടുംബവും രണ്ടാമതാണ്. 

ഒരു വർഷത്തിനിടെ അദാനി കുടുംബത്തിന്റെ ആസ്തിയിൽ 95% വളർച്ചയുണ്ടായി. അംബാനി കുടുംബത്തിന്റെ ആസ്തി വളർച്ച 25%. എച്ച്സിഎൽ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവുമാണ് 3.14 ലക്ഷം കോടി രൂപ ആസ്തിയുമായി മൂന്നാം സ്ഥാനത്ത്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് എസ്.പൂനാവാലയും കുടുംബവുമാണ് 2.89 ലക്ഷം കോടിയുമായി നാലാംസ്ഥാനത്തുള്ളത്. സൺ ഫാർമ മേധാവി ദിലീപ് സാങ്‍വി (2.49 ലക്ഷം കോടി രൂപ), ആദിത്യ ബിർല ഹ്രൂപ്പ് മേധാവി കുമാർ മംഗളം ബിർലയും കുടുംബവും (2.35 ലക്ഷം കോടി രൂപ), ഹിന്ദുജ ഗ്രൂപ്പിലെ ഗോപിചന്ദ് ഹിന്ദുജയും കുടുംബവും (1.92 ലക്ഷം കോടി രൂപ), അവന്യു സൂപ്പർമാർട്ട് സാരഥി രാധാകിഷൻ ധമാനിയും കുടുംബവും (1.90 ലക്ഷം കോടി രൂപ), വിപ്രോ മേധാവി അസിം പ്രേംജിയും കുടുംബവും (1.90 ലക്ഷം കോടി രൂപ), ബജാജ് ഗ്രൂപ്പിലെ നിരജ് ബജാജും കുടുംബവും (1.62 ലക്ഷം കോടി രൂപ) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ശതകോടീശ്വരന്മാർ.

ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാൻ ആദ്യമായി ഹുറൂൺ പട്ടികയിൽ ഇടം നേടിയെന്ന പ്രത്യേകതയുണ്ട്. അൻപത്തിയെട്ടുകാരനായ 'കിങ് ഖാന്റെ' ആസ്തി 7,300 കോടി രൂപയാണെന്ന് പട്ടിക വ്യക്തമാക്കുന്നു. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എന്നിവയുടെ ഉടമസ്ഥനെന്ന നിലയിൽ ആസ്തിയിലുണ്ടായ വർധന ഖാന് നേട്ടമായി.

എം.എ. യൂസഫലിയും പട്ടികയിൽ

പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇക്കുറിയും ഇടംപിടിച്ചു. ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയായി തുടരുന്ന എം.എ. യൂസഫലി, പട്ടികയിലെ പ്രവാസി ഇന്ത്യക്കാരിൽ ആദ്യ പത്തിലുമുണ്ട്– എട്ടാംസ്ഥാനത്ത്. 55,000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

English Summary:

Hurun India Rich List 2024: Gautam Adani at #1, billionaire count crosses 300

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com