മലയാളി സമ്പന്നരിൽ ഒന്നാമൻ യൂസഫലി തന്നെ; ഹുറൂൺ പട്ടികയിൽ ആദ്യ 100ൽ ഈ മലയാളികളും
Mail This Article
പ്രമുഖ രാജ്യാന്തര ഗവേഷണ, നിക്ഷേപ മാഗസിനായ ഹുറൂൺ പുറത്തുവിട്ട 2024ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാംസ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെ. 55,000 കോടി രൂപയുടെ ആസ്തിയുമായി 40-ാം സ്ഥാനത്താണ് ഇത്തവണ യൂസഫലി. കഴിഞ്ഞ ഒരുവർഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിൽ മാറ്റമൊന്നും ഉണ്ടായിട്ടെല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി. എം.എ. യൂസഫലി, പട്ടികയിലെ പ്രവാസി ഇന്ത്യക്കാരിൽ ആദ്യ പത്തിലുമുണ്ട്.
ഒരുവർഷത്തിനിടെ 52% വളർച്ചയോടെ 42,000 കോടി രൂപയുടെ ആസ്തിയുമായി പ്രമുഖ ജ്വല്ലറി ശൃംഖലയായ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാൻ ജോയ് ആലുക്കാസ് ആണ് മലയാളികളിൽ രണ്ടാമൻ. പട്ടികയിൽ 55-ാം സ്ഥാനമാണ് അദ്ദേഹത്തിന്. ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണനും (ക്രിസ് ഗോപാലകൃഷ്ണൻ) കുടുംബവും 38,500 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമതുണ്ട്. പട്ടികയിൽ 62-ാം സ്ഥാനത്തുള്ള ഇവരുടെ ആസ്തി കഴിഞ്ഞ ഒരുവർഷത്തിനിടെ 24% വർധിച്ചു.
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിന്‍റെ മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമനും കുടുംബവും 37,500 കോടി രൂപയുടെ ആസ്തിയുമായി 65-ാം സ്ഥാനത്താണ്. മലയാളികളിൽ നാലാംസ്ഥാനത്തും. ഒരുവർഷത്തിനിടെ ആസ്തിയിലുണ്ടായ വർധന 122 ശതമാനവുമാണ്. 31,500 കോടി രൂപയുടെ ആസ്തിയുമായി ദുബായ് ആസ്ഥാനമായ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജെംസ് എഡ്യുക്കേഷന്റെ സാരഥി സണ്ണി വർക്കി 85-ാം സ്ഥാനത്തുണ്ട്.
അബുദബി ആസ്ഥാനമായ ഹെൽത്ത്കെയർ ശൃംഖലയായ ബുർജീൽ ഹോൾഡിങ്സിന്റെ മേധാവിയും എം.എ. യൂസഫലിയുടെ മരുമകനുമായ ഡോ. ഷംസീർ വയലിൽ ആണ് ആദ്യ 100ൽ ഇടംപിടിച്ച മറ്റൊരു മലയാളി. 88-ാം സ്ഥാനത്തുള്ള ഡോ. ഷംസീറിന്റെ ആസ്തി 31,300 കോടി രൂപ. സണ്ണി വർക്കിയുടെ ആസ്തി കഴിഞ്ഞ ഒരു വർഷത്തിനിടെ 23% വർധിച്ചു. ഡോ. ഷംസീറിന്റെ ആസ്തി 3% കുറഞ്ഞു.
ഹുറൂണിന്റെ ഈ വർഷത്തെ സമ്പന്ന പട്ടികയിൽ കേരളത്തിൽ നിന്ന് ആകെ 19 പേരാണ് ഇടംപിടിച്ചത്. 2020ലെ 16ൽ നിന്ന് മൂന്നുപേർ അധികമായി പട്ടികയിലെത്തി. ആസ്തിയിൽ ഏറ്റവും ഉയർന്ന വളർച്ച കഴിഞ്ഞ ഒരുവർഷത്തിനിടെ നേടിയ മലയാളി, ജ്വല്ലറി ശൃംഖലയായ ആലുക്കാസ് എന്റർപ്രൈസസിലെ അലുക്ക ജോസ് വർഗീസ് ആണ് (297%).