‘മാർക്‌സിസ്‌റ്റുകൾക്കു പാർട്ടിയാണ് എല്ലാറ്റിന്റെയും അടിസ്‌ഥാനം; ബന്ധങ്ങളുടെയും’
Mail This Article
ഹോട്ടൽ മുറിയിലേക്കു വാതിൽ തുറന്നു തന്നത് പി.കെ. ബിജുവാണ്. അകത്തുകയറി ചുറ്റും നോക്കിയിട്ടും മുറിയിലെ യഥാർഥ താമസക്കാരനെ കാണാനില്ല. ഇനി, കാണാമെന്നു സമ്മതിച്ചു വിളിച്ചുവരുത്തിയിട്ടു കക്ഷി സ്ഥലം വിട്ടിരിക്കുമോ?
ബിജു നേരെ ബാൽക്കണിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടേക്കുള്ള ചില്ലുവാതിൽ അടച്ചാണ്. അതിനു മുന്നിലെ കർട്ടനും വിടർത്തിയിട്ടിരിക്കുന്നു. കർട്ടൻ നീക്കിയപ്പോൾ പുറത്തു പുക. ചില്ലുവാതിൽ സൈഡിലേക്കു വലിച്ചു തുറന്ന് ബിജു ഞങ്ങളെ പുറത്തെത്തിച്ചു. അവിടെയതാ, സിഗരറ്റു പുകപടലങ്ങൾക്കിടെ ചിരിച്ചുകൊണ്ടു നിൽക്കുന്നൂ കഥാനായകൻ – സീതാറാം യച്ചൂരി!
കണ്ടപാടേ സിഗരറ്റു പാക്കറ്റ് നീട്ടി ചോദിച്ചു, ‘ഡു യു സ്മോക്?’ ഇല്ലെന്നു പറഞ്ഞപ്പോൾ, ‘ഗുഡ്, ഡോണ്ട് സ്മോക്’ എന്ന് ഉപദേശം. ഒപ്പമുള്ള ഫൊട്ടോഗ്രഫർ റോക്കി ജോർജ് ക്യാമറ തുറന്ന് ക്ലിക്ക് ചെയ്തു. യച്ചൂരി പറഞ്ഞു, ‘അയ്യോ ഇതൊന്നും പബ്ലിഷ് ചെയ്തു കളയല്ലേ ചങ്ങാതീ!’
2008 ൽ കോട്ടയത്ത് സിപിഎം സംസ്ഥാന സമ്മേളനം നടക്കുകയായിരുന്നു. നഗരത്തിലെ ഹോട്ടലിലാണ് യച്ചൂരി താമസം. അദ്ദേഹത്തിന്റെ ആതിഥേയച്ചുമതല അന്ന് എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന കോട്ടയംകാരനായ പി.കെ ബിജുവിനായിരുന്നു. സമ്മേളനത്തിരക്കുകൾക്കിടെ, കാണാം എന്നു ബിജു വഴി സമ്മതിച്ചപ്പോഴേ യച്ചൂരി ഒരു നിബന്ധന വച്ചു: ‘കേരളത്തിലെ പർട്ടിക്കാര്യം ചോദിക്കരുത്. സമ്മേളനം നടക്കുമ്പോൾ അക്കാര്യം പറയുന്നതു ശരിയല്ല’.
കേരളത്തിലെ പാർട്ടിക്കാര്യം ഒരുപാടു ചോദിക്കാനുള്ള ഘട്ടമായിരുന്നു. വി.എസ് – പിണറായി സംഘർഷം അതിന്റെ പാരമ്യത്തിൽ. അവരിൽ വിഎസിനോടുള്ള യച്ചൂരിയുടെ പ്രിയം നാട്ടിലാകെ പാട്ട്. അദ്ദേഹം നിബന്ധന വയ്ക്കാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല.
നിന്നനിൽപിൽ രണ്ടോ മൂന്നോ സിഗരറ്റുകളുടെ പുകയ്ക്കലും വിശേഷം പറച്ചിലും കഴിഞ്ഞ്, അന്നത്തെ പൊളിറ്റ് ബ്യൂറോ അംഗം സംസാരിക്കാനിരുന്നു. മൂന്നാം മുന്നണിക്കായി അന്നു നടന്നിരുന്ന ചർച്ചകളിൽ ഊന്നിയായിരുന്നു പ്രധാനമായും സംഭാഷണം. സിപിഎമ്മിന്റെ നടക്കാനിരിക്കുന്ന 19 –ാം പാർട്ടി കോൺഗ്രസ് അതെക്കുറിച്ചു ചർച്ച ചെയ്യുമെന്നും നിശ്ചയിച്ചിരുന്നു.
തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ള, വെട്ടിയും മുറിച്ചുമൊട്ടിച്ച മൂന്നാം മുന്നണിയല്ല, നയങ്ങളിൽ അധിഷ്‌ഠിതമായ മൂന്നാം ബദലാണു വേണ്ടതെന്നായിരുന്നു യച്ചൂരിയുടെ നിലപാട്. അദ്ദേഹം പറഞ്ഞു: ‘വർഗീയവിരുദ്ധത, ജനവിരുദ്ധ സാമ്പത്തിക നയങ്ങളുടെ തിരസ്‌കാരം, സ്വതന്ത്രമായ വിദേശനയം – ഈ മൂന്നു നയങ്ങളുടെ അടിസ്‌ഥാനത്തിലുള്ള വ്യക്‌തമായ കാഴ്‌ചപ്പാടുള്ള ബദലാണു ലക്ഷ്യം. 2004ലെ തിരഞ്ഞെടുപ്പിലും ഇതേ നിലപാടാണുണ്ടായിരുന്നത്. എന്നാൽ, അന്നത്തെ ജനവിധിയുടെ കണക്ക് അതനുവദിച്ചില്ല. കോൺഗ്രസ് സർക്കാരിനെ പിന്തുണയ്‌ക്കേണ്ട സ്‌ഥിതിയായിരുന്നു അന്ന്. വർഗീയ ശക്‌തികളെ ഭരണത്തിൽനിന്നകറ്റി നിർത്തുകയായിരുന്നു അന്നത്തെ പ്രധാന ആവശ്യം. ഇത്തവണ രാഷ്‌ട്രീയ സൗകര്യത്തിനു വേണ്ടിയുള്ള മുന്നണിയല്ല ഉണ്ടാവുക.’
പഴയ മൂന്നാം മുന്നണി അപ്പോഴേക്ക് പലവഴി ചിതറിപ്പോയിരുന്നു. അന്നതിലുണ്ടായിരുന്ന മിക്ക കക്ഷികളും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെയോ ബിജെപി നയിക്കുന്ന എൻഡിഎയുടെയോ ഭഗമായിക്കഴിഞ്ഞിരുന്നു. മൂന്നാം മുന്നണി വന്നാൽ അതിന്റെ മിക്സ് എങ്ങനെയാകുമെന്നതു കൗതുകമായിരുന്നു. യച്ചൂരി പറഞ്ഞു: ‘വാജ്‌പേയി സർക്കാർ നിലനിന്നതു ബിജെപി അവരുടെ യഥാർഥ ഹിന്ദുത്വ അജൻഡ മാറ്റിവച്ചതു കൊണ്ടാണ്. തീവ്രഹിന്ദുത്വത്തിലേക്കു ബിജെപി മാറുമ്പോൾ സഖ്യകക്ഷികൾക്കു കൂടെ നിൽക്കാൻ കഴിയില്ല. അതുപോലെ ഉദാരവൽക്കൃത സാമ്പത്തികനയം അംഗീകരിച്ച പല പ്രാദേശിക കക്ഷികളും അത് പുനഃപരിശോധിക്കുകയണ്. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഒരു കലങ്ങിത്തെളിയലാണു സംഭവിക്കാനിരിക്കുന്നത്. കാര്യങ്ങൾ തെളിയുക തന്നെ ചെയ്യും.’
2009 ലെ തിരഞ്ഞെടുപ്പിൽ യച്ചൂരി ഉദ്ദേശിച്ച കലങ്ങിത്തെളിയൽ പൂർണമായി യാഥാർഥ്യമായില്ല. കോൺഗ്രസിന് സീറ്റെണ്ണം കൂടി. 2004ൽനിന്നു വ്യത്യസ്തമായി, ഇടതുകക്ഷികളുടെ പിന്തുണയില്ലാതെ യുപിഎ അധികാരം നിലനിർത്തി. പിന്നീടിന്നു വരെ ഇടതുകക്ഷികൾക്കോ മൂന്നാം മുന്നണിക്കോ ഭരണത്തെ സ്വാധീനിക്കാൻ പോന്ന ശക്തിയുണ്ടായില്ല!
ബംഗാളിലും കേരളത്തിലും 2008 ൽ ഇടതുമുന്നണി ഭരണമായിരുന്നു. കേരളത്തിലെ രാഷ്ട്രീയം ചോദിക്കുന്നതിൽ വിലക്കുണ്ടായിരുന്നെങ്കിലും ഭരണത്തെക്കുറിച്ചു ചോദിക്കാമായിരുന്നു. ഇങ്ങനെ ചോദിച്ചു: ‘ബംഗാളിലെയും കേരളത്തിലെയും ഇപ്പോഴത്തെ സർക്കാരുകൾ അധികാരത്തിൽ വരുമ്പോൾ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ബംഗാളിൽ പുതിയ മുഖ്യമന്ത്രി. കേരളത്തിൽ ഭീമമായ ഭൂരിപക്ഷം. പക്ഷേ, ഈ രണ്ടു സർക്കാരുകൾക്കും പല പ്രതിസന്ധികളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നു പോകേണ്ടി വന്നു. പാർട്ടിക്ക്, ഏതെങ്കിലും തലത്തിൽ ഈ സർക്കാരുകളുടെ പ്രവർത്തനത്തെക്കുറിച്ച് അതൃപ്‌തിയുണ്ടാവില്ലേ? പോരാ എന്ന തോന്നലില്ലേ?’
മറുപടി പ്രതീക്ഷിച്ചതു പോലെ തന്ത്രപരമായിരുന്നു: ‘ഞങ്ങൾ മാർക്‌സിസ്‌റ്റുകൾ പൊതുവേ എപ്പോഴും കൂടുതൽ മെച്ചപ്പെടുത്തണം എന്നു കരുതുന്നവരാണ്. ഞങ്ങളെത്തന്നെ കൂടുതൽ മികച്ചവരാക്കുകയാണു ലക്ഷ്യം. ആ അർഥത്തിലാണു സംസ്‌ഥാന സർക്കാരുകളെ ഞങ്ങൾ വിലയിരുത്തുന്നത്. ഇടതുപാർട്ടികൾ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഏറെ നിർണായകമായ ഒരു കാലഘട്ടമാണിത്. മുതലാളിത്ത, സാമ്രാജ്യത്വ ശക്‌തികളുടെ അജൻഡകൾ ഇന്ത്യയിൽ നടപ്പാകാത്തത് ഇടതുകക്ഷികളുടെ സാന്നിധ്യം കൊണ്ടാണ്. ഇതിൽ അസ്വസ്‌ഥരായവരുടെ തന്ത്രപരമായ എതിർപ്പാണ് ഇടതു സർക്കാരുകൾക്കെതിരെ ഇപ്പോൾ ഉണ്ടാകുന്നത്. നന്ദിഗ്രാമിൽ ആർഎസ്‌എസും മാവോയിസ്‌റ്റുകളും തൃണമൂലും ഇസ്‌ലാമിക തീവ്രവാദികളും കോർപറേറ്റ് മാധ്യമങ്ങളുമെല്ലാം ചേർന്ന വിചിത്രമായ കൂട്ടാണു സർക്കാരിനെതിരെ പ്രവർത്തിച്ചത്. അതെക്കുറിച്ചു സിപിഎം ബോധവാന്മാരാണ്; ജാഗരൂകരുമാണ്.’ സിപിഎം അതെക്കുറിച്ച് അത്രകണ്ട് ജാഗരൂകരോ സ്വയം വിമർശന സന്നദ്ധരോ ആയിരുന്നോ എന്ന സംശയത്തിന് പിന്നീട് ബംഗാളിൽ ചുരളഴിഞ്ഞ രാഷ്ട്രീയകാലം അടിവരയിടുന്നത് നമ്മൾ കണ്ടു.
ബംഗാൾ സർക്കാരിനെതിരെ യച്ചൂരി പറഞ്ഞ കൂട്ടിനു സമാനമായ ആരെങ്കിലും കേരളത്തിലെ ഇടതു സർക്കാരിനെതിരെയും പ്രവർത്തിക്കുന്നുണ്ടോ, അതിൽ ക്രൈസ്തവ സഭകളുമുണ്ടോ എന്നു ചോദിച്ചു. യച്ചൂരി പറഞ്ഞു: ‘കമ്യൂണിസവും ക്രൈസ്‌തവ സഭകളുമായുള്ള പോരാട്ടങ്ങളുടെ ഒരു ഭൂതകാലമുണ്ട് കേരളത്തിൽ. അതൊക്കെ പിന്നീടു പരിഹരിക്കപ്പെട്ടതാണ്. സഭകളുമായി പോരാടാൻ സിപിഎം ആഗ്രഹിക്കുന്നതേയില്ല. ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ നിലകൊള്ളുന്നതു സിപിഎം ആണെന്നു ക്രൈസ്‌തവസഭകൾ മനസ്സിലാക്കണം. ഒഡിഷയിൽ പള്ളികൾ ആക്രമിക്കപ്പെട്ടപ്പോൾ ഞാനവിടെ പോയിരുന്നു. ന്യൂനപക്ഷ സംരക്ഷണവും മതേതര ജനാധിപത്യവും സിപിഎമ്മിനു വെറും മുദ്രാവാക്യമല്ല. ആശയപരമായ ഉറച്ച നിലപാടാണ്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ രൂപതയായ റാഞ്ചിയുടെ ജൂബിലി ആഘോഷങ്ങളിൽ വിമോചന ദൈവശാസ്‌ത്രത്തെക്കുറിച്ചു പേപ്പർ അവതരിപ്പിക്കാൻ എന്നെയാണു വിളിച്ചത്. അതു പിന്നീട് രൂപതയുടെ മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ദൈവത്തിനുള്ളതു ദൈവത്തിന്, സീസറിനുള്ളതു സീസറിന്.’
കേരളത്തിലെ പാർട്ടി രാഷ്‌ട്രീയം പറ്റില്ലെങ്കിലും മറ്റൊന്ന് ചോദിക്കാമായിരുന്നു. അതു ചോദിച്ചു: ‘ഇവിടത്തെ നേതാക്കളിൽ ആരുമായാണ് കൂടുതൽ അടുപ്പം?’ ആ ചോദ്യത്തിന്റെ കുരുക്കിൽ വീഴാതെ നിഷ്കളങ്കമായി യച്ചൂരി പറഞ്ഞു: ‘ഇഎംഎസുമായി വലിയ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരുപാടു യാത്ര ചെയ്‌തിട്ടുണ്ട്. ഇപ്പോൾ വിഎസും പിണറായിയുമൊക്കെയായി അടുപ്പമുണ്ട്. എന്റെ കാലത്ത് എസ്‌എഫ്‌ഐയിലുണ്ടായിരുന്നവരാണ് ഇപ്പോൾ ഇവിടെയുള്ള പലരും: ഇ.പി. ജയരാജനും ഞാനും ഒരുമിച്ചാണ് 1980 ൽ ആദ്യമായി സോവിയറ്റ് യൂണിയനിൽ പോകുന്നത്. എം.എ.ബേബിയോടൊപ്പം മൂന്നാം ക്ലാസ് ട്രെയിൻ കംപാർട്ട്‌മെന്റുകളിൽ എത്രയോ യാത്രകൾ പോയി. എ.കെ.ബാലൻ, തോമസ് ഐസക്, കോടിയേരി... ഞങ്ങളൊക്കെ എസ്‌എഫ്‌ഐ കാലം മുതലേ ഒരുമിച്ചുള്ളവരാണ്....’
പ്രകാശ് കാരാട്ടായിരുന്നു അന്നു പാർട്ടി ജനറൽ സെക്രട്ടറി. ഇരുവരും ജെഎൻയുവിൽ പഠിച്ചവർ. ‘ഒരേ ക്യാംപസിൽനിന്നുള്ളവർ എന്ന നിലയിൽ രാഷ്‌ട്രീയത്തിനപ്പുറമുള്ള ബന്ധമെന്താണ്?’ എന്നു ചോദിച്ചു. യച്ചൂരി പറഞ്ഞു: ‘ക്യാംപസിൽനിന്നു നേതാക്കളുണ്ടാകുന്നതു സ്വാഭാവികമാണ്. ക്യാംപസ് ആശയങ്ങളുടെ ഒരു സംഘട്ടനവേദിയായിരുന്നു, എല്ലാക്കാലത്തും. എഴുപതുകളിലെ ക്യാംപസ് തലമുറ, സ്വാതന്ത്യ്രത്തിനു ശേഷം എവിടെയാണു നമുക്കു തെറ്റു സംഭവിച്ചത്? എന്നന്വേഷിച്ചവരുടേതായിരുന്നു. ആ പശ്‌ചത്താലത്തിൽനിന്നാണു കാരാട്ടും ഞാനും വരുന്നത്. 35 വർഷമായി ഞങ്ങൾ പാർട്ടിയിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു. പൊതുവേ മാർക്‌സിസ്‌റ്റുകൾക്കു പാർട്ടിയാണ് എല്ലാറ്റിന്റെയും എല്ലാ അടിസ്‌ഥാനം; ബന്ധങ്ങളുടെയും.