ADVERTISEMENT

കൽപ്പറ്റ∙ വന്നവരെയെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് വയനാടിനുള്ളത്. അതിഥികളായി എത്തുന്നവർ സംതൃപ്തിയോടെയാണ് മടങ്ങുന്നതും. പക്ഷേ കുറച്ചു കാലമായി വയനാട്ടുകാർ അതിഥികളെ കാത്തിരുന്ന് നിരാശരാകുകയാണ്. വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഹോട്ടലുകളും ഹോം സ്റ്റേകളും ആളൊഴിഞ്ഞ് കിടക്കുന്നു. ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ ടാക്സി ഡ്രൈവർമാർ വാഹനങ്ങളും പാർക്ക് ചെയ്ത് ഓരോ നിമിഷവും കാത്തിരിക്കുന്നു. പാർക്കുകളും വിനോദ കേന്ദ്രങ്ങളും മഴ പെയ്ത് പായൽ കയറി. എല്ലാം ഉടൻ ശരിയാകുമെന്ന പ്രതീക്ഷയിൽ ആറു മാസത്തോളമായി ജില്ലയിലെ ടൂറിസം മേഖല ദുരിതം തള്ളി നീക്കുന്നു. തട്ടുകട നടത്തുന്നവർ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകാർ വരെ കടുത്ത പ്രതിസന്ധിയിലാണ്. 

ഉരുൾപൊട്ടലിൽ തകർന്നത് മേപ്പാടി പഞ്ചായത്തിലെ രണ്ട് വാർഡുകൾ മാത്രമാണെങ്കിലും വയനാട് ജില്ല മുഴുവനും ദുരന്തമേഖലയായി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ജില്ലയുടെ ബാക്കി ഭാഗങ്ങളിലെല്ലാം സാധാരണ പോലെ തന്നെ ജീവിതം മുന്നോട്ടു പോകുന്നുണ്ട്. വിനോദസഞ്ചാര മേഖലയിലുണ്ടായ തിരിച്ചടിയാണ് ഇപ്പോൾ ജില്ല നേരിടുന്ന പ്രധാന പ്രതിസന്ധി. ഉരുൾപൊട്ടൽ ദുരന്തബാധിതരായ ആളുകൾക്ക് താൽക്കാലിക വീടും അത്യാവശ്യം സൗകര്യങ്ങളുമായി. പുനരധിവാസത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

The beautiful Ghat roads of Kerala hill station.
വയനാട് ചുരത്തിന്റെ ആകാശകാഴ്ച (ചിത്രം : മനോരമ)

ഉരുൾപൊട്ടലിന് പിന്നാലെ തകർന്നുപോയ ടൂറിസം മേഖലയെ തിരിച്ചുപിടിക്കാൻ കാര്യമായ യാതൊരു നീക്കവും നടക്കുന്നില്ല. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ കഴിഞ്ഞ ഫെബ്രുവരി മുതൽ അട‍ഞ്ഞു കിടക്കുകയാണ്. വേനലവധിക്കാലത്ത് ടൂറിസം മേഖലയിൽ 50 ശതമാനത്തോളം ഇടിവാണുണ്ടായത്. ഓണക്കാലത്ത് പ്രതീക്ഷയർപ്പിച്ചിരിക്കുമ്പോളാണ് ഉരുൾപൊട്ടൽ ദുരന്തം.

∙ പ്രതിസന്ധിക്കിടെ ഉരുൾപൊട്ടൽ

മാനന്തവാടി പാക്കത്ത് വനസംരക്ഷണ സമിതി ജീവനക്കാരനായ പോളിനെ കാട്ടാന കൊന്നതോടെയാണ് ഒറ്റയടിക്ക് വനംവകുപ്പിന്റെ കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടിയത്. വന്യമൃഗ ആക്രമണം പ്രതിരോധിക്കാനെന്ന കാരണം പറഞ്ഞ് ഫെബ്രുവരിയിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂട്ടി.

വയനാട്ടിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ പൂട്ടിയതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഏപ്രിൽ, മേയ് മാസങ്ങളാണ് പ്രധാന സീസൺ. ഇത്തവണ ഈ സീസണിൽ കാര്യമായ വരുമാനം ഉണ്ടാക്കാനായില്ല. ചൂരൽ മല ഉരുൾപൊട്ടിയതോടെ, കനത്ത മഴ മുൻനിർത്തി വയനാട്ടിലെ 90% വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് ബാണാസുര സാഗർ ഡാമും എടക്കൽ ഗുഹയുമെല്ലാം തുറന്നത്.

edakkal-cave
എടയ്ക്കൽ ഗുഹ (ചിത്രം : മനോരമ)

കോവിഡിനു ശേഷം വയനാട്ടിൽ ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി. ടൂറിസം കേന്ദ്രങ്ങളോടു ചേർന്ന് പെട്ടിക്കട മുതൽ പാർക്കിങ് കേന്ദ്രങ്ങൾ വരെ തുടങ്ങിയാണ് പലരും ജീവിതം മുന്നോട്ടുകൊണ്ടുപോയത്. വനംവകുപ്പിന്റെ കീഴിലെ വനസംരക്ഷണ സമിതി ജീവനക്കാർ മാത്രം അഞ്ഞൂറിലധികമുണ്ട്. റിസോട്ട്, ഹോം സ്റ്റേ നടത്തിപ്പുകാർ, ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ തുടങ്ങി പതിനായിരത്തിലധികം പേരാണ് ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ചു ജീവിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇവരെല്ലാം കടന്നുപോകുന്നത്. 

∙ തുറക്കണം എല്ലാ വാതിലുകളും

മഴയുടെ ശക്തി കുറഞ്ഞെങ്കിലും ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള നടപടികളായില്ല. എംഎൽഎമാർ ഉൾപ്പെടെയുള്ളവരുടെ സമ്മർദത്തെത്തുടർന്നാണ് കലക്ടർ ബാണാസുര സാഗർ ഡാം ഉൾപ്പെടെ തുറക്കാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയത്. എന്നാൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിന് യാതൊരു നീക്കവും ഉണ്ടായില്ല. കുറുവ ദ്വീപ്, തോൽപെട്ടി വന്യജീവി സങ്കേതം, ബ്രഹ്മഗിരി ട്രക്കിങ് കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മുനീശ്വരൻകുന്ന്, മുത്തങ്ങ വന്യജീവി സങ്കേതം എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് അടച്ചത്.

ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേസും കോടതിയിൽ നിലനിൽക്കുന്നുണ്ട്. വന്യജീവി ആക്രമണം രൂക്ഷമായതിനു പിന്നാലെ പ്രകൃതി സംരക്ഷണ പ്രവർത്തകർ കോടതിയെ സമീപിച്ചു. പിന്നീട്, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് കോടതി നിർദേശപ്രകാരം മാത്രമാകണമെന്ന് കോടതി നിർദേശിച്ചു. കേസിൽ വിധി പറയാത്തതു കാരണമാണ് ഇക്കോ ടൂറിസം കേന്ദ്രം തുറക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാൻ സാധിക്കാത്തത്.

ചൂരൽമലയ്ക്ക് തൊട്ടടുത്താണ് 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല. പിന്നീട് ഈ സ്ഥലം ടൂറിസം കേന്ദ്രമായി മാറി. ഉരുൾപൊട്ടി ഒഴുകിയ പുഴയ്ക്ക് കുറുകെ സിപ് ലൈൻ വന്നു. ഈ സ്ഥലത്തോട് ചേർന്ന് കടകളും വന്നു. ഇവിടേക്ക് ധാരാളം വിനോദ സഞ്ചാരികൾ എത്താൻ തുടങ്ങി. മുണ്ടക്കൈയും ചൂരൽമലയും അട്ടമലയും വിനോദ സഞ്ചാര കേന്ദ്രമായി വികസിക്കുന്നതിനിടെയാണ് ഉരുൾപൊട്ടലുണ്ടായത്.

വയനാട്ടുകാരുടെ പ്രധാന ഉപജീവന മാർഗമായ കൃഷി തകർന്നതോടെ ടൂറിസത്തിലൂടെയാണ് പലരും പിടിച്ചു നിന്നത്. മേപ്പാടിയിലെ ഒരു ചെറിയ സ്ഥലത്തുണ്ടായ ഉരുൾപൊട്ടൽ ജില്ലയുടെ വരുമാനത്തെ തന്നെ തകിടം മറിച്ചു. വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ വയനാടിന് നേരെ കണ്ണടയ്ക്കുകയാണ്. 

∙ ഓണക്കാലമായിട്ടും ബുക്കിങ്ങില്ല

ഓണക്കാലമായിട്ടും ഒറ്റ ബുക്കിങ് പോലും ഇതുവരെ വന്നില്ലെന്ന് മേപ്പാടിയിൽ ഹോംസ്റ്റേ നടത്തുന്ന ഗിരീഷ് പറഞ്ഞു. ‘‘സാധാരണ ഓണക്കാലത്തെ പത്ത് ദിവസത്തെ അവധിക്ക് എല്ലാ കോട്ടേജുകളും ഒരുമാസം മുമ്പ് തന്നെ ബുക്കിങ് ആകും. എന്നാൽ ഇക്കൊല്ലം ഇതുവരെ ഒറ്റ ബുക്കിങ് പോലും വന്നില്ല. കോട്ടേജ് ഉണ്ടോ എന്ന് ചോദിച്ച് ഫോൺ കോൾ പോലും വരുന്നില്ല. വായ്പ വാങ്ങിയും മറ്റുമാണ് ഹോംസ്റ്റേ നിർമിച്ചത്. ജീവനക്കാരിൽ ഭൂരിഭാഗം പേരെയും ഇതിനകം പിരിച്ചു വിട്ടു. കോട്ടേജുകൾ വൃത്തിയായി സൂക്ഷിക്കാൻ പോലും പണമില്ലാത്ത സാഹചര്യമാണ്’’–ഗിരീഷ് പറഞ്ഞു.   

∙ സർക്കാർ ഇടപെടൽ അനിവാര്യം

വയനാട്ടിൽ വരുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതര സംസ്ഥാനക്കാർ വന്നാലാണ് ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാകുന്നത്. വയനാട്ടിൽ വലിയ ദുരന്തമുണ്ടായെന്ന തരത്തിലാണ് മറ്റു സംസ്ഥാനങ്ങളിൽ വാർത്ത പ്രചരിച്ചത്. ടൂറിസം കേന്ദ്രങ്ങളെല്ലാം ഇപ്പോഴും അടഞ്ഞു കിടക്കുന്നുവെന്നാണ് അവിടെയുള്ളവർ കരുതുന്നത്. സർക്കാർ ഇടപെട്ട് മറ്റ് സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ പരസ്യങ്ങളും ക്യാംപെയ്നും നടത്തിയാൽ സഞ്ചാരികളെ തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് ടൂറിസ്റ്റ് ഗൈഡായ തോമസ് വാളായിൽ പറയുന്നത്.

കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വയനാട്ടിൽ ഒറ്റ കേന്ദ്രം പോലും തുറക്കാൻ അനുമതിയില്ല. സർക്കാർ അടിയന്തര പ്രാധാന്യം നൽകിയാൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളും തുറക്കാൻ സാധിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിൽ പതറിപ്പോയ ജില്ലയെ വീണ്ടും സാധാരണഗതിയിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ ടൂറിസം മേഖലയിൽ ശക്തമായ ഇടപെടൽ നടത്തിയേ മതിയാകൂ എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

English Summary:

Beyond the Landslide: Wayanad's Tourism Sector Struggles to Survive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com