സംഗീത നിശയെ ലക്ഷ്യമിട്ടു സംഘടിത മോഷ്ടാക്കള്‍, നഷ്ടമായത് ലക്ഷങ്ങളുടെ ഫോണുകൾ; വീണ്ടെടുക്കാൻ കഴിയുമോ?
Mail This Article
കൊച്ചിയിലെ സംഗീത നിശക്കിടെ മൊബൈലുകൾ മോഷ്ടിക്കപ്പെട്ട സംഭവത്തോടെ ഇത്തരം ആഘോഷപരിപാടികൾ ലക്ഷ്യമിട്ടെത്തുന്ന ആസൂത്രിത സംഘങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയാണ് പൊലീസ്. എന്നാൽ ഇത്തരം ആഘോഷ രാവുകൾക്കിടയിലെ മോഷണം ഇതാദ്യമല്ല. പല സംഭവങ്ങളിലെയും പ്രതികളെ പിടിക്കാനോ, അല്ലെങ്കിൽ നഷ്ടമായ ഫോണുകൾ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്നത് ആശങ്കയുയർത്തുന്നതാണ്.
കൊച്ചിയിലെ സംഗീത പരിപാടികൾക്കിടയിൽനിന്നും ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മുൻപ് നടന്ന ചില സംഭവങ്ങൾ പരിശോധിക്കാം.
'സംഗീതനിശയുടെ ലഹരിയിൽ ഒരുപക്ഷേ ഫോണിൽനിന്നും വഴുതി വീണതാകാം'- മുൻപ് നടന്ന പല സംഭവങ്ങളിലും ആദ്യഘട്ടത്തിൽ പരാതിയുമായി എത്തിയവരോടു പൊലീസ് പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. എന്നാൽ നൂറിലധികം സംഭവങ്ങള്‍ വിവിധ ഘട്ടത്തിൽ ഉണ്ടായതോടെ ഇതൊരു രാജ്യവ്യാപകമായ ആസൂത്രണ കുറ്റകൃത്യമാണെന്ന നിഗമനത്തിലാണ് അധികൃതർ.
3000 രൂപ വരെ ടിക്കറ്റ് നിരക്ക് വരുന്ന വിഐപി ഏരിയകളില്‍നിന്നാണ് ഈ ഫോണുകളിൽ പലതും മോഷണം പോയതെന്നാണ് യാഥാർഥ്യം. വലിയ ലാഭമുള്ള ഒരു ചൂതാട്ടമാണ് മോഷ്ടാക്കള്‍ നടത്തുന്നതെന്ന് വ്യക്തം. വിഐപി ഏരിയായിൽ നിന്നും മോഷണം പോയതെല്ലാം ലക്ഷങ്ങള്‍ വിലയുള്ള ഫോണുകളാണ്.
വലിയ ജനക്കൂട്ടം, വൻ ആവേശം, ഉയർന്ന ശബ്ദം
വലിയ ജനക്കൂട്ടം, വൻ ആവേശം, ഉയർന്ന ശബ്ദം എന്നിവയെല്ലാം മോഷ്ടാക്കൾക്ക് ഇരകളുടെ ശ്രദ്ധതിരിയാൻ കാരണമാകുന്നു, പലപ്പോഴും ഇരകൾ വളരെ വൈകിയായിരിക്കും ഫോണുകള്‍ നഷ്ടമാകുന്നത് അറിയുന്നത് തന്നെ. സാമ്പത്തിക നഷ്ടത്തിനു പുറമെ മോഷ്ടിക്കപ്പെട്ട ഫോണുകളിൽ കോൺടാക്റ്റുകൾ, ഫോട്ടോകൾ, സാമ്പത്തിക വിശദാംശങ്ങൾ എന്നിവ പോലുള്ള തന്ത്രപ്രധാനമായ വ്യക്തിഗത വിവരങ്ങൾ നഷ്ടമാകുന്നത് വൈകാരിക ക്ലേശങ്ങൾക്കും കാരണമാകും.
രാജ്യ തലസ്ഥാനത്തെ കണക്കു നോക്കിയാൽ 2022ൽ മൊബൈലുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്തത് 2.8 ലക്ഷം കേസുകളാണ്, എന്നാല്‍ ഇത് 2023ല്‍ 3. 4 ലക്ഷമായി ഉയർന്നു. ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റിന് CEIR പോർട്ടലും ഉണ്ട് (സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി റജിസ്റ്റർ) മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിനായി ഈ സംവിധാനം ഉപയോഗിക്കാനാവും.
വാങ്ങുന്ന മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടതല്ലെന്ന് ഉറപ്പാക്കാനും ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി റജിസ്റ്റര്‍ ചെയ്യാനും കഴിയും. ഫോൺ നഷ്ടപ്പെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഫോണിനെക്കുറിച്ചുളള വിവരങ്ങളടക്കം പരാതി നല്‍കിയ ശേഷം പുതിയ വെബ്‌സൈറ്റില്‍ സ്വയം പരാതി റജിസ്റ്റര്‍ ചെയ്യണം. സെന്‍ട്രല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി റജിസ്റ്റര്‍ (സിഇഐആര്‍) എന്ന പേരിലാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍ ഉള്ള ഫോണുകളാണ് പുതിയ വെബ്‌സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക.
ഞെട്ടിക്കുന്ന കണക്കുകളാണ്, CEIR പോർട്ടൽ നൽകുന്നത്. കേരളത്തിൽനിന്നും നഷ്ടമായ 32,311 മൊബൈലുകൾ ബ്ലോക് ചെയ്തതായും 19,411 ട്രേസ് ചെയ്തതായും കണക്കുകളുണ്ടെങ്കിലും ആകെ തിരികെ കിട്ടിയത് 3930 എണ്ണം മാത്രമാണെന്നത് വ്യക്തമാകുമ്പോഴാണ് സംവിധാനങ്ങളുടെ പരിമിതി മനസിലാകുക.
മുൻകരുതൽ എടുക്കാം
ഫൈൻഡ് മൈ ഡിവൈസ് പോലുള്ള ട്രാക്കിങ് ടൂളുകൾ ഉപയോഗിക്കാനാകും. ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ എല്ലാ ആൻഡ്രോയിഡ് ഉപകരണങ്ങളിലും, സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കൂടാതെ സ്‌മാർട്ട് വാച്ചുകൾ പോലും തടസ്സമില്ലാതെ ട്രാക്ക് ചെയ്യാനാകും. ഫോണിന് ഒരു സജീവ ഇന്റർനെറ്റ് കണക്ഷൻ ഉള്ളിടത്തോളം (മൊബൈൽ ഡാറ്റ അല്ലെങ്കിൽ വൈഫൈ) മാപ്പിൽ അതിന്റെ കൃത്യമായ ലൊക്കേഷൻ കാണാനാകും.ഫോൺ ഓഫ്‌ലൈനാണെങ്കിൽ പോലും, അത് ഓഫ്‌ലൈനിലേക്ക് പോകുന്നതിന് മുൻപ് അതിന്റെ അവസാനത്തെ ലൊക്കേഷൻ കാണാനാകും. എന്നാൽ ഈ സംവിധാനങ്ങൾക്കെല്ലാം പരിമിതികളും ഉണ്ടെന്ന് അറിഞ്ഞിരിക്കുക.
സജീവ കണക്ഷനുണ്ടെങ്കിൽ ഇതെല്ലാം ചെയ്യാം
∙റിങ്ടോൺ പ്ലേ ചെയ്യാം: ഫോൺ കണ്ടെത്താനാകുന്നില്ലേ? സൈലന്റ് മോഡിൽ ആണെങ്കിലും, അത് വേഗത്തിൽ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന്, എവിടെയിരുന്നും റിങ്ടോൺ പ്ലേ ചെയ്യാനാകും.സൈലന്റിൽ ആണെങ്കിലും പ്രവർത്തിക്കും.
∙ഫോൺ സുരക്ഷിതമാക്കുക: ഡാറ്റയിലേക്കുള്ള അനധികൃത ആക്‌സസ് തടയാൻ ഒരു പിൻ അല്ലെങ്കിൽ പാസ്‌വേഡ് ഉപയോഗിച്ച് വിദൂരമായി ലോക്ക് ചെയ്യാനാകും.
∙ഡാറ്റ മായ്‌ക്കുക: ഇനി ഫോൺ വീണ്ടെടുക്കാനാവില്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, സ്വകാര്യത പരിരക്ഷിക്കുന്നതിനും വിവരങ്ങൾ ചോരുന്നത് തടയുന്നതിനും എല്ലാ ഡാറ്റയും വിദൂരമായി മായ്‌ക്കുക.അധിക സവിശേഷതകൾ:
അഥവാ ഫോൺ നഷ്ടമായാൽ
പൊലീസിൽ പരാതി നൽകുക, സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക, സ്വാകാര്യ വിവരങ്ങൾ ഫോണിൽ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്.
നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന 'സഞ്ചാർ സാഥി'
ഫോൺ നഷ്ടപ്പെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഫോണിനെക്കുറിച്ചുളള വിവരങ്ങളടക്കം പരാതി നല്‍കിയ ശേഷം പുതിയ വെബ്‌സൈറ്റില്‍ പരാതി റജിസ്റ്റര്‍ ചെയ്യണം. സെന്‍ട്രല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി റജിസ്റ്റര്‍ (സിഇഐആര്‍) എന്ന പേരിലാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍ ഉള്ള ഫോണുകളാണ് പുതിയ വെബ്‌സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക.
ഫോണിൽ ഉടമയുടെ സ്വകാര്യവിവരങ്ങളടക്കം ധാരാളം ഡേറ്റയുണ്ടാവാം. ഫോണ്‍ നഷ്ടപ്പെട്ടു എന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റല്‍ കോപ്പിയും ചേര്‍ത്തു വേണം വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാന്‍. ഇതിനൊപ്പം ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന സിംകാര്‍ഡിലെ നമ്പറും (ഫോണ്‍ നമ്പര്‍) ഇമെയില്‍ വിലാസവും നല്‍കി റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നഷ്ടപ്പെട്ട ഫോണ്‍ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താം. ഒടിപി ലഭിക്കാനായി, പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു ഫോണ്‍ നമ്പറും നല്‍കണം.
∙ ഐഎംഇഐ നമ്പര്‍ എങ്ങനെ കണ്ടുപിടിക്കും?ഐഎംഇഐ നമ്പര്‍ ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ച ബില്ലിലും ബോക്‌സിലും ഉണ്ടായേക്കാം. അവ കൈമോശം വന്നെങ്കില്‍ ഫോണില്‍ ഇങ്ങനെ ഡയല്‍ ചെയ്യുക-*#06#.
∙ വ്യാജ മൊബൈല്‍ ഫോണ്‍ കയ്യില്‍ എത്താതിരിക്കാനും പ്രയോജനപ്പെടുത്താം
വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍നിന്നും സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ കടകളില്‍നിന്നും ഫോണ്‍ വാങ്ങുന്നതിനു മുൻപ് പുതിയ വെബ്‌സൈറ്റും സേവനങ്ങളും പ്രയോജനപ്പെടുത്താം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന്റെ ഐഎംഇഐ നമ്പര്‍ വെബ്‌സൈറ്റില്‍ കൊടുക്കുക. അത് ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടതാണോ, ഡ്യൂപ്ലിക്കേറ്റ് ആണോ, ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്നതാണോ എന്നൊക്കെ മനസ്സിലാക്കാന്‍ അതുവഴി സാധിക്കും.
∙ അണ്‍ബ്ലോക്ക് ചെയ്യാനും വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താം
നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക് ചെയ്ത ശേഷം തിരിച്ചു കിട്ടിയാല്‍ അത് അണ്‍ബ്ലോക് ചെയ്യാനും സിഇഐആര്‍ വെബ്‌സൈറ്റ് വഴി സാധിക്കും. റിക്വെസ്റ്റ് ഐഡി, മൊബൈല്‍ നമ്പര്‍, എന്തു കാരണത്താലാണ് അണ്‍ബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ ചോദിക്കും. സിഇഐആര്‍ വഴി ബ്ലോക്് ചെയ്ത ഫോണ്‍ അണ്‍ബ്ലോക് ചെയ്യാതെ ഉടമയ്ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല.