ADVERTISEMENT

കോട്ടയം∙ സ്വന്തം ജന്മദിനം ആഘോഷിക്കുന്ന പതിവ് എ.കെ. ആന്റണിയുടെ നയത്തിനു ചേരുന്നതല്ല. അതേസമയം കോൺഗ്രസിന്റെ ജന്മദിന ആഘോഷം ഒഴിവാക്കാൻ ആന്റണിക്കു സാധിക്കുകയുമില്ല. പ്രശ്നം അതല്ല. ആന്റണിക്കും കോൺഗ്രസിനും പിറന്നാൾ ഒരു ദിവസം, ഡിസംബർ 28. ഇത്തവണ രണ്ടു ജന്മദിനവും വിപുലമായി ആഘോഷിക്കാനാണ് കോൺഗ്രസിന്റെ ആഗ്രഹം. അതിനു കാരണമുണ്ട്. ഇക്കുറി ആന്റണിയുടെ 84–ാം പിറന്നാളാണ്. ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട ജന്മദിനം.

‘‘എനിക്കെന്ത് ജന്മദിനം, അതൊന്നും ആഘോഷിക്കുന്ന പതിവ് എനിക്കില്ലല്ലോ’’– ആന്റണി നയം വ്യക്തമാക്കി. ആയിരം പൂർണചന്ദ്രന്മാരെ കണ്ടെന്നതൊക്കെ വലിയ കാര്യമായി ഞാൻ കരുതുന്നില്ല. അതൊക്കെ സാധാരണ സംഭവമല്ലേ. അന്ന് കോൺ‌ഗ്രസിന്റെയും ജന്മദിനമാണ്. എന്റെ പാർട്ടിയുടെ ജന്മദിനമാണ് എന്റെയും ജന്മദിനമെന്നും ആന്റണി പറഞ്ഞു. 

‘‘കുട്ടിക്കാലം മുതൽ ജന്മദിന ആഘോഷങ്ങളോടൊന്നും എനിക്ക് താൽപര്യമില്ല. ഡൽഹിയിൽ ആയിരുന്ന സമയത്ത് എഐസിസി ആസ്ഥാനത്ത് പാർട്ടി ജന്മദിനം ആഘോഷിക്കുമ്പോൾ രാഹുൽ ഗാന്ധി എന്നെക്കൊണ്ടും നിർബന്ധിച്ച് കേക്ക് മുറിപ്പിക്കുമായിരുന്നു. കേരളത്തിലായതിനാൽ ഇത്തവണ ഇന്ദിര ഭവനിൽ പാർട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കും’’– എ.കെ. ആന്റണി പറഞ്ഞു.

എ.കെ.ആന്റണി (ചിത്രം: മനോരമ)
എ.കെ.ആന്റണി (ചിത്രം: മനോരമ)

എ.കെ. ആന്റണി സമ്മതിച്ചാൽ ജന്മദിനാഘോഷം കെങ്കേമമാക്കാമെന്നാണ് കോൺഗ്രസിന്റെ ലൈൻ. ജന്മദിനം ആഘോഷിക്കാൻ അദ്ദേഹത്തിന്റെ സമ്മതം വേണമല്ലോയെന്നും അത് തിരക്കുമെന്നും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു പറഞ്ഞു.  1940 ഡിസംബര്‍ 28 നാണ് അറയ്ക്കപ്പറമ്പില്‍ കുര്യന്റെയും ഏലിക്കുട്ടിയുടേയും മകനായി ജനനം. 37ാം വയസില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, ഏറ്റവും കൂടുതല്‍ കാലം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്ന വ്യക്തി അങ്ങനെ പിന്നിട്ട വഴികളില്‍ ആന്‍റണി കുറിച്ച ചരിത്രം നിരവധിയാണ്.

സജീവ രാഷ്ട്രീയത്തിൽനിന്നും വിരമിച്ചെങ്കിലും ഇന്നും കേരളത്തിലെയും രാജ്യത്തെയും കോൺഗ്രസ് നേതാക്കൾ ഉപദേശനിർദേശങ്ങൾക്കായി എ.കെ. ആന്റണിയെ കാണാൻ തിരുവനന്തപുരം വഴുതക്കാട് കൃഷ്ണവിലാസം റോഡിലെ അഞ്ജനം എന്ന വീട്ടിലെത്തും. പകൽ വീട്ടിൽ കാണും. ഒട്ടുമിക്ക വൈകുന്നേരങ്ങളിലും ഇന്ദിരാഭവനിലെ തന്റെ മുറിയിലേക്കെത്തും. സന്ദർശകരെയും പാർട്ടി നേതാക്കളെയും കഴിവതും ഇവിടെയാകും കാണുക.

English Summary:

A.K.Antony Birthday: AK Antony celebrates his 84th birthday, marking a milestone of a thousand full moons. Despite his humble nature, the Congress party celebrates this momentous occasion alongside their own birthday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com