ADVERTISEMENT

മുംബൈ ∙ ‘യഥാർഥ ശിവസേനയും എൻസിപിയും’ ഏതെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ഉത്തരമായി. പരസ്പരം ഏറ്റുമുട്ടിയ 50 നിയമസഭാ മണ്ഡലങ്ങളിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷം 36 മണ്ഡലങ്ങളിലാണ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തെ പരാജയപ്പെടുത്തിയത്. 14 മണ്ഡലങ്ങളിൽ ഉദ്ധവ് പക്ഷത്തിനായിരുന്നു ജയം.

മഹായുതി സഖ്യത്തിൽ ഷിൻഡെ പക്ഷം ആകെ മത്സരിച്ച 81 സീറ്റുകളിൽ 57 ഇടങ്ങളിൽ ജയിച്ചു. അതേസമയം, മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ ഉദ്ധവ് താക്കറെ വിഭാഗം ആകെ മത്സരിച്ച 95 സീറ്റുകളിൽ 20 മണ്ഡലങ്ങളിൽ മാത്രമാണ് ജയിച്ചത്. നിലവിൽ എംഎൽഎമാരായ ഭൂരിപക്ഷം പേർക്കും ഷിൻഡെ പക്ഷം വീണ്ടും മത്സരിക്കാൻ അവസരം നൽകുകയും അവർ ജയിച്ചുകയറുകയും ചെയ്തു.

ശിവസേന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 2022 ജൂണിലാണ് ഏക്നാഥ് ഷിൻഡെ പാർട്ടി പിളർത്തി ബിജെപിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച് മുഖ്യമന്ത്രിപദത്തിലെത്തിയത്. ബിജെപിയോട് കൈകോർത്ത ഷിൻഡെ വിഭാഗത്തെയാണ് യഥാർഥ ശിവസേനയായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും മഹാരാഷ്ട്ര സ്പീക്കറും അംഗീകരിച്ചത്. ശിവസേനയെന്ന പേരും അമ്പും വില്ലും ചിഹ്നവും ഷിൻഡെ സ്വന്തമാക്കി. ജനങ്ങളും അത് അംഗീകരിച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

‘യഥാർഥ’ എൻസിപി ഏതെന്ന ചോദ്യത്തിനും ജയം ഉത്തരം നൽകി. എൻസിപിയുടെ ഇരുവിഭാഗങ്ങൾ തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന്റെ ഭാഗമായ അജിത് പവാർ പക്ഷം 29 മണ്ഡലങ്ങളിലാണ് ജയിച്ചത്. ശരദ് പവാർ പക്ഷത്തിന് ആറു മണ്ഡലങ്ങളിൽ മാത്രമാണ് ജയിക്കാനായത്.

അജിത് പവാർ പക്ഷം ആകെ മത്സരിച്ച 59 മണ്ഡലങ്ങളിൽ 41 ഇടങ്ങളിൽ ജയിച്ചു. ആകെ 86 മണ്ഡലങ്ങളിൽ മത്സരിച്ച ശരദ് പവാർ പക്ഷത്തിന് 10 ഇടങ്ങളിൽ മാത്രമാണ് ജയിക്കാനായത്. മൂന്നു പതിറ്റാണ്ടിലേറെയായി അജിത് പവാർ പ്രതിനിധീകരിക്കുന്ന ബാരാമതിയിൽ അദ്ദേഹത്തിന്റെ സഹോദരപുത്രൻ യുഗേന്ദ്ര പവാറിനെ ഇറക്കി ശരദ് പവാർ പയറ്റിനോക്കിയെങ്കിലും ഫലമുണ്ടായില്ല. 1,81,132 വോട്ടുകൾക്ക് അജിത് പവാർ, യുഗേന്ദ്ര പവാറിനെ പരാജയപ്പെടുത്തി. 

2022 ജൂലൈയിലാണ് അജിത് പവാർ ഏതാനും എംഎൽഎമാരുമായി ബിജെപി സഖ്യത്തിൽ ചേക്കേറിയതും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഉപമുഖ്യമന്ത്രിയായതും. അജിത് പവാർ വിഭാഗത്തിനാണ് എൻസിപിയുടെ ഔദ്യോഗിക ചിഹ്നം‌ ലഭിച്ചത്. ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലവും അതിനെ സാധൂകരിക്കുന്നു. 

English Summary:

Official Shiv Sena defeats Shiv Sena Uddhav Thackeray faction while NCP defeats Nationalist Congress Party Sharad Pawar faction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com