കേരളത്തിൽ മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രി. എെഎസിസി മുതിർന്ന പ്രവർത്തകസമിതിയംഗമായ ആന്റണി കോൺഗ്രസിലെ സുപ്രധാനമായ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മൂന്നു ഘട്ടങ്ങളിലായി പത്തു വർഷത്തോളം കേന്ദ്രമന്ത്രിയായിരുന്നു. പ്രതിരോധം, പൊതുവിതരണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 1993ൽ നരസിംഹറാവു മന്ത്രിസഭയിൽ പൊതുവിതരണവും 2006ലും 2009ലും മൻമോഹൻസിങ് മന്ത്രിസഭയിൽ പ്രതിരോധവും. മൂന്നു തവണ (1977,1995,2001) കേരള മുഖ്യമന്ത്രിയായിരുന്നു. 77ൽ മുഖ്യമന്ത്രിയാകുമ്പോൾ മുപ്പത്താറു വയസുമാത്രമുണ്ടായിരുന്ന ആന്റണി ആ സ്ഥാനത്തെത്തുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.1996–2001 കാലഘട്ടത്തിൽ കേരളത്തിൽ പ്രതിപക്ഷനേതാവായിരുന്നു. പ്രവർത്തകസമിതിയംഗമെന്ന നിലയിൽ 2004 മുതൽ ഡൽഹി കേന്ദ്രമാക്കിയാണ് പ്രവർത്തനം.
1940 ഡിസംബർ 28ന് ചേർത്തല അറയ്ക്കപ്പറമ്പിൽ കുര്യൻപിള്ളയുടേയും ഏലിക്കുട്ടിയുടേയും മകനായി ജനിച്ച ആന്റണി വിദ്യാർഥിക്കാലത്ത് തന്നെ കോൺഗ്രസിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. ബോട്ട് ചാർജ് വർധനയ്ക്കെതിരായ ഒരണസമരത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം എറണാകുളം മഹാരാജാസ് കോളജിലെ പഠനകാലത്ത് കെഎസ്‌യുവിന്റെ നേതൃനിരയിലേക്കുയർന്നു. എറണാകുളം ലോകോളജിൽനിന്ന് നിയമബിരുദം നേടി അഭിഭാഷകനായി എൻറോൾ ചെയ്തെങ്കിലും പ്രാക്ടീസ് തുടർന്നില്ല.1964ൽ കെഎസ്‌യുവിന്റെയും 1968ൽ യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാനഅധ്യക്ഷനായി. 1967ലെ ഇഎംഎസ് മന്ത്രിസഭയ്ക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടന്ന പട്ടിണിജാഥയടക്കമുള്ള ശ്രദ്ധേയമായ സമരപരിപാടികൾ സംഘടിപ്പിച്ചു. 1970ൽ കെപിസിസി ജനറൽ സെക്രട്ടറിയായ അദ്ദേഹം 1973ൽ മുപ്പത്തിരണ്ടാം വയസിൽ പിസിസി അധ്യക്ഷനുമായി.
രാജൻകേസ് മുൻനിർത്തി കരുണാകരൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് 1977ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. അന്ന് ഇന്ത്യയിലെ പ്രായം കുറഞ്ഞ മുഖ്യമന്ത്രി. കോൺഗ്രസ് പിളർപ്പിന്റെ കാലഘത്തിൽ ഒൗദ്യോഗികപക്ഷത്തോടൊപ്പം നിലകൊണ്ട ആന്റണി 1978–ൽ ചിക്മംഗളൂർ തിരഞ്ഞെടുപ്പിൽ ഇന്ദിരഗാന്ധിയെ പിന്തുണയ്ക്കാൻ ദേവരാജ് അരശ് തീരുമാനിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ആന്റണിയുടെ പേരിലുള്ള കോൺഗ്രസ് വിഭാഗത്തിന്റെ പിന്തുണയോടെയാണ് 1980ലെ നായനാർ മന്ത്രിസഭ അധികാരത്തിലെത്തിയത്. പിന്നിട് ഇടതുചേരി വിട്ടു. കോൺഗ്രസ് വിഭാഗങ്ങൾ സഖ്യത്തിലും പിന്നീട് ലയനത്തിലൂടെയും ഒന്നിച്ചപ്പോൾ ഇന്ദിരതന്നെ 1984ൽ എെഎസിസി ജനറൽ സെക്രട്ടറിയായി ആന്റണിയെ നിയമിച്ചു. 1985–ൽ രാജ്യസഭാംഗമായി.
1987–ൽ കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു സി.വി.പത്മരാജൻ സ്ഥാനമൊഴിഞ്ഞപ്പോൾ രാജീവ് ഗാന്ധി, പകരം നിർദേശിച്ചത് എ കെ ആന്റണിയെയാണ്. കോൺഗ്രസിനെ വീണ്ടും അധികാരത്തിലേറ്റി ആ കസേരയിൽ നിന്ന് ആന്റണി ഇറങ്ങി. 1992–ൽ പിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ വയലാർ രവി ആന്റണിയെ തോൽപിച്ചു. ആന്റണിയുടെ ജീവിതത്തിലെ ഏക തിരഞ്ഞെടുപ്പ് പരാജയമായിരുന്നു അത്. തുടർന്ന് നടന്ന എെഎസിസി പ്രവർത്തകസമിതി തിരഞ്ഞെടുപ്പിൽ അർജുൻസിങ് കഴിഞ്ഞാൽ ഏറ്റവും കുടുതൽ വോട്ടു നേടി വിജയിച്ച ആന്റണി, 1993ൽ നരസിംഹറാവു മന്ത്രിസഭയിൽ പൊതുവിതരണവകുപ്പ് മന്ത്രിയായി. രണ്ടു വർഷം തികയും മുമ്പ്, പഞ്ചസാര ഇറക്കുമതി ക്രമക്കേടുകളെപ്പറ്റി അന്വേഷിച്ച ജ്ഞാൻപ്രകാശ് സമിതിറിപ്പോർട്ടിലെ ചില പരാമർശങ്ങളുടെ പേരിൽ അദ്ദേഹം ആ കസേര വിട്ടു. കരുണാകരൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് 1995ൽ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക്. 1996–2001 കാലഘട്ടത്തിൽ കേരളത്തിൽ പ്രതിപക്ഷത്തെ നയിച്ച ആന്റണി 2001ൽ മൂന്നാമതും കേരളമുഖ്യമന്ത്രിയായി. 2004ൽ രാജിവച്ചു. മൻമോഹൻസിങ്ങിന്റെ ആദ്യ മന്ത്രിസഭയിൽ 2006–ൽ പ്രതിരോധമന്ത്രിയായ ആന്റണി രണ്ടാം മന്ത്രിസഭയുടെ കാലത്തും ആ സ്ഥാനത്ത് തുടർന്നു. നാൽപത്തിനാലാം വയസിലാണ് എ.കെ.ആന്റണി വിവാഹിതനായത്. എലിസബത്താണ് ഭാര്യ. മക്കൾ: അനിൽ, അജിത്