എസ്എഫ്ഐയിൽനിന്ന് ബിജെപി വഴി കോൺഗ്രസിലേക്ക്; അണികളുടെ ലൈക്കുകൾ വാരിക്കൂട്ടിയ വാരിയർ
Mail This Article
കോട്ടയം∙ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ക്ലാസുകളിൽ സജീവമായി പങ്കെടുത്ത ബാല്യമായിരുന്നു സന്ദീപ് വാരിയരുടേത്. സമര യൗവന കാലത്ത് സന്ദീപ് കറകളഞ്ഞ എസ്എഫ്ഐക്കാരൻ. ഇടതുപക്ഷ ചിന്താഗതിക്കാരനായ അച്ഛൻ ഷൊർണൂരിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു. ചെത്തല്ലൂർ എൻഎൻഎൻഎം യുപി സ്കൂൾ പ്രധാനാധ്യാപികയായിരുന്ന അമ്മയാകട്ടെ കോൺഗ്രസുകാരിയും. അടൽ ബിഹാരി വാജ്പേയിയുടെ കവിത പോലെയുള്ള പ്രസംഗങ്ങളിൽ ആകൃഷ്ടനായാണ് സന്ദീപ് ബിജെപിയിലേക്ക് എത്തുന്നത്. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ചു നടന്ന പയ്യൻ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ തുടങ്ങി. കംപ്യൂട്ടർ ഡിപ്ലോമാധാരിയായ സന്ദീപ് കംപ്യൂട്ടർ വഴി തന്നെയാണ് സംസ്ഥാനമൊട്ടാകെയുള്ള ബിജെപി പ്രവർത്തകരുടെ ആരാധാനാപാത്രമാകുന്നത്. സമൂഹമാധ്യമത്തിലെ എഴുത്തും ഭാഷാ പ്രയോഗവും സന്ദീപിനെ അതിവേഗം വളർത്തി.
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സന്ദീപിന്റെ എഴുത്തുകൾ സമൂഹമാധ്യമങ്ങളിലെ ബിജെപി പ്രവർത്തകർ ഒന്നാകെ ഏറ്റെടുത്തു. വൈകാതെ ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും ബിജെപിയുടെ മുഖമായി സന്ദീപ് വാരിയർ മാറി. രാഷ്ട്രീയത്തിൽ സന്ദീപിന്റേത് പെട്ടെന്നുള്ള വളർച്ചയായിരുന്നു. പാർട്ടിക്കുള്ളിലെ സന്ദീപിന്റെ വളർച്ചയിൽ ബിജെപിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 39–ാം വയസ്സിൽ ഷൊർണൂരിൽ നിന്നു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2020ൽ പാർട്ടിയുടെ സംസ്ഥാന വക്താവായ സന്ദീപ്, യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബിജെപി ഒറ്റപ്പാലം നിയോജകമണ്ഡലം സെക്രട്ടറി, ബിജെപി വീവേഴ്സ് സെൽ ദേശീയ നിർവാഹക സമിതി അംഗം, ഓൾ ഇന്ത്യ ഹാൻഡ് ലൂം ബോർഡ് അംഗം എന്നീ ചുമതലകൾ വഹിച്ചു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ അണികൾ ആവേശത്തോടെ ലൈക്കടിച്ച് വരുന്നതിനിടെയാണ് വിവാദങ്ങളുടെ തുടക്കം.
ഹലാൽ വിവാദത്തോടെ പാർട്ടി നേതൃത്വവും സന്ദീപ് വാരിയരും അകന്നു തുടങ്ങി. ഹോട്ടലുകളിൽ ഹലാൽ ബോർഡ് വയ്ക്കുന്നത് നിസ്സാര കാര്യമല്ലെന്നും, പിന്നിൽ കൃത്യമായ അജൻഡയുണ്ടെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ പ്രതികരണം. ഹലാൽ വിവാദം സംസ്ഥാന ബിജെപി കത്തിച്ചുവരുന്നതിനിടെ സന്ദീപ് വാരിയരുടെ പോസ്റ്റ് നേതൃത്വത്തെ വെട്ടിലാക്കി. വികാരമല്ല, വിവേകമാണ് ഇത്തരം വിവാദങ്ങളിൽ നയിക്കേണ്ടതെന്നായിരുന്നു സന്ദീപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ‘‘ഹിന്ദുവിനും മുസ്‌ലീമിനും പരസ്പരം ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ല. സ്ഥാപനം തകർക്കാൻ ഒരു പോസ്റ്റ് മതിയാകും, പക്ഷേ സ്ഥാപനം തകർന്നാൽ പട്ടിണിയിലാകുന്നത് അനേകം പേരാണ്’’ – എന്നായിരുന്നു സന്ദീപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. പോസ്റ്റിനു പൊതുസമൂഹത്തിൽ വലിയ കയ്യടി കിട്ടിയെങ്കിലും ബിജെപിയിൽ എതിർപ്പുയർന്നു. ഇതോടെ സന്ദീപിനു പോസ്റ്റ് പിൻവലിക്കേണ്ടി വന്നു.
ഇതിനു പിന്നാലെ ചാനൽ ചർച്ചകളിൽ സന്ദീപിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി. സന്ദീപ് വാരിയർക്കെതിരെ ഗൗരവമേറിയ പരാതികൾ നേതൃത്വത്തിന് കിട്ടിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. വ്യക്തിപരമായ വിവാദങ്ങളിൽ അടക്കം ചെന്നുപെട്ട സന്ദീപിനെ വക്താവ് സ്ഥാനത്ത് നിന്നും നീക്കി. ആദ്യം രാജ്യം, രണ്ടാമത് പാർട്ടി, സ്വയം പിന്നീട് എന്നാണ് നിലപാട് എന്നായിരുന്നു അന്ന് സന്ദീപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്നേ സന്ദീപ് വാരിയരെ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയുടെ സഹ പ്രഭാരി സ്ഥാനം വഹിച്ച സന്ദീപ് സുരേന്ദ്രനു വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു.
സന്ദീപ് പാലക്കാട് സ്ഥാനാർഥിത്വം ആഗ്രഹിച്ചിരുന്നു. സി.കൃഷ്ണകുമാറിനു പകരം സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ മണ്ഡലത്തിൽ മത്സരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കൃഷ്ണകുമാർ തന്നെ സ്ഥാനാർഥിയായി എത്തിയതോടെ സന്ദീപ് ബിജെപിയുമായി മാനസികമായി അകന്നു. കൺവൻഷന് കസേര ലഭിക്കാതെ ആയതോടെ അകൽച്ച സമ്പൂർണമായി. അപ്പോഴേക്കും സന്ദീപിനെ വരവേൽക്കാൻ കസേരയുമായി സിപിഎമ്മും സിപിഐയും തയാറായിരുന്നു. എന്നാൽ ക്ലൈമാക്സിൽ സന്ദീപ് വന്നിരുന്നതാകട്ടെ കോൺഗ്രസിന്റെ കസേരയിലും.