വാങ്ങിയത് 24,000 രൂപയുടെ പടക്കം, പൊട്ടിച്ചത് ചൈനീസ് പടക്കങ്ങൾ: രണ്ടു പേർ കസ്റ്റഡിയിൽ
Mail This Article
നീലേശ്വരം∙ കാസർകോട് നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും പൊലീസ് കസ്റ്റഡിയിൽ. 24,000 രൂപയുടെ പടക്കങ്ങളാണ് വാങ്ങിയിരുന്നതെന്ന് ക്ഷേത്രം കമ്മിറ്റിക്കാർ പൊലീസിനെ അറിയിച്ചു. ഇതിന്റെ ബില്ലും അവർ പൊലീസിനു കൈമാറിയിട്ടുണ്ട്. വെടിക്കെട്ട് പുരയ്ക്കു സമീപം നിന്നവർക്കാണ് പരുക്കേറ്റിരിക്കുന്നത്.
അപകടം ഇങ്ങനെ:
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ തോറ്റം ഇന്നലെ രാത്രി 12 മണിക്കാണ് പുറത്തേക്കു വന്നത്. ആ തോറ്റത്തിന്റെ തട്ടുകൊള്ളാതിരിക്കാൻ വേണ്ടി സ്ത്രീകളുൾപ്പെടെയുള്ളവർ സമീപമുള്ള ഷെഡിനകത്താണ് നിന്നത്. ഈ ഷെഡിനകത്തായിരുന്നു പടക്കങ്ങൾ വച്ചിരുന്നത്. 24,000 രൂപയുടെ പടക്കമാണ് ക്ഷേത്രക്കമ്മിറ്റി വാങ്ങിവച്ചിരുന്നത്. ഇതിന്റെ ബിൽ അവർ പൊലീസിൽ ഹാജരാക്കിയിട്ടുണ്ട്.
തോറ്റത്തിന്റെ പുറപ്പാട് സമയത്ത് ചൈനീസ് പടക്കമാണ് പൊട്ടിച്ചത്. ഇതു പൊട്ടിച്ചപ്പോൾ ഒരു ഗുണ്ട് പൊട്ടുകയും അതു സ്ത്രീകൾനിന്ന ഷെഡിന്റെ മുകളിൽപ്പോയി വീഴുകയും ചെയ്തു. അതിനകത്ത് തീപ്പൊരി വീഴുകയും മുഴുവൻ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് അകത്തുണ്ടായിരുന്നത്. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്.