ADVERTISEMENT

1950കളുടെ പകുതിയാണ്. കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയമായ എതിർപ്പുകൾ സ്വാതന്ത്യ്രത്തിനും വിഭജനത്തിനും ശേഷം മലബാറിൽ കൂടുതൽ രൂക്ഷമായിക്കൊണ്ടിരുന്ന കാലം. മുസ്‌ലിം ലീഗിനെ കുടെക്കൂട്ടുന്നത് ഭാരമാകുമോ എന്നു കോൺഗ്രസും, കോൺഗ്രസുമായുള്ള സഖ്യത്തിലൂടെ സ്വതന്ത്ര ഇന്ത്യയിലെ മുഖ്യധാരാ മുസ്‌ലിം രാഷ്ട്രീയപ്പാർട്ടിയായി മാറാൻ കഴിയുമോ എന്നു മുസ്‌ലിം ലീഗും ആലോചിക്കുന്ന സമയമാണ്. എതിർപ്പിനിടയിലും രണ്ടുകൂട്ടർക്കുമിടയിലെ സഖ്യത്തിനു വേണ്ടിയുള്ള പ്രാദേശികമായ നീക്കുപോക്കുകൾ നടക്കുന്നുമുണ്ട്.

ലീഗ് സമ്മേളനം നടക്കുന്നു

പക്ഷേ, മുസ്‌ലിംകളെ പ്രതിനിധീകരിക്കാനുള്ള പൂർണ അവകാശം എന്നതായിരുന്നു ലീഗുകാരുടെ ആവശ്യം. അതുകൊണ്ടുതന്നെ കോൺഗ്രസിലെ മുസ്‌ലിം നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ലീഗിന്റെ പ്രവർത്തനങ്ങൾ. ഈ പശ്ചാത്തലത്തിലാണ് അവേലത്ത് പുഴമാട്ടിൽ വച്ച് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളും സി.എച്ച്. മുഹമ്മദ് കോയയും പങ്കെടുത്ത ഒരു മുസ്‌ലിംലീഗ് സമ്മേളനം നടക്കുന്നത്. അതേ ദിവസം തന്നെ മങ്ങാട് മഹല്ലിനോടടുത്ത എളേറ്റിൽ വട്ടോളിയിൽ ഖാൻ ബഹാദൂർ ആറ്റക്കോയ തങ്ങളും മറ്റും പങ്കെടുക്കുന്ന കോൺഗ്രസിന്റെ സമ്മേളനവും നടക്കുന്നു. ആയിടെ ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടന്ന ചില കോൺഗ്രസ് പ്രചാരണ പരിപാടികളിൽ ഇ.കെ. അബൂബക്കർ മുസ്‌ല്യാർ (സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽസെക്രട്ടറി ആയിരുന്ന) പങ്കെടുക്കുകയും ചെയ്തിരുന്നു.

വീറും വാശിയും ഏറുന്നു

രണ്ടു സമ്മേളനങ്ങളും ഒരേ ദിവസം നടക്കുന്നതിനാലും രണ്ടു കൂട്ടർക്കുമിടയിലെ എതിർപ്പുകൾ ദിനേന ശക്തമായിക്കൊണ്ടിരിക്കുന്നതിനാലും വീറും വാശിയും ഏറെയായിരുന്നു. ‘കോൺഗ്രസ് സമ്മേളനത്തിന് ആളുകൾ കുറഞ്ഞുകൂടാ. അതിനാൽ ദർസ് വിദ്യാർഥികളെ (പള്ളിയിൽ താമസിച്ചു പഠിക്കുന്ന മതവിദ്യാർഥികൾ) വട്ടോളിയിലേക്ക് പറഞ്ഞയയ്ക്കണം’ എന്ന് പള്ളി മുതവല്ലിയയായ ആർ. മരക്കാർ ഹാജി ആവശ്യപ്പെട്ടു. അസർ നമസ്കാരം കഴിഞ്ഞപ്പോൾ (വൈകിട്ട്) വെളിമുക്ക് ബാവ മുസല്യാരുടെ നേതൃത്വത്തിൽ ഏതാനും വിദ്യാർഥികൾ ഉസ്താദിനെ പോയിക്കണ്ടു മുസ്‌ലിംലീഗ് സമ്മേളനത്തിനു പോകാൻ സമ്മതം ചോദിച്ചു. ‘കോൺഗ്രസ് സമ്മേളനത്തിനു പോകാൻ മരക്കാർ ഹാജി ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം നമ്മുടെ ദർസ് നടത്തുന്ന ആളാണ്. ധിക്കരിച്ചു ലീഗ് സമ്മേളനത്തിനു പോയാൽ ദർസ് പൊളിയും. രാഷ്ട്രീയക്കാർ ആരായാലും അവരുടെ സമ്മേളനത്തിന് മുതഅല്ലിമീങ്ങൾ (വിദ്യാർഥികൾ) പോകേണ്ട. ഓതിപ്പഠിക്കുക. ഒരു സമ്മേളനത്തിനും ആരെയും അയയ്ക്കേണ്ട എന്നാണെന്റെ തീരുമാനം’ – ഉസ്താദ്  ഇമ്പിച്ചാലി മുസല്യാർ പറഞ്ഞു.

ബാഫഖി തങ്ങൾ വലിയ മഹാനല്ലേ, അതിനാൽ അവിടെ പങ്കെടുക്കണമെന്ന് ഈ കുട്ടികൾ വീണ്ടും ആവശ്യപ്പെട്ടു. ‘ആറ്റക്കോയ തങ്ങളും മഹാൻ തന്നെ. രണ്ടു മഹാന്മാരെയും നമ്മൾ ബഹുമാനിക്കണം. ആദരിക്കണം. പക്ഷേ, ഇപ്പോൾ രണ്ടുകൂട്ടരും രാഷ്ട്രീയക്കാരായിട്ടാണ് ഇവിടെ വരുന്നത്. അതു നമുക്ക് വേണ്ട’ – ഉസ്താദ് പറഞ്ഞു.

വിദ്യാ‍ർഥികൾ സമ്മേളനത്തിന്

എന്നാൽ ഇതുകേൾക്കാതെ ആറു വിദ്യാർഥികൾ മുസ്‌ലിംലീഗ് സമ്മേളനത്തിനു പോയി. മഗ്‌രിബ് നമസ്കാര ശേഷം (സന്ധ്യയ്ക്കു ശേഷം) ഹാജർ എടുത്തപ്പോൾ ആറു വിദ്യാർഥികളെ കാണാനില്ല. ഉസ്താദിന്റെ (ഇമ്പിച്ചാലി മുസല്യാർ) വാക്കുകൾ പരസ്യമായി ധിക്കരിച്ച ആറുപേരെയും ദർസിൽ നിന്ന് (മതപാഠശാലയിൽനിന്ന്) പുറത്താക്കി. ലീഗ് സമ്മേളനത്തിനു പോയതിനാൽ വിദ്യാർഥികളെ പുറത്താക്കി എന്ന് ഒരു വിഭാഗവും കോൺഗ്രസ് സമ്മേളനത്തിനു പോയതിനു വിദ്യാർഥികളെ പുറത്താക്കി എന്നു മറു വിഭാഗവും പ്രചാരണം തുടങ്ങി. ഇതിന്റെ പേരിൽ ചിലർ ഉസ്താദിനെ ആക്ഷേപിച്ചു. ജീവിതത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടിയോടും പ്രത്യേക മമത കാണിക്കാതിരുന്ന നിഷ്കളങ്കനായ ഉസ്താദ് ഒന്നും പ്രതികരിച്ചില്ല. തൊട്ടടുത്ത ജുമുഅയ്ക്കുശേഷം (വെള്ളിയാഴ്ചയിലെ നമസ്കാരം) ആളുകൾക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. അതോടെ രംഗം പുറമേക്കു തൽക്കാലം ശാന്തമായി. പക്ഷേ, ഉസ്താദിന്റെ തീരുമാനത്തിൽ വിയോജിപ്പുള്ളവർ അതുള്ളിൽ സൂക്ഷിച്ചു. അവസരങ്ങളൊത്തുവരുമ്പോൾ പുറത്തെടുത്തു.

കനത്ത മത്സരം

1957ലെ ആദ്യ ഇലക്‌ഷനിൽ പിഎസ്പിയുമായി ചേർന്നാണ് ലീഗ് കോൺഗ്രസിനെതിരെ മത്സരിച്ചത്. കോൺഗ്രസിന്റെയും ലീഗിന്റെയും പ്രധാനപ്പെട്ട കേന്ദ്രങ്ങളും പ്രവർത്തകരും ഉള്ള മണ്ഡലങ്ങൾ ആയിരുന്നു പൂനൂരിന് ഇരുവശത്തുമുള്ള കൊടുവള്ളിയും ബാലുശ്ശേരിയും. അതുകൊണ്ടുതന്നെ മത്സരത്തിന്റെ വീറ് പുനൂരിൽ (കാന്തപുരം ഗ്രാമത്തിന്റെ തൊട്ടടുത്ത അങ്ങാടിയാണ് പൂനൂർ) ഇരട്ടിയായിരുന്നു. ഞങ്ങളുടെ ഹോമിയോ ഡോക്ടർ ആയിരുന്ന ഡോ. സി.എം. കുട്ടിയായിരുന്നു ലീഗിന്റെ സ്ഥാനാർഥി. അത് തിരഞ്ഞെടുപ്പിന്റെ വാശിയേറ്റി. മുസ്‌ലിം ലീഗ് പിന്തുണച്ച പിഎസ്പി സ്ഥാനാർഥിയാണ് ബാലുശ്ശേരിയിൽ കോൺഗ്രസിനെതിരെ മത്സരത്തിനുണ്ടായിരുന്നത്. ബാലുശേരിയിൽ പിഎസ്പി ജയിച്ചു. കൊടുവള്ളിയിൽ ലീഗ് തോൽക്കുകയും ചെയ്തു 18 വയസ്സായിരുന്നെങ്കിലും അന്ന് വോട്ടിങ് അവകാശം ഉണ്ടായിരുന്നില്ല. 21 വയസ്സായിരുന്നു അന്നത്തെ വോട്ടിങ് പ്രായം. രണ്ടുമണ്ഡലങ്ങളുടെയും ആഘോഷങ്ങൾ പുനൂരിൽ ഉണ്ടായിരുന്നു. ഈ ആഘോഷങ്ങൾ നാട്ടിലെ കോൺഗ്രസിനും ലീഗിനുമിടയിലെ അകൽച്ച വർധിപ്പിച്ചു. പിന്നീട് ഇഎംഎസ് സർക്കാരിനെതിരെ നടന്ന വിമോചന സമരത്തെ പിന്തുണയ്ക്കാൻ ലീഗ് തീരുമാനിച്ചതോടെയാണ് മുസ്‌ലിം ലീഗുമായുള്ള കോൺഗ്രസിന്റെ ഈ അകൽച്ചയ്ക്ക് ഒരയവ് വന്നത്.

ഭൂപരിഷ്കരണ ചർച്ചകൾ

വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്കരണവുമായിരുന്നല്ലോ വിമോചന സമരത്തിന്റെ പ്രധാന ഹേതു. വിദ്യാഭ്യാസ ബില്ലിനെക്കുറിച്ച് അന്നു ധാരണ ഉണ്ടായിരുന്നില്ലെങ്കിലും ഭൂപരിഷ്കരണം ഞങ്ങളുടെ നാട്ടിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു. ആയിരക്കണക്കിന് ഏക്കർ എസ്റ്റേറ്റ് ഭൂമിയും നിരവധി ഭൂവുടമകളുടെ സാന്നിധ്യവും ജന്മിമാരുടെ കടുത്ത ചൂഷണവും നിലനിന്നിരുന്ന പുനൂരിൽ ഭൂപരിഷ്കരണ ബില്ലിനെ സാധാരണക്കാരായ ആളുകൾ പ്രതീക്ഷയോടെയാണ് കണ്ടത്. റൊക്കം പൈസ കൊടുത്തിട്ടും കാന്തപുരത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം ഞങ്ങളുടെ കുടുംബത്തിന് കിട്ടാതിരുന്നതിനെക്കുറിച്ച് മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. അതുതന്നെയായിരുന്നു ഒട്ടുമിക്ക കുടുംബങ്ങളുടെയും അവസ്ഥ. സ്വാഭാവികമായും വിമോചന സമരത്തിൽ ഇവിടുത്തെ ആളുകൾക്ക് താൽപര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സമരത്തിന്റെ അലയൊലികളും നാട്ടിൽ കുറവായിരുന്നു. മുസ്‌ലിംകൾ ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കൾ ആകുമായിരുന്നിട്ടും എന്തുകൊണ്ട് ലീഗ് അതിനെ പിന്തുണച്ചില്ല എന്നത് ആശ്ചര്യകരമായിരുന്നു. ലീഗിന്റെ നേതാക്കളധികവും ഭൂവുടമകളോ അവരുമായി വിവാഹബന്ധമുള്ള സമ്പന്നരായ കച്ചവടക്കാരോ ആയതുകൊണ്ടാണ് ഇതുസംഭവിച്ചത് എന്നാണ് ഈ തീരുമാനത്തെ ആക്ഷേപിച്ചു കൊണ്ട് ആളുകൾ പറഞ്ഞിരുന്നത്. പിന്നീട് ഭൂപരിഷ്കരണ ബില്ല് മാറ്റങ്ങളോടെ പാസാക്കിയെങ്കിലും തോട്ടം മേഖലകളെ ഒഴിവാക്കിയതുകൊണ്ട് പൂനൂരിലൊന്നും അതിന്റെ ഗുണം ലഭിച്ചില്ല. എവിടി കമ്പനി എസ്റ്റേറ്റ് ഭൂമി വിൽപന നടത്തുന്നതിനു വേണ്ടി തൊഴി ലാളികൾക്ക് 57 സെന്റ് വിതം നൽകിയപ്പോഴാണ് പുനൂരിൽ ഭൂപരിഷ്കരണം വന്നത് എന്നാണ് ഞങ്ങൾ പറയാറ്. 1980കളുടെ അവസാനമായിരുന്നു ഇത്.

മാറുന്ന രാഷ്ട്രീയ കാലവസ്ഥ

വിമോചന സമരത്തെ തുടർന്ന് ഇഎംഎസ് സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടതോടെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വന്നു. ലീഗ്– കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി. ഈ ഘട്ടത്തിൽ കമ്യൂണിസ്റ്റുകാർക്കെതിരെ ഒരു ഫത്‌വ സംഘടിപ്പിക്കുന്നതിനു വേണ്ടി രാഷ്ട്രീയ നേതൃത്വത്തിൽ ഉണ്ടായിരുന്ന ചിലർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ സമീപിച്ചതിനെക്കുറിച്ചുള്ള സംസാരങ്ങൾ അക്കാലത്ത് കേട്ടിരുന്നു. കമ്യൂണിസ്റ്റുകാർക്ക് വോട്ടു ചെയ്യുന്നവർ മുസ്‌ലിംകൾ അല്ലെന്നും അവരുമായി വിവാഹബന്ധം പാടില്ലെന്നും കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യയെ മറ്റൊരാൾക്ക് നികാഹ് ചെയ്യാൻ ആദ്യ ഭർത്താവിന്റെ ത്വലാഖ് ആവശ്യമില്ലെന്നും സമസ്ത തീരുമാനമെടുക്കണമെന്നതായിരുന്നു ആവശ്യം. ചിലർ ഈ ആവശ്യം മുശാവറയിലും അവതരിപ്പിച്ചു. സമസ്തയുടെ സ്ഥാപകാംഗമായ കെ. കെ. സ്വദഖത്തുല്ല മുസ്‌ലിയാർ ആയിരുന്നു ഈ നിർദേശത്തെ ശക്തമായി എതിർത്തത്. അതോടെ ആ വിഷയത്തെക്കുറിച്ചുള്ള ചർച്ച തന്നെ അവസാനിപ്പിച്ചു.

സമസ്തയുടെ നിലപാടുകൾ

സമസ്തയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് വളരെ ശക്തവും അർഥവത്തുമായ ദീർഘവീക്ഷണം നേരത്തേ തന്നെ ഉണ്ടായിരുന്ന പണ്ഡിതനാണ് സമസ്തയുടെ സ്ഥാപക മുശാവറ അംഗം കൂടിയായി രുന്ന കെ.കെ.സ്വദഖത്തുല്ല മുസ്‌ലിയാർ. തുടക്കകാലം മുതൽ നേതൃനിരയിൽ ഉണ്ടായിരുന്ന ഒരാൾ എന്ന നിലയിൽ സമസ്തയുടെ നയനിലപാടുകൾ രൂപപ്പെടുത്തുന്നതിൽ സ്വദഖത്തുല്ല മുസല്യാരുടെ അഭിപ്രായങ്ങൾക്ക് വലിയ പങ്കുണ്ട്. ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന ഇ.കെ അബൂബക്കർ മുസല്യാരുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ കൂട്ടുകെട്ടാണ് തങ്ങളുടെ താല്പര്യങ്ങളുടെ പ്രധാന തടസ്സം എന്ന് മനസ്സിലാക്കിയ ചിലർ ഈ സൗഹൃദത്തെ ഭിന്നിപ്പിക്കാനുള്ള പല നീക്കങ്ങളും നടത്തി. അത്തരം ശ്രമങ്ങളുടെ അനന്തരഫലമായാണ് ചുമതലയേറ്റു രണ്ടുവർഷം കഴിയുമ്പോഴേക്കും കെ.കെ. സ്വദഖത്തുല്ല മുസല്യാർ സമസ്തയുടെ പ്രസിഡന്റ് പദവി രാജിവച്ചത്.

സമസ്തയും രാജികളും

വാങ്കിനും ഖുതുബയ്ക്കും ലൗഡ്സ്പീക്കർ ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട് മുശാവറ എടുത്ത തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ചുകൊണ്ട് അദ്ദേഹം മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച പരസ്യമാണ് രാജി വയ്ക്കാൻ കാരണമായത് എന്നാണ് പൊതുവേ പറഞ്ഞുവരാറുള്ളത്. പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുക സാധാരണമാണ്. എന്നാൽ അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തിയ ശേഷം എടുത്ത ചില തീരുമാനങ്ങളുടെ രാഷ്ട്രീയ മാനങ്ങളാണ് യഥാർഥത്തിൽ അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചത്. ഈ രാഷ്ട്രീയ മാനങ്ങളെ സാധൂകരിക്കുന്ന തരത്തിൽ സമസ്തയുടെ ഭരണഘടനയിൽ ചില മാറ്റങ്ങൾ വരുത്തിയതിനെയും അദ്ദേഹം എതിർത്തിരുന്നു. ധിഷണാശാലിയായ പണ്ഡിതൻ എന്ന നിലയിൽ കെ.കെ. സ്വദഖത്തുല്ല മുസ്‌ലിയാരുടെ രാജി സമസ്തയെ സംബന്ധിച്ചടുത്തോളം എക്കാലത്തെയും വലിയ നഷ്ടങ്ങളിൽ ഒന്നാണ്. 1967 ൽ തന്നെ അദ്ദേഹം സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ എന്ന മറ്റൊരു പണ്ഡിത സംഘടന രൂപീകരിച്ചു. ഈ രാജിക്കു ശേഷം അൽപം കഴിഞ്ഞാണ് ഇ.കെ. അബൂബക്കർ മുസല്യാരും സമസ്തയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നത്. സമ്മർദങ്ങൾക്കൊടുവിൽ ഇ.കെ. പിന്നീട് രാജി പിൻവലിച്ചുവെങ്കിലും, ഒരു പണ്ഡിതസംഘടന എന്ന നിലയിൽ സമസ്തയ്ക്ക് അക്കാലത്തു നേരിടേണ്ടി വന്ന പ്രതിസന്ധികളുടെ ആഴം വ്യക്തമാക്കുന്നതാണ് ഈ രാജികൾ. 

English Summary:

Sunday special about life story of Aboobacker musliyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com