ADVERTISEMENT

യുകെ പാർലമെന്റിലേക്ക് ആദ്യമായി മലയാളി വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ‘പാതി’മലയാളിയായ ഫിലിപ് ജോർജ്. ഇംഗ്ലണ്ടിലെ സുപ്രീംകോടതി സോളിസിറ്റർ പദവി വരെ എത്തിയ ആദ്യ ഏഷ്യക്കാരൻ. ‘റാക്കറ്റ് ബോയ്– വെയർ ഈസ് മൈ കൺട്രി’ എന്ന ഫിലിപ്പിന്റെ ഈയിടെ പുറത്തുവന്ന ആത്മകഥ കേരളത്തിന്റെ പ്രവാസ ചരിത്ര ശാഖയിൽ ഇതുവരെ പറയാത്ത അനുഭവങ്ങളാണ് പങ്കു വയ്ക്കുന്നത്. മലേഷ്യയിലെ പ്രാങ് ബസാർ റബർ എസ്റ്റേറ്റിൽ 1935ൽ ജോലിക്കെത്തിയ കോഴഞ്ചേരി അയിരൂർ കാലായിൽ പുതുപ്പറമ്പിൽ കെ.പി.ജോർജിന്റെയും കുമ്പനാട് കോമാട്ട് കുഞ്ഞമ്മയുടെയും മൂത്ത മകനാണ് എഴുപത്തിരണ്ടുകാരനായ ഫിലിപ്പ്. ബ്രിട്ടിഷ് ബാങ്ക് ടീമിലെ ബാഡ്മിന്റൻ താരമായിരുന്ന ഫിലിപ് സ്വന്തം അനുഭവങ്ങൾ  ഇന്ത്യയിലെ ചെറുപ്പക്കാരോട് പങ്കുവയ്ക്കാനുള്ള യാത്രയിലാണ് ഇപ്പോൾ.

കൊടിയേറുന്ന ഓർമകൾ

1957 ഓഗസ്റ്റ് 31ന് മലയ സ്വതന്ത്രമാകുന്ന ഓർമകളോടെയാണ് റാക്കറ്റ് ബോയ് എന്ന ആത്മകഥ തുടങ്ങുന്നത്. പഠനത്തിൽ മോശമായ ഫിലിപ്പിനെ പിതാവ് എപ്പോഴും ശാസിക്കുമായിരുന്നു. ‘നീയിങ്ങനെ മരം കയറി നടന്നോ’ എന്ന ശകാരം കേട്ടു വളർന്ന ബാലൻ പക്ഷേ പിടിച്ചു കയറിയത് അതിനെക്കാൾ വലിയ ഉയരങ്ങളിലേക്കാണ്. പതിനെട്ടാം വയസ്സിൽ കയ്യിൽ 20 പൗണ്ടുമായി മലേഷ്യ വിട്ട ഫിലിപ് എത്തിയത് മോസ്കോ, ടെഹ്‌റാൻ, പാരിസ് വഴി ലണ്ടനിൽ. പല ജോലികൾ ചെയ്തുള്ള ജീവിതം. ജെഫറി നോൾ എന്ന പിതൃതുല്യനായ ഇംഗ്ലിഷുകാരനാണ് തുടർ പഠനത്തിന് പ്രേരിപ്പിച്ചത്. ലോഡ്സ് ക്രിക്കറ്റ് ക്ലബ്ബിൽ കൊണ്ടുപോയി ക്ലൈവ് ലോയ്ഡുമായും ഫാറൂഖ് എൻജിനീയറുമായും പരിചയപ്പെടുത്തി. നിയമവും സ്പോർട്സും വിടാതെ പിന്തുടർന്ന ഫിലിപ് ആദ്യം നഴ്സാകാനാണ് പഠിച്ചത്. പിന്നീടാണു നിയമബിരുദം നേടുന്നത്. 

ചൈനക്കാരനായ കോച്ച് ചാൻ ആണ് ഫിലിപ്പിനെ ബാഡ്‌മിന്റനിലേക്കു വഴി തിരിച്ചത്. ബാഡ്മിന്റണിനു പുറമേ 25 മാരത്തണുകളിലും കുതിരപ്പന്തയത്തിലും ഫോർമുല വൺ കാറോട്ട മത്സരങ്ങളിലും പങ്കെടുത്തു. പറഞ്ഞാൽ തീരാത്തത്ര കഥകളുടെ ഘോഷയാത്രയാണ് ഇരുനൂറോളം രാജ്യങ്ങൾ സന്ദർശിച്ച ഒറ്റയാനായ ഫിലിപ്പിന്റെ ജീവിതം. 

ഓർമകളിലേക്കുള്ള കാലം തെറ്റാതെയുള്ള തിരിച്ചുപോക്കാണ് റാക്കറ്റ് ബോയ് എന്ന ആത്മകഥയുടെ പ്രത്യേകത. 1961 ലെ ഒരു അവധിക്കാലത്ത് പതിനൊന്നാമത്തെ വയസ്സിൽ മലയയിൽ നിന്ന് കപ്പലിൽ നാഗപട്ടണം വഴി നാട്ടിലേക്കുള്ള യാത്രയിൽ തുടങ്ങി 1968ൽ ഇത്യോപ്യൻ ചക്രവർത്തി ഹെയ്‌ലി സെലാസിയുടെ മലേഷ്യ സന്ദർശനവും 1969ലെ ചന്ദ്രനിലെ മനുഷ്യന്റെ കാലുകുത്തലും മുതൽ സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ‌ട്രേഡ് സെന്റർ ആക്രമണം കഴിഞ്ഞ് അവിടെ നേരിട്ടു പോയതുമെല്ലാം താളുകളിൽ നിറയുന്നു. 

വംശീയതയുടെ നിഴലുകൾ

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരോട് ഇംഗ്ലിഷുകാർ പുലർത്തുന്ന ഉൾപ്പോര് എന്നും തനിക്ക് നേരിടേണ്ടി വന്നിരുന്നതായി ഫിലിപ് പറയുന്നു. ലോകമെങ്ങും സഞ്ചരിച്ചതു വഴിയുള്ള അനുഭവങ്ങളും ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യവും കൊണ്ടാണ് ഇതിനെ നേരിട്ടത്. എഴുപതുകളിൽ ഇംഗ്ലണ്ടിൽ ചെന്ന സമയത്ത് സാമ്പോ ക്ലബ്ബിൽ മദ്യം വിളമ്പുന്ന ജോലിക്കിടെ നിറത്തിന്റെ പേരിൽ കളിയാക്കൽ നേരിട്ടപ്പോൾ സുഹൃത്ത് ഉപദേശിച്ചു: ഡോണ്ട് മൈൻഡ്. മുന്നോട്ടുള്ള ജീവിതത്തിലും ഇത്തരം അനുഭവങ്ങളോട് ഫിലിപ് ഈ നിലപാട് തന്നെയാണ് സ്വീകരിച്ചതും. 

ലങ്കാഷെർ ആശുപത്രിയിലെ 20–ാം നമ്പർ വാർഡ് മാനസിക രോഗികളായ കുട്ടികളെക്കൊണ്ട് നിറഞ്ഞപ്പോൾ ഇത് എന്തുകൊണ്ട് എന്ന് അന്വേഷിക്കാൻ നഴ്സായ ഫിലിപ് തയാറായി. വീട്ടിൽ കുട്ടികളെ നോക്കാൻ ആളില്ലാത്തതായിരുന്നു കാരണം. ബാഡ്മിന്റൻ കളിപ്പിച്ചും ഐസ്ക്രീം വാങ്ങിക്കൊടുത്തും ഫിലിപ് പലരെയും സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നു. തയാറാക്കിയ റിപ്പോർട്ട് പാർലമെന്റിൽ വരെ ചർച്ചയായി. ഇതിനിടെ ഒപ്പമുള്ള നഴ്സിനോടു തോന്നിയ പ്രണയം അവിടെ വലിയ ഒച്ചപ്പാടുണ്ടാക്കി. വെള്ളക്കാരിയെ പ്രണയിക്കാൻ ഈ ഏഷ്യക്കാരൻ ആര് എന്ന മട്ടിലായിരുന്നു കാര്യങ്ങൾ. ക്ലബ് മത്സരങ്ങളിൽ തദ്ദേശീയരെ തോൽപ്പിച്ചപ്പോൾ പലരും നെറ്റിചുളിച്ചു. കറുത്ത കുതിര എന്നു പത്രങ്ങൾ തലക്കെട്ടിട്ടു. ട്രോഫിയുമായി പോകുമ്പോൾ പൊലീസ് പിടിച്ചു. ‘എവിടെ നിന്ന് പൊക്കി’ എന്നായി ചോദ്യം. തൊലിയുടെ നിറമാണ് പ്രശ്നമായത്. നീ ഞങ്ങളിൽ ഒരുവനെന്നു പറഞ്ഞ് ഒപ്പം കൂട്ടിയവരും ഉണ്ടായിരുന്നു. 

1974ൽ സ്റ്റുഡന്റ് വീസയിൽ ജോലി ചെയ്യുന്നു എന്നു പറഞ്ഞ് പുറത്താക്കാൻ ബ്രിട്ടിഷ് ആഭ്യന്തര വകുപ്പ് ശ്രമിച്ചെങ്കിലും വീണ്ടും പഠിക്കാൻ തുടങ്ങിയതോടെ വീസ നീട്ടി കിട്ടി. തുടർന്ന് സ്ഥിര താമസ അനുമതിയായി. 1975 ൽ ബോംബെ വഴി കോഴ‍ഞ്ചേരിയിലേക്കുള്ള ആദ്യ വരവിൽ ജൂലിയ എന്ന കൂട്ടുകാരിയെയും ഒപ്പം കൂട്ടി. ലണ്ടനിൽ തിരികെയെത്തി നഴ്സിങ് ജോലി ഉപേക്ഷിച്ച് ബാങ്ക് ജോലിക്കാരനായി. ജൂലിയയുമായി വിവാഹം നടന്നെങ്കിലും പിന്നീട് വേർപിരിഞ്ഞു.  പിതാവിന്റെ മരണവും ഇതിനിടെ സംഭവിച്ചു. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയുമായി ലണ്ടനിൽ നിന്നു വിമാനം കയറുമ്പോൾ ഫിലിപ്പ് ഡയറിയിൽ കുറിച്ചു: മലയാള മനോരമയിൽ വാർത്ത നൽകണം. 

എൺപതുകളിലാണ് നിയമ ബിരുദം നേടുന്നത്. മനുഷ്യാവകാശം മുതൽ പാവങ്ങളോടുള്ള അതിക്രമം വരെയുള്ള വിഷയങ്ങളിൽ കേസുകൾ വാദിക്കാൻ തുടങ്ങിയ ഫിലിപ് ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങൾക്കായി ധാരാളം കേസുകൾ വാദിച്ചു. വൈറ്റ് സൈഡ് ആൻഡ് നോൾസ് എന്ന അഭിഭാഷക സ്ഥാപനത്തിൽ നിന്നു 2013ൽ വിരമിച്ചു.

ഇറ്റലിയിലേക്ക് ബ്രെക്സിറ്റ്

ബ്രെക്സിറ്റ് വരുന്നതിനു മുൻപ് അതു ജീവിതത്തിൽ നടപ്പാക്കിയ ആളാണ് ഫിലിപ്. 42 വർഷം താമസിച്ച ലങ്കാസ്റ്ററിനോട് ബ്രെക്സിറ്റ് പ്രഖ്യാപിച്ച് ഇറ്റലിയിലെ സാൻ റൊമാനോ ഗ്രാമത്തിലേക്ക് വിരമിച്ചതിനു ശേഷം താമസം മാറ്റി. ഒത്തിരിക്കാലം ഫിലിപ്പിന് ഒപ്പം ഉണ്ടായിരുന്ന ലാബ്രഡോർ ഇനത്തിൽപെട്ട ജോർജിന്റെ കുടീരം ഇറ്റലിയിലെ വീട്ടുമുറ്റത്ത് സ്നേഹസ്മാരകമായി വാലാട്ടി നിന്ന് ഓർമകളെ തഴുകുന്നു. ഗ്രാമത്തിൽ നിന്ന് റോമിലേക്കും മിലാനിലേക്കും ഫ്ലോറൻസിലേക്കും സ്വിറ്റ്‌സർലൻഡിലേക്കും കാറിൽ ഏതാണ്ട് തുല്യദൂരമാണ്. ബ്രിട്ടിഷ് പാസ്പോർട്ട് കാണിച്ചാൽ അതിർത്തി തുറക്കും. 

അജ്ഞാത ദേശങ്ങളിലേക്ക് പോകുന്ന മലയാളികളോട് ഫിലിപ് പറയുന്നു: കഴിവുകേടുകളെപ്പറ്റി വ്യാകുലപ്പെടുന്ന ഓരോ ചെറുപ്പക്കാർക്കും വിജയത്തിലേക്കു വഴികാട്ടാനാണ് ഈ പുസ്തകം. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ രണ്ടു മാസമായി സഞ്ചരിച്ച് യുവജനങ്ങൾക്കു പ്രചോദനം പകരാൻ ഫിലിപ് സമയം കണ്ടെത്തി. 6 മാസത്തിനകം വീണ്ടും വരും. കേരളത്തിലെ വിദ്യാലയങ്ങളാണ് ലക്ഷ്യം. ഗാർഡിയൻ പത്രത്തിൽ എഴുതിയിരുന്ന, പാലക്കാട്ട് വേരുകളുള്ള മലേഷ്യയിലെ  ഗീതാ കൃഷ്ണന്റെ സഹായത്തോടെയായിരുന്നു പുസ്തക രചന. 

English Summary:

Autobiography of Philip George who visited nearly two hundred countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com