ടിക്കറ്റെടുത്ത് സംഗീതനിശയ്ക്ക് കയറി, അടിച്ചുമാറ്റി നാടുവിട്ടു; കാണാതായത് 22 ഐഫോണുകൾ: ‘മോഷണം ആസൂത്രിതം’
Mail This Article
കൊച്ചി ∙ പ്രശസ്ത സംഗീതജ്ഞൻ അലൻ വാക്കർ ബോൾഗാട്ടിയിൽ നടത്തിയ സംഗീത നിശക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതം. മോഷണം നടക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് കരുതിയിരുന്ന ആൾക്കൂട്ടത്തിന്റെ പക്കൽ നിന്നാണ് 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും മോഷ്ടിക്കപ്പെട്ടത്. ഇതിനു പിന്നിൽ വൻനഗരങ്ങളിലെ പരിപാടികള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടങ്ങിയെന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടു പോകുമെന്നും കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന മുളവുകാട് എസ്എച്ച്ഒ വി.എസ്.ശ്യാംകുമാർ മനോരമ ഓൺലൈനോട് പറഞ്ഞു. മോഷണത്തിന്റെ രീതി പരിശോധിച്ചതിൽനിന്ന് സംഘടിത കുറ്റകൃത്യം ആണെന്ന നിഗമനത്തിലാണ് പൊലീസ്. ഫോണ്‍ നഷ്ടപ്പെട്ടവരിലൊരാൾ അതിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നെടുമ്പാശേരിയിൽ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പൊലീസ് സംഘം ഇവിടെ എത്തിയപ്പോഴേക്കും ലൊക്കേഷൻ മുംബൈ ആയി മാറി. വിമാനത്തിലും ട്രെയിനിലും സംഘം കൊച്ചി വിട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മൊബൈലുകൾ വീണ്ടെടുക്കുന്നതിനായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ മുംബൈയിലേക്കു തിരിച്ചിട്ടുണ്ട്.
മോഷണത്തിനു പിന്നിൽ വലിയ ആസൂത്രണം നടന്നിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ തെളിയിക്കുന്നത്. പണം മുടക്കി പരിപാടിക്ക് ടിക്കറ്റെടുത്ത ശേഷം കൊച്ചിയിലെത്തി മോഷണം നടത്തുകയും അപ്പോൾ തന്നെ നഗരം വിടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ഇതേ മാതൃകയിൽ മുമ്പ് മുംബൈയിലും ഡൽഹിയിലും ബെംഗളുരുവിലുമെല്ലാം മോഷണം നടന്നിട്ടുണ്ട്. എന്നാൽ ഇതിെലാന്നും തന്നെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.
കൊച്ചിയില്‍ മോഷണം നടക്കാൻ യാതൊരു സാധ്യതയും സങ്കൽപ്പിച്ചിട്ടില്ലെന്നാണ് ഫോൺ നഷ്ടപ്പെട്ടവരിൽ ഒരാൾ പറയുന്നത്. വിഐപി ഏരിയയിൽ നിന്നാണ് അവ നഷ്ടപ്പെട്ടിട്ടുള്ളത്. സംഗീതപരിപാടി അവസാനിക്കുന്നതിനു മുമ്പ് ചെറിയ തോതിൽ മഴ പെയ്തിരുന്നു. ഇതിനു പിന്നാലെ പരിപാടിയുടെ വിഡിയോ പകർത്തിയ ശേഷം മൊബൈൽ പോക്കറ്റിലിട്ടത് ഓർമയുണ്ടെന്നും ഫോൺ നഷ്ടപ്പെട്ട ആൾ പറയുന്നു. തിരിച്ച് വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ഫോൺ നഷ്ടപ്പെട്ട വിവരമറിയുന്നത്. പിന്നീട് പൊലീസുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയെങ്കിലും മൊബൈൽ മുംബൈയിലെത്തി എന്നാണ് അറിഞ്ഞത്. കൈയിൽനിന്ന് മൊബൈൽ ബലമായി പിടിച്ചെടുത്ത സംഭവവും ഇതിനിടയിൽ നടന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.