‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ’: അന്ന് നിവിൻ കൊച്ചിയിൽ; കരാറും ഹോട്ടൽ രേഖകളും തെളിവുണ്ട്
Mail This Article
കോട്ടയം ∙ നടൻ നിവിൻ പോളിക്കെതിരായ പീഡന ആരോപണത്തിൽ പ്രതികരിച്ചു ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ നിർമാതാവും മെരിലാൻഡ് സിനിമാസിന്റെ ഉടമയുമായ വിശാഖ് സുബ്രഹ്മണ്യം. ഡിസംബർ 14ന് വിശാഖ് നിർമിച്ച ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നിവിൻ ഉണ്ടായിരുന്നുവെന്നാണു വെളിപ്പെടുത്തൽ. സിനിമയിൽ നിവിൻ പറഞ്ഞു ഹിറ്റായ ‘ഒറ്റയ്ക്കു വഴിവെട്ടി വന്നവനാടാ ഞാൻ’ എന്ന ഡയലോഗ് ഈ ദിവസമാണ് ചിത്രീകരിച്ചതെന്നും വിശാഖ് ‘മനോരമ ഓൺലൈനിനോട്’ വെളിപ്പെടുത്തി. ഡിസംബർ 14 നു ദുബായിൽ വച്ച് പീഡനം നടന്നെന്നാണു യുവതി ആരോപിച്ചത്.
‘‘ഡിസംബർ 1, 2, 3, 14 എന്നീ 4 ദിവസങ്ങളാണ് നിവിൻ എനിക്ക് ഡേറ്റ് നൽകിയത്. നിവിൻ ഒപ്പിട്ട കരാർ കയ്യിലുണ്ട്. 1,2,3 തീയതികളിൽ മൂന്നാറിലായിരുന്നു നിവിൻ അഭിനയിച്ച രംഗങ്ങളുടെ ഷൂട്ടിങ്. ഡിസംബർ 14ന് രാവിലെ 7.30 മുതൽ പിറ്റേ ദിവസം ഡിസംബർ 15 പുലർച്ചെ 2.30 വരെ നിവിൻ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. രാവിലെ എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ചിത്രീകരണം. 150 ജൂനിയർ ആർട്ടിസ്റ്റുകൾ അന്ന് നിവിനെ കണ്ടിട്ടുണ്ട്’’ – വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു.
‘‘നിവിന് വേണ്ടി ഡിസംബർ 14 ന് ക്രൗൺ പ്ലാസയിൽ റൂം എടുത്തിട്ടുണ്ട്. ഹോട്ടൽ രേഖകൾ പരിശോധിച്ചാൽ ആ തെളിവുകൾ കിട്ടും. എന്റെ പക്കലും അതിന്റെ രേഖകളുണ്ട്. സിനിമയിൽ നിങ്ങൾ കാണുന്ന ഒറ്റയ്ക്കു വഴി വെട്ടി വന്നവനാടാ ഞാൻ എന്ന നിവിന്റെ ഡയലോഗ് ക്രൗൺ പ്ലാസയിലെ റൂമിൽ അർധ രാത്രിയാണ് ചിത്രീകരിച്ചത്. 12.30നാണ് അത് ചിത്രീകരിച്ചതെന്നു നല്ല ഓർമയുണ്ട്. നിവിൻ ഇവിടെ ഉണ്ടായിരുന്നോ എന്ന് അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാലും അന്വേഷണ സംഘത്തിനു കണ്ടുപിടിക്കാവുന്നതേ ഉള്ളൂ.
നിവിന് പ്രൊഡക്‌ഷൻ കമ്പനിയായ മെരിലാൻഡിന്റെ പേരിൽ നേരത്തെ തന്നെ പ്രതിഫലം നൽകിയിരുന്നു. നിവിന്റെ അസിസ്റ്റന്റ്സിനു തൊട്ടടുത്ത ദിവസം തന്നെ ബാറ്റ ബാങ്ക് ട്രാൻസ്‍ഫർ ചെയ്തിരുന്നു. ഇതെല്ലാം ഡിസംബർ 14 എന്ന തീയതിയിലാണ് നടന്നിരിക്കുന്നത്. ക്രൗൺ പ്ലാസയില്‍ ഷൂട്ടിങ് നടക്കുന്നതിനിടയിൽ ഒരു നിമിഷം പോലും നിവിൻ മാറിനിന്നിട്ടില്ല. സംവിധായകൻ വിനീത് ശ്രീനിവാസൻ നിവിനൊപ്പം മുഴുവൻ സമയവും ഉണ്ടായിരുന്നു. 15ന് പുലർച്ചെ 2.30ന് ഷൂട്ടിങ് കഴിഞ്ഞ ശേഷം എല്ലാവരും ഫോട്ടോയെടുത്താണ് പിരിഞ്ഞത്. സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ലൊക്കേഷൻ ചിത്രങ്ങളും എടുത്തിട്ടുണ്ട്’’– വിശാഖ് വ്യക്തമാക്കി.
മലയാളത്തിലെ പേരുകേട്ട നിർമാണ കമ്പനിയായ മെരിലാൻഡ് നാലു പതിറ്റാണ്ടിനു ശേഷം നടത്തിയ തിരിച്ചുവരവിൽ പുറത്തിറക്കിയ രണ്ടാമത്തെ സിനിമയായിരുന്നു വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ ‘നിതിൻ മോളി’ എന്ന പേരിൽ അതിഥി താരമായാണ് നിവിൻ അഭിനയിച്ചതും കയ്യടി നേടിയതും.