ഇനി ആർക്കും വേണ്ടി പിരിവ് ഇടേണ്ടി വരരുത് ; നൊമ്പരമായി ദമ്പതികളുടെ വേര്‍പാട്, ഒരു ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നെങ്കില്‍!
Mail This Article
യുകെയില്‍ ബർമിങ്ങാമിനടുത്തു റെഡിച്ചിലെ മലയാളി ദമ്പതികളുടെ മരണം യുകെ പ്രവാസികളെ ചില്ലറയൊന്നുമല്ല വിഷമത്തിലാഴ്ത്തിയത്. നാട്ടില്‍ നിന്നു തിരികെ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യ മരിച്ചതിന്റെ ദുഃഖത്തില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തെന്നായിരുന്നു വാര്‍ത്തകള്‍. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി മരണത്തിലേയ്ക്കു പോകാന്‍ ആ പിതാവിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും കാര്യമായ സംശയങ്ങളൊന്നുമില്ല. പെട്ടെന്നുണ്ടായ ദുരന്തം; ഇരുവര്‍ക്കും ഇടയിലെ ഇഴയടുപ്പം തീര്‍ച്ചയായും മരണം തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. അതിലേറെ ഭാവി സംബന്ധിച്ച ആശങ്കകളാകും ആ കുടുംബനാഥനെ മരണം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകുക.
ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടെങ്കിലും യുഎസ്, കാനഡ, യുകെ പോലുള്ള രാജ്യങ്ങളിലെത്താന്‍ നഴ്‌സുമാരായ ഭാര്യമാര്‍ തന്നെയാണ് മിക്ക ഭര്‍ത്താക്കന്‍മാര്‍ക്കും ആശ്രയം. ഇവിടെ എത്തി ആദ്യ അഞ്ചു വര്‍ഷമെങ്കിലും കഴിയാതെ സ്ഥിരതാമസ അനുവാദം യുകെയില്‍ ലഭിക്കില്ല. അതുകൊണ്ടു തന്നെ ഇക്കാലമത്രയും നഴ്‌സായ ഭാര്യമാരുടെ വീസ തന്നെയാണ് മിക്ക കുടുംബങ്ങളുടെയും ആശ്രയം. ഇതിനിടെ വരുത്തി വയ്ക്കുന്ന ദീര്‍ഘകാലത്തേയ്ക്കുള്ള ബാധ്യതകള്‍ പലരെയും കെണിയിലാക്കുന്നുണ്ട്. പ്രത്യേകിച്ചു നാട്ടില്‍ കൊട്ടാരം കണക്കെയുള്ള വീടുകള്‍ കെട്ടി ഉയര്‍ത്തുന്നവര്‍. നാട്ടില്‍ നിന്നും യുകെയില്‍ നിന്നും കിട്ടാവുന്നത്ര ലോണ്‍ എടുത്തിട്ടാവും മിക്ക ആളുകളും വലിയ വീടുകള്‍ നിര്‍മിക്കുന്നത്.
കുഞ്ഞുങ്ങള്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ ആകുന്നതു വരെ അവരെ നോക്കുന്നതിനു മിക്ക ഭര്‍ത്താക്കന്‍മാര്‍ക്കും ജോലിക്കു പോകാന്‍ സാധിച്ചു കൊള്ളണം എന്നുമില്ല. അല്ല പോയെങ്കില്‍ തന്നെ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം, കുറഞ്ഞ മണിക്കൂറുകള്‍. മിനിമം വേതനം കിട്ടുന്നത് വീട്ടു വാടകയ്ക്കു പോലും തികയാതെ വരുന്നതു സ്വാഭാവികം മാത്രം. ഇതിനിടെ എന്തെങ്കിലും രോഗം ഒരാള്‍ക്കു വന്നാല്‍ വീടിന്റെ സാമ്പത്തിക നില താളം തെറ്റും. മുഖ്യ വരുമാന സ്രോതസ് ഇല്ലാതാകുന്നതോടെ കാര്യങ്ങള്‍ തകിടം മറിയും. പ്രത്യേകിച്ചും വീടിന്റെ ഉത്തരവാദിത്തങ്ങള്‍ എടുത്തു പരിചയമില്ലാത്തവര്‍ ഒറ്റയ്ക്കു കാര്യങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍.
∙ ഭാവി ഇരുളടയുമ്പോള്‍
റെഡിച്ചിലെ മലയാളി ദമ്പതികളുടെ സാമ്പത്തിക സാമൂഹിക സാഹചര്യം ഏതാണ്ട് തുല്യമായിരുന്നു എന്നാണു തിരിച്ചറിഞ്ഞിട്ടുള്ളത്. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ സഹായിക്കാമെന്ന സുഹൃത്തുക്കളുടെ വാഗ്ദാനം മുഖവിലയ്‌ക്കെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഭാര്യ മരിച്ചതോടെ സ്വന്തം വീസയും ഇല്ലാതാകുന്ന സാഹചര്യമുണ്ട്.
ഭാര്യയുടെ ആശ്രിതന്‍ എന്ന നിലയില്‍ നിന്ന് പെട്ടെന്നൊരു ദിവസം ഏകനാകുമ്പോള്‍ രണ്ടു മാസത്തിനകം തിരികെ നാട്ടിലേയ്ക്കു പോകേണ്ടി വരും. ഇതിനിടെ മറ്റെന്തെങ്കിലും വീസ നല്‍കാമെന്ന് മലയാളി അസോസിയേഷന്‍ ഉള്‍പ്പടെ വാക്കു നല്‍കിയെങ്കിലും ഏകാന്തതയില്‍ എങ്ങനെ എല്ലാം സ്വയം പരിഹരിക്കും എന്ന ആശങ്ക അദ്ദേഹത്തെ വല്ലാതെ അലട്ടിയിട്ടുണ്ടാകണം.
രണ്ടു പേര്‍ ജോലി ചെയ്തിട്ടു വരുമാനം ലഭിച്ചിരുന്നപ്പോള്‍ പോലും കാര്യങ്ങള്‍ എളുപ്പത്തില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതിരുന്നിട്ട് തനിയെ ഇനി എല്ലാം എങ്ങനെ എന്ന ചിന്തയാകണം അദ്ദേഹത്തെ ജീവിതത്തിൽ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകുക.
∙ ഒരു ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നെങ്കില്‍!
യുകെയില്‍ എന്തെങ്കിലും അസുഖം വന്നാല്‍ ചികിത്സിക്കാന്‍ എന്‍എച്ച്എസ് പോലുള്ള സംവിധാനങ്ങളുണ്ട്. എന്നാല്‍ രോഗം വന്നു വരുമാനം ഇല്ലാതാകുമ്പോള്‍ ആ വിടവ് എങ്ങനെ നികത്തും എന്ന ചോദ്യത്തിന് ഉത്തരമാണ് ഇന്‍ഷുറന്‍സ്. ഇന്‍കം പ്രൊട്ടക്‌ഷ ന്‍, ലൈഫ് ക്രിറ്റിക്കല്‍ ഇല്‍നെസ് ഇന്‍ഷുറന്‍സുകളെല്ലാം ഈ സാഹചര്യത്തില്‍ സഹായകമാകും. മുഖ്യ വരുമാന സ്രോതസ് പെട്ടെന്ന് ഇല്ലാതായാലും കുടുംബത്തെ നോക്കുക കുടുംബ നാഥന്റെയോ നാഥയുടെയോ ഉത്തരവാദിത്തമാണ്. അതില്‍ നിന്ന് ഒളിച്ചോടുകയല്ല, നേരിടുകയാണ് വേണ്ടത്. അതിനു പ്രാപ്തമാക്കാന്‍ ഇന്‍ഷുറന്‍സ് പോലെ സുരക്ഷിതമായ ഒരു സംവിധാനവുമില്ല. പ്രത്യേകിച്ചു യുകെ പോലെ സാമ്പത്തിക സുരക്ഷ ഉറപ്പു നല്‍കുന്ന രാജ്യത്ത്. കൃത്യമായ കാരണമില്ലാതെ ഒരു ക്ലെയിം പോലും നിഷേധിക്കില്ല എന്ന കാര്യത്തില്‍ സര്‍ക്കാരും ഉറപ്പു നല്‍കുന്നുണ്ട്.
ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന് മരണത്തിലേയ്ക്ക് ഒളിച്ചോടേണ്ടി വരില്ലായിരുന്നു. ചെറിയൊരു തുക പ്രീമിയം അടച്ചാല്‍ വലിയ തുകയുടെ കവറാണ് ലഭിക്കുന്നത് എന്നതിനാല്‍ ഒരു മരണം സംഭവിച്ചാല്‍ പോലും ലഭിക്കുന്ന വലിയൊരു തുക കുടുംബത്തിന് അത്താണിയായി മാറും എന്നതില്‍ സംശയമില്ല. രോഗാവസ്ഥയിലും വരുമാനത്തിനു പകരക്കാരനാകാന്‍ ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷുറന്‍സിനു സാധിക്കും.
∙ എനിക്കായി ആരും പിരിവിടേണ്ടതില്ല!
ഞാന്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍, എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ആര്‍ക്കും മുന്നില്‍ കൈ നീട്ടേണ്ടി വരരുത് എന്ന് എല്ലാവരും തീരുമാനിക്കണം. നാട്ടിലേയ്ക്കു മൃതദേഹം കൊണ്ടു പോകാന്‍ നല്ലൊരു തുകയാണ് ചെലവു വരിക. മറ്റു നടപടി ക്രമങ്ങള്‍ക്കു വേറെയും ചെലവുകള്‍. ഇതിനെല്ലാമായി മലയാളികള്‍ ഒരുമിക്കുകയും കൈകോര്‍ക്കുകയും ചെയ്യും എന്നതില്‍ സംശയമില്ല. എന്നാല്‍ സമ്പാദ്യം ബാക്കിയില്ലെങ്കില്‍ പോലും സഹായമായി ഒരു ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേയ്ക്കു ട്രസ്റ്റിയുടെ അക്കൗണ്ടിലേയ്ക്കു പണമെത്തും എന്നതാണ് ഇന്‍ഷുറന്‍സിന്റെ ഗുണം.
മൃതദേഹം നാട്ടില്‍ എത്തിക്കാനും കുടുംബത്തെ സഹായിക്കാനുമായി യുകെയില്‍ നടന്നിട്ടുള്ള ഒരു പിരിവു പോലും ഒരുലക്ഷം പൗണ്ടു കടന്നിട്ടുള്ളതായി അറിവില്ല. അതേ സമയം ഏറ്റവും കുറഞ്ഞ തുക പ്രീമിയം അടച്ചാല്‍ പോലും ഏതാണ്ട് രണ്ടുലക്ഷം പൗണ്ട് കവറേജു ലഭിക്കുന്ന ഇന്‍ഷുറന്‍സുകളുണ്ട്. മാസം പത്തു പൗണ്ട് സ്വന്തം കുടുംബത്തിന്റെ സുരക്ഷയ്ക്കായി മാറ്റി വയ്ക്കാന്‍ വിദഗ്ധർ നിര്‍ദേശിക്കുന്നതും അതുകൊണ്ടു തന്നെയാണ്.
(യുകെയിലെ ആംപിള്‍ മോര്‍ട്‌ഗേജസ് പ്രൊട്ടക്‌ഷന്‍ അഡ്വൈസറാണ് ലേഖകന്‍. ഇന്‍ഷുറന്‍സ് സംശയങ്ങള്‍ക്ക് +447440495855 നമ്പരില്‍ ബന്ധപ്പെടാം)