ഇന്ത്യയുടെ ആദ്യ വനിത ഒളിംപ്യൻ മെഹ്റി ടാറ്റയോ നോറ പൊല്ലിയോ?; ഒരു നേട്ടത്തിന്റെയും നഷ്ടത്തിന്റെയും കഥ
Mail This Article
പാരിസിൽ ഒളിംപിക് ദീപം തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കായികപ്രേമികളുടെ മനസ്സിൽ ആ ചോദ്യം ഉയരുന്നു: ഇന്ത്യയുടെ ആദ്യ വനിത ഒളിംപ്യൻ ആരാണ്? 1920 ആന്റ്‌വെർപ് ഒളിംപിക്സിനെത്തിയ മെഹ്റി ടാറ്റയോ 1924 പാരിസ് ഒളിംപിക്സിനെത്തിയ നോറ പൊല്ലിയോ?? അതോ അത്‌ലറ്റിക് ട്രാക്കിൽ ആദ്യമിറങ്ങിയ നീലിമ ഘോഷും മേരി ഡിസൂസയുമാണോ?
1896ൽ ആധുനിക ഒളിംപിക്സിന് തുടക്കമായെങ്കിലും വനിതകൾ ആദ്യമായി മത്സരിക്കാനിറങ്ങിയത് 1900ലെ പാരിസ് മേളയിലാണ്. ഇന്ത്യയിൽ നിന്ന് വനിതാ കായികതാരങ്ങൾ ഒളിംപിക്സ് എൻട്രി ലിസ്റ്റിൽ ഉൾപ്പെടുന്നത് 1920ൽ ആന്റ്‌വെർപിൽ നടന്ന ഏഴാമത് ഒളിംപിക്സിലാണ്. അന്ന് ഇന്ത്യയിൽ നിന്നു പോയ 7 അംഗ ഒളിംപിക് സംഘത്തിൽ ടെന്നിസ് താരം എം. ടാറ്റ എന്ന ലേഡി മെഹർഭായ് ടാറ്റയും ഉണ്ടായിരുന്നു.
വ്യവസായ പ്രമുഖനും ഇന്ത്യൻ ഒളിംപിക് പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നയാളുമായ ദൊറാബ്ജി ജെ. ടാറ്റയുടെ ഭാര്യയായിരുന്നു മെഹ്‌റി ടാറ്റ. വനിതകളുടെ സിംഗിൾസ് മത്സരത്തിലാണ് നാൽപതുകാരിയായ മെഹ്റി ടാറ്റയുടെ പേരുണ്ടായിരുന്നത്. എന്നാൽ മത്സരിക്കാതിരുന്നതിനാൽ ഒളിംപ്യൻ എന്ന പദവി അവർക്ക് അന്ന് ലഭിച്ചില്ല. മത്സരിക്കുന്നവർക്ക് മാത്രമാണ് ഒളിംപിക്സ് ചട്ടപ്രകാരം ഒളിംപ്യൻ എന്ന പദവി ലഭിക്കുക.
തൊട്ടടുത്ത 1924 പാരിസ് മേളയിൽ ഇന്ത്യയിൽനിന്നു പോയ 14 അംഗ ഒളിംപിക് സംഘത്തിൽ ഏഴ് ടെന്നിസ് താരങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ടെന്നിസ് ടീമിൽ രണ്ടു പേർ വനിതകളായിരുന്നു. മെഹ്റി ടാറ്റയും നോറ പൊല്ലിയും. ടെന്നിസിലെ രണ്ട് ഇനങ്ങളിലാണ് നോറയുടെ പേരുണ്ടായിരുന്നത്: വനിതാ സിംഗിൾസിലും മിക്സഡ് ഡബിൾസിലും. മെഹ്റി ടാറ്റയാകട്ടെ മിക്സഡ് ഡബിൾസിൽ ടീമിലാണ് ഉണ്ടായിരുന്നത്. അവർ മുഹമ്മദ് സലിമിനൊപ്പം മത്സരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആദ്യമത്സരത്തിൽ എതിരാളികൾ ഇല്ലാത്തതിനാൽ ഈ ജോഡി കളത്തിലിറങ്ങിയില്ല. മെഹ്റി അന്ന് കളിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ആദ്യ വനിത ഒളിംപ്യൻ എന്ന ഖ്യാതി സ്വന്തമാക്കാമായിരുന്നു.
ഏതായാലും ഇതേ ദിവസം തന്നെ ഇന്ത്യയുടെ ആദ്യ വനിത ഒളിംപ്യൻ പിറന്നു. വനിത സിംഗിൾസിൽ രണ്ടാം റൗണ്ടിലിറങ്ങിയ നോറ പൊല്ലി ഗ്രീസിന്റെ ലെന വലറിട്ടോവിനെ 1–6, 6–3, 6–2 എന്ന സ്കോറിൽ തോൽപിച്ച് ചരിത്രത്തിലേക്ക് നടന്നു കയറി. മിക്സഡ് ഡബിൾസിൽ മെഹ്റി ടാറ്റ– മുഹമ്മദ് സലിം സഖ്യം രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങിയില്ല. പുരുഷ സിംഗിൾസിൽ മെഡൽ സാധ്യതയുണ്ടായിരുന്ന മുഹമ്മദ് സലിമിന് ക്ഷീണമില്ലാതെ മത്സരിക്കാൻ മെഹ്റി ടാറ്റ അവസരം നൽകുകയായിരുന്നു എന്നാണ് കരുതുന്നത്. ഒളിംപിക്സിൽ കളിക്കാനിറങ്ങാത്ത മെഹ്റി ടാറ്റ അങ്ങനെ ഒളിംപ്യനല്ലാതായി.
1894ൽ ബംഗാളിൽ ജനിച്ച നോറ മാർഗരറ്റ് ഫിഷർ ഇന്ത്യൻ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായ സിഡ്നി പൊല്ലിയെ വിവാഹം ചെയ്തതോടെയാണ് നോറ പൊല്ലിയായത്. 1924 ഒക്ടോബറിനു ശേഷം ഇവരെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. 1988ൽ ഇംഗ്ലണ്ടിൽ വച്ച് മരിച്ചു. പൊല്ലിയുടെ നേട്ടത്തിന് 100 വയസ്സ് തികയുമ്പോൾ ഒരു സങ്കടം അവശേഷിക്കുന്നു: അവരുടെ ഒരു ചിത്രം പോലും കായികപ്രേമികൾക്ക് ഇന്ന് ലഭ്യമല്ല.
നീലിമ ഘോഷും മേരി ഡിസൂസയും
ആദ്യ വനിതാ ഒളിംപ്യൻ ആരെന്ന ചർച്ചകളിൽ രണ്ടു പേരുകൾ കൂടി കേൾക്കാറുണ്ട്: നീലിമ ഘോഷും മേരി ഡിസൂസയും. ഒളിംപിക്സിലെ അത്‌ലറ്റിക് ട്രാക്കിലിറങ്ങിയ ആദ്യ ഇന്ത്യൻ വനിതകളാണ് ഇവർ. സ്വാതന്ത്ര്യാനന്തരം ഇന്ത്യ പങ്കെടുത്ത ആദ്യ ഒളിംപിക്സ് 1948ൽ ലണ്ടനിലാണ്. 1952 മുതലാണ് വനിതകളെ ടീമിൽ ഉൾപ്പെടുത്തുന്നത്. അന്ന് ഹെൽസിങ്കിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അത്‌ലറ്റിക് ട്രാക്കിലിറങ്ങിയത് മേരി ഡിസൂസയും നീലിമ ഘോഷുമാണ്. ഇരുവരും 100 മീറ്ററിൽ മത്സരിച്ചു.
മെഡലണിഞ്ഞവർ
1924ൽ ഇന്ത്യയ്ക്ക് ആദ്യ വനിതാ ഒളിംപ്യനെ കിട്ടിയെങ്കിലും ഇന്ത്യയിലേക്ക് ഒരു വനിത ആദ്യമായി മെഡലുമായി പറന്നിറങ്ങിയത് 2000ലെ സിഡ്നി മേളയിലാണ്. ഭാരോദ്വഹനത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരി. പിന്നാലെ സൈന നെഹ്‌വാൾ (ബാഡ്മിന്റൻ, വെങ്കലം– 2012), മേരികോം (ബോക്സിങ്, വെങ്കലം– 2012), പി. വി. സിന്ധു (ബാഡ്മിന്റൻ, വെള്ളി–2016, വെങ്കലം–2020), സാക്ഷി മാലിക്ക് (ഗുസ്തി, വെങ്കലം– 2016), മീരാഭായ് ചാനു (ഭാരോദ്വഹനം, വെള്ളി–2020), ലവ്‌ലിന ബോർഗോഹെയ്ൻ (ബോക്സിങ്, വെങ്കലം–2020) എന്നിവരാണ് ഇന്ത്യയ്ക്ക് മെഡലുകൾ സമ്മാനിച്ച വനിതകൾ.