സ്വർണത്തിൽ ആശങ്ക! രാജ്യാന്തര വില കൂടുന്നു, 'കല്യാണ' പർച്ചേസുകാർ എന്തു ചെയ്യണം?
Mail This Article
കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. എന്നാൽ, രാജ്യാന്തര വിപണി ആലസ്യം വിട്ടൊഴിഞ്ഞ് വീണ്ടും മുന്നേറ്റത്തിന്റെ പാതയിലേക്ക് കയറിയിട്ടുണ്ട്. ഇത് വരുംദിവസങ്ങളിൽ കേരളത്തിലെ വിലയെയും ഉയരങ്ങളിലേക്ക് നയിച്ചേക്കാമെന്ന് നിരീക്ഷകർ പറയുന്നു. വിവാഹ സീസൺ ആരംഭിച്ചിരിക്കേ, ഈ അവസരത്തിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർ എന്താണ് ചെയ്യേണ്ടത്?
ഗ്രാമിന് 6,715 രൂപയിലാണ് ഇന്നും കേരളത്തിൽ സ്വർണ വ്യാപാരം. പവന് വില 53,720 രൂപ. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. കനം കുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 5,555 രൂപയിൽ തുടരുന്നു. അതേസമയം, വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 92 രൂപയായി.
രാജ്യാന്തര വില വീണ്ടും മുന്നോട്ട്, കേരളത്തിലും കൂടുമോ?
സ്വർണത്തിന്റെ രാജ്യാന്തര വില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ നിശ്ചയിക്കുന്ന വില (ബാങ്ക് റേറ്റ്), ബോംബെ വിപണിയിലെ സ്വർണ വില, ഡോളറിനെതിരെ രൂപയുടെ മൂല്യം, വ്യാപാരികളുടെ ലാഭമാർജിൻ എന്നിവ വിലയിരുത്തിയാണ് ഓരോ ദിവസവും സ്വർണ വില നിർണയം. അതായത്, രാജ്യാന്തര വില വർധിച്ചാൽ ആനുപാതികമായി കേരളത്തിലെ വിലയും കൂടും.
കഴിഞ്ഞ ദിവസങ്ങളിൽ ഔൺസിന് 2,502-2,510 ഡോളറിനകത്ത് കാര്യമായ കുതിപ്പോ ഇടിവോ ഇല്ലാതെ നിന്ന രാജ്യാന്തര വില ഇപ്പോൾ ഉണർവ് വീണ്ടെടുത്തിട്ടുണ്ട്. 10 ഡോളർ ഉയർന്ന് 2,517.93 ഡോളറിലാണ് നിലവിൽ വ്യാപാരം. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തൽ യാഥാർഥ്യമായാൽ സ്വർണ വില കുതിച്ചുയർന്നേക്കും. കാരണം, പലിശ കുറഞ്ഞാൽ ഡോളർ ദുർബലമാകും. യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ യീൽഡും (ആദായനിരക്ക്) കുറയും.
ഇത് നിക്ഷേപകരെ സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപം മാറ്റാൻ പ്രേരിപ്പിക്കും. അതോടെ സ്വർണ വിലയും കൂടും. നിലവിൽ യുഎസ് ഡോളർ ഇൻഡെക്സ് 100.95 എന്ന ദുർബല സ്ഥിതിയിലാണുള്ളത്. 10-വർഷ യുഎസ് ട്രഷറി ബോണ്ട് യീൽഡും 3.835 ശതമാനമെന്ന താഴ്ചയിലും. ഏതാനും മാസം മുമ്പ് ഡോളർ ഇൻഡെക്സ് 106 നിലവാരത്തിലും ട്രഷറി യീൽഡ് 4.6 ശതമാനത്തിലും ആയിരുന്നു.
ഡോളർ ദുർബലമായത് മുതലെടുത്തുള്ള സ്വർണം വാങ്ങിക്കൂട്ടൽ ട്രെൻഡ് ശക്തമാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 2,532 ഡോളർ എന്ന റെക്കോർഡ് വൈകാതെ രാജ്യാന്തര വില ഭേദിച്ചേക്കാം. അങ്ങനെയങ്കിൽ കേരളത്തിലും വില കുതിക്കും.
ആഭരണപ്രിയർ എന്തു ചെയ്യണം?
53,720 രൂപയാണ് ഇന്നൊരു പവന് വില. എന്നാൽ, ഈ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. ഇതോടൊപ്പം പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും നൽകണം. മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 58,153 രൂപ കൊടുത്താൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാം.
പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം.
വിവാഹാവശ്യത്തിന് ഉൾപ്പെടെ വൻതോതിൽ ആഭരണങ്ങൾ വാങ്ങുന്നവർക്ക് മുൻകൂർ ബുക്കിങ് പ്രയോജനപ്പെടുത്താവുന്നതാണ്. ഒട്ടുമിക്ക പ്രമുഖ ജ്വല്ലറികളും ഈ സൗകര്യം നൽകുന്നുണ്ട്. ഒരുമാസം മുതൽ ഒരുവർഷം വരെ ബുക്കിങ് കാലയളവും ലഭ്യമാണ്. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ വിലയുടെ നിശ്ചിത ശതമാനം തുക മുൻകൂർ നൽകിയാണ് ബുക്ക് ചെയ്യാനാകുക.
ബുക്ക് ചെയ്ത ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് നേട്ടം. അതായത്, ബുക്ക് ചെയ്തശേഷം വില കൂടിയാലും അത് ഉപയോക്താവിനെ ബാധിക്കില്ല.