ADVERTISEMENT

ഷെയ്ഖ് മുസ്തഫ അൽ ഹദ്ദാദി ആണ് എനിക്കുവേണ്ടി ജാമ്യം നിൽക്കാൻ വരുന്നതെന്നറിഞ്ഞു. യെമനീ വേരുകളുള്ള അൽ ഹദ്ദാദ് കുടുംബ പരമ്പരയിൽപെട്ട പണ്ഡിതനാണ് അദ്ദേഹം. റിയാദിൽ തന്നെയാണ് ഇപ്പോഴത്തെ താമസം. മക്കയിലെ എന്റെ അടുപ്പക്കാരായ മാലികി- ഹദ്ദാദ് പരമ്പരകളിലെ പണ്ഡിതരിലൂടെയാണ് ഷെയ്ഖ് മുസ്തഫയെ ആദ്യം പരിചയപ്പെട്ടത്. ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടതറിഞ്ഞതു മുതൽ ബത്ഹയിൽ ക്യാംപ് ചെയ്യുകയായിരുന്നു അദ്ദേഹം എന്നു പിന്നീട് അറിയാൻ കഴിഞ്ഞു.

ആവശ്യമായ രേഖകൾ എല്ലാം ശരിപ്പെടുത്തിയാണ് ഷെയ്ഖ് മുസ്തഫ വന്നത്. അതുകൊണ്ട് കാര്യങ്ങൾ എളുപ്പത്തിലും വേഗത്തിലും നടന്നു. പതിനൊന്നു ദിവസത്തെ തടങ്കൽ ജീവിതം അവസാനിക്കുകയാണ്. എപ്പോഴും ആൾക്കൂട്ടത്തിനിടയിൽ നിന്ന് തിരക്കിട്ടോടി കാര്യങ്ങൾ ചെയ്തു ശീലിച്ചുപോന്ന എന്നെ സംബന്ധിച്ചടുത്തോളം ഈ തടങ്കൽ ജീവിതം ഒരു സഡൻബ്രേക്ക് പോലെ ആയി. ധാരാളം ഒഴിവുസമയം.

ഒരു കെട്ടിടത്തിന്റെയുള്ളിലേക്ക് ചുരുങ്ങിയ ചലനങ്ങൾ. ഏകാന്തത. പക്ഷേ, ശരീരത്തെ തളച്ചു കെട്ടുമ്പോഴാണ് മനസ്സിൽ കൂടുതൽ ആലോചനകൾ ഉണ്ടാവുക. ആ നിലയ്ക്ക് ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഈ പതിനൊന്നു ദിവസങ്ങൾ സഹായിച്ചു. മോചനം സാധ്യമാകുന്നതിനു വേണ്ടി മുത്തുനബി തങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതാൻ തീരുമാനമെടുത്തിരുന്നു. ഒഴിവു സമയങ്ങളിൽ അതിനുവേണ്ടിയുള്ള ചില തയാറെടുപ്പുകളും നടത്തി.

ബത്ഹയിലെ ജാഥ

നവംബർ 21ന് ഉച്ചയ്ക്കു രണ്ടുമണിക്ക് ബത്ഹ സ്റ്റേഷനിൽ നിന്നു ഞാൻ പുറത്തേക്കിറങ്ങി. ഷെയ്ഖ് മുസ്തഫയുടെ വാഹനത്തിൽ നേരെ അവരുടെ വീട്ടിലേക്കു പോയി. വൃദ്ധരായ മാതാപിതാക്കളെ കണ്ടു ദുആ ചെയ്തു. തിരിച്ചു ബത്ഹയിൽ വന്നിറങ്ങി. നാലും കൂടിയ ഒരു കവലയാണ് ബത്ഹ. അവിടെയിറങ്ങി ഇരുന്നൂറ് മീറ്റർ നടന്നു വേണം നേരത്തേ താമസിച്ച ഫ്ലാറ്റിലേക്ക് പോകാൻ. അപ്പോഴേക്കും റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം പ്രവർത്തകർ ബത്ഹയിലേക്ക് എത്തിയിരുന്നു.

ഷെയ്ഖ് മുസ്തഫയുടെ വാഹനത്തിൽ നിന്നു ഞാനിറങ്ങി നടന്നതും ഈ പ്രവർത്തകരെല്ലാം കൂടി പിന്നാലെ നടക്കാൻ തുടങ്ങി. അതൊരു ജാഥ പോലെ രൂപപ്പെട്ടു. വൈകാരികമായ ആ അന്തരീക്ഷത്തിൽ ആളുകളെ നിയന്ത്രിക്കുക സാധ്യമായിരുന്നില്ല. മുത്തവ്വമാരുടെ (പൊലീസ്) വാഹനങ്ങൾ പല ഭാഗത്തുനിന്നായി സൈറൺ മുഴക്കി വരുന്ന ഒച്ച കേട്ടു. അവരുമായി വീണ്ടുമൊരു ഏറ്റുമുട്ടൽ നല്ലതല്ലല്ലോ. തെയ്യാലക്കാരൻ മുഹമ്മദ് ഹാജി എന്റെ കൈപിടിച്ചു വേഗത്തിൽ നടന്നു ഫ്ലാറ്റിലേക്ക് എത്തിച്ചു. നേരെ നാട്ടിലേക്കു പോകാനായിരുന്നു എല്ലാവരുടെയും ഉപദേശം. മദീനയിൽ പോകാതെ മടങ്ങില്ലെന്നു ഞാൻ വാശി പിടിച്ചു.

അതു പലരെയും വിഷമിപ്പിച്ചുവെങ്കിലും എനിക്കങ്ങനെ ചെയ്യാതെ കഴിയുമായിരുന്നില്ല. തടങ്കലിൽ വച്ച് എഴുതിയ ചില കുറിപ്പുകളും കവിതകളുമെല്ലാം എന്റെ ബ്രീഫ്കെയ്‌സിലിട്ടു നാട്ടിലേക്കെത്തിക്കാൻ മുഹമ്മദ് ഹാജിയെ ഏൽപ്പിച്ചു. റിയാദിൽ നിന്നു ജിദ്ദ വഴി മദീനയിലേക്കു പോയി അവിടെ നിന്ന് അബുദാബിയിലും ബഹ്റൈനിലും പോയിട്ടാണു നാട്ടിലേക്കു മടങ്ങിയത്.

അറസ്റ്റും വാർത്തകളും

എന്റെ അറസ്റ്റ് നാട്ടിൽ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളെക്കുറിച്ചു ചെറിയൊരു ധാരണ ഉണ്ടായിരുന്നെങ്കിലും അതിന്റെ ആഴം നാട്ടിലെത്തിയപ്പോഴാണ് ബോധ്യപ്പെട്ടത്. ഞാനിനി പുറംലോകം കാണില്ലെന്നു വരെ ചില പത്രങ്ങൾ വാർത്തയെഴുതി. ഈ വാർത്ത എഴുതിപ്പൂർത്തിയാക്കുന്നതു വരെയും കാന്തപുരത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല എന്ന മട്ടിലുള്ള ആഹ്ലാദ പ്രകടനങ്ങളായിരുന്നു ചില വാർത്തകളിൽ. അനുമതിയില്ലാതെ പ്രസംഗിച്ചു, പിരിവു നടത്തി ഇങ്ങനെ പലവിധ കാരണങ്ങളാണ്.

റിയാദിലൂടെ നടന്നു പോകുമ്പോൾ സംശയിച്ച് അറസ്റ്റ് ചെയ്തു എന്നാണ് ഒരു ‘ദൃക്സാക്ഷി’യെ ഉദ്ധരിച്ചുകൊണ്ട് ഒരു പത്രം റിപ്പോർട്ട് ചെയ്തത്. അതിലെനിക്ക് കൗതുകമായി തോന്നിയത് റിയാദ് ഇസ്‌ലാഹി സെന്ററിന്റെ പേരിൽ വന്ന ഒരു വാർത്തയാണ്. റിയാദിലെ അറസ്റ്റിൽ ഇസ്‌ലാഹി സെന്ററിനു പങ്കില്ല എന്നായിരുന്നു പ്രസ്താവനയുടെ തലക്കെട്ട്. പള്ളിയിൽ നമസ്കാരം നടക്കുമ്പോൾ യോഗം നടത്തിയതിനാണ് അറസ്റ്റ് എന്നായിരുന്നു ആ പ്രസ്താവനയിൽ പറഞ്ഞ കാരണം. ഈ ആവേശങ്ങളിൽ നിന്നും വൈരുധ്യങ്ങളിൽ നിന്നും തന്നെ ചിന്തിക്കുന്നവർക്ക് കാര്യങ്ങൾ വ്യക്തമാണല്ലോ.

പക്ഷേ, എന്നെയും പ്രസ്ഥാനത്തെയും സംബന്ധിച്ചടുത്തോളം റിയാദിലെ അറസ്റ്റും അനുബന്ധ സംഭവവികാസങ്ങളും ഒരനുഗ്രഹമായി എന്നു പറയുന്നതാവും ശരി. എന്റെ അറസ്റ്റ് പ്രവർത്തകർക്കിടയിൽ ഉണ്ടാക്കിയ പ്രാസ്ഥാനികമായ ഉണർവ് വളരെ വലുതായിരുന്നു. ഞങ്ങൾ ഉയർത്തിയ വാദങ്ങൾക്ക് അത് കൂടുതൽ തെളിച്ചവും ബലവും നൽകി. നാടുനീളെ സംഘടിപ്പിക്കപ്പെട്ട സ്വീകരണ സമ്മേളനങ്ങളിലെ വൻ ജനക്കൂട്ടം ആ ഉണർവിന്റെ സാക്ഷ്യമായിരുന്നു.

English Summary:

Life story of Kanthapuram Aboobacker Musliyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com