ഒടുവിൽ ഫ്രാൻസ് നിലപാട് അറിയിച്ചു – ‘മയ്യഴി നിങ്ങളുടേതാണ്’; മയ്യഴി വിമോചനത്തിന് ജൂലൈ 16ന് 70 വയസ്സ്
Mail This Article
‘‘നിങ്ങളുടെ മാർച്ച് പാലം കടന്നാൽ ഫ്രഞ്ച് പട്ടാളം വെടിവച്ചിരിക്കും’’ – 1954 ജൂലൈ 13നു നടന്ന അനുരഞ്ജന ചർച്ചയിൽ മയ്യഴി അഡ്മിനിസ്ട്രേറ്റർ ദെഷോം മയ്യഴി ഗാന്ധി ഐ.കെ.കുമാരനെ അറിയിച്ചു. പക്ഷേ, ഇന്ത്യൻ പതാകയുമേന്തി ആയിരക്കണക്കിനു സമരഭടന്മാരുമായി മയ്യഴിയിലേക്കു മാർച്ച് ചെയ്തു വരുമെന്നും അവിടെവച്ചു കാണാമെന്നും പറഞ്ഞായിരുന്നു ഐ.കെ.കുമാരന്റെ ഇറങ്ങിപ്പോക്ക്.
വിമോചന സമരം അന്ത്യഘട്ടത്തിൽ
അങ്ങനെ, പതിറ്റാണ്ടുകൾ നീണ്ട ഫ്രഞ്ച് ഭരണം അവസാനിപ്പിക്കാൻ 1954 ജൂലൈ 14നു മയ്യഴിയിലേക്കു മാർച്ച് ചെയ്യാൻ സ്വാതന്ത്ര്യപ്പോരാളികൾ തീരുമാനിച്ചു. മാർച്ച് പ്രഖ്യാപിച്ചു കൊണ്ടുള്ള മഹാജനസഭ കർമ സമിതിയുടെ നോട്ടിസ് തലേന്നു വൈകുന്നേരം മയ്യഴി മക്കൾ വായിച്ചു:
‘‘പ്രിയപ്പെട്ട നാട്ടുകാരേ,
മയ്യഴിയിലെ ഫ്രഞ്ച് സാമ്രാജ്യത്വ ഭരണം അവസാനിപ്പിച്ച് മയ്യഴിയെ മാതൃഭാരതത്തോടു കൂട്ടിച്ചേർക്കുന്നതിനു വേണ്ടി കഴിഞ്ഞ ഏപ്രിൽ 9ന് മഹാജനസഭ ആരംഭിച്ച വിമോചന സമരം ഇന്ന് അന്ത്യഘട്ടം പ്രാപിക്കാൻ പോകുകയാണ്. വിമോചന സമരത്തിന്റെ അവസാന ഘട്ടമെന്ന നിലയിൽ മഹാജനസഭ പ്രസിഡന്റ് ശ്രീ.ഐ.കെ.കുമാരന്റെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം 3 മണിക്ക് ആയിരക്കണക്കിനു മഹാജനസഭ വൊളന്റിയർമാർ മയ്യഴിയിലേക്കു മാർച്ച് ചെയ്യുന്നതായിരിക്കും. ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ വെടിയുണ്ടകൾക്കു വിരിമാറു കാണിക്കാൻ തയാറെടുത്തു കൊണ്ടു മുന്നേറുന്ന സന്നദ്ധസംഘം നമ്മുടെ ദേശീയ സമരത്തിന്റെ മഹത്തായ പാരമ്പര്യം നിലനിർത്തിക്കൊണ്ട് അഹിംസാനിഷ്ഠരായിട്ടാണു മയ്യഴിയിൽ പ്രവേശിക്കുക’’.
1948 ലെ ഒക്ടോബർ വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മണ്ണാണു മയ്യഴി. അന്നു ഫ്രഞ്ച് ഭരണം കുറച്ചു ദിവസത്തേക്ക് അവസാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും വീണ്ടും ഫ്രഞ്ച് പടക്കപ്പൽ എത്തി മയ്യഴി തിരികെ പിടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ മാർച്ചിന്റെ ഗതിയെന്താകും എന്നു മയ്യഴി സ്വാതന്ത്ര്യ സമരത്തെ നയിച്ച ഐ.കെ.കുമാരന് ഒരുറപ്പും ഉണ്ടായിരുന്നില്ല. പക്ഷേ, മാർച്ച് ഒരു കലാപത്തിലേക്കു നീങ്ങരുതെന്ന് അവർ തീരുമാനിച്ചിരുന്നു.
കേരളഗാന്ധി കെ.കേളപ്പന്റെ നിർദേശപ്രകാരം മാർച്ചിലെ അംഗങ്ങളെ 100 പേരായി ചുരുക്കി. പക്ഷേ, കമ്യൂണിസ്റ്റുകൾ മറ്റൊരു രീതിയിലാണ് അതിനെ കണ്ടത്. മാർച്ചിൽ നിന്നു തങ്ങളെ ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് അവർ വിശ്വസിച്ചു.
ഫ്രഞ്ച് വിപ്ലവത്തിന്റെ അതേ ദിവസം മാർച്ച്
വൈകുന്നേരം അഞ്ചരയ്ക്കു മയ്യഴി പാലത്തിനടുത്തു പതിനായിരത്തിലധികം പേർ പങ്കെടുത്ത പൊതുയോഗത്തിൽ കെ.കേളപ്പൻ വികാരഭരിതനായി പ്രസംഗിച്ചു: ‘‘മയ്യഴിയിലേക്കു സന്നദ്ധഭടൻമാരെയും നയിച്ചു പോകുന്ന ഐ.കെ.കുമാരൻ ഏതെങ്കിലും ഫ്രഞ്ച് പട്ടാളക്കാരന്റെ വെടിയേറ്റു നിലംപതിച്ചാൽ ഒരു തുള്ളി കണ്ണുനീർ ഞാൻ പൊഴിക്കില്ല. സ്വന്തം നാടിന്റെ മോചനത്തിനു വേണ്ടിയുള്ള ഐതിഹാസികമായ സമരത്തിൽ തന്റെ കടമ നിറവേറ്റിയതിന് ഒരു ധർമ ഭടൻ എന്ന നിലയിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയേ ചെയ്യൂ.’’
മയ്യഴി മാർച്ച് ജൂലൈ 14നു നിശ്ചയിക്കപ്പെട്ടതിനു ചരിത്രപരമായ ഒരു കാരണം കൂടിയുണ്ടായിരുന്നു. 1789 ജൂലൈ 14നാണ് ഫ്രഞ്ച് വിപ്ലവം നടന്നത്. ലൂയി പതിനാലാമന്റെ ഭരണം അവസാനിപ്പിക്കാൻ ഫ്രാൻസിലെ ബാസ്റ്റിൻ കോട്ടയിലേക്ക് വിപ്ലവപ്പോരാളികൾ മാർച്ച് നടത്തിയതും പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ കോട്ട കീഴടക്കിയതും ഇതേ ദിവസമായിരുന്നു.
അങ്ങനെ വൈകുന്നേരം മയ്യഴി മാർച്ച് ആരംഭിച്ചു. നീളമുള്ള മുളന്തണ്ടിൽ കെട്ടിയ ദേശീയപതാകയുമായി ഐ.കെ.കുമാരൻ മുന്നിൽ നടന്നു. എല്ലാവരും തൊണ്ട പൊട്ടുമാറുച്ചത്തിൽ ‘ഫ്രാൻസ്വെ ക്വിത്തലേന്ത്’ (ഫ്രഞ്ചുകാർ ഇന്ത്യ വിടുക) വിളിച്ചു മയ്യഴി ലക്ഷ്യമാക്കി നടന്നു. അവരുടെ ചുരുട്ടിപ്പിടിച്ച മുഷ്ടികൾ മുദ്രാവാക്യത്തിനൊപ്പം ആകാശത്തേക്കുയർന്നു. രണ്ടു നൂറ്റാണ്ടായി മൂപ്പൻ സായ്‌വിന്റെ കുന്നിലെ കൂറ്റൻ കൊടിമരത്തിൽ പാറിക്കളിക്കുന്ന ഫ്രഞ്ച് കൊടി താഴ്ത്തി ഇന്ത്യൻ ത്രിവർണ പതാക ഉയർത്തണം. അതുമാത്രമാണ് അവരുടെ ലക്ഷ്യം.
സ്വാതന്ത്ര്യം എന്ന മധുരം
അങ്ങനെ മയ്യഴിപ്പാലം പാതി കടന്ന് അവർ ഫ്രഞ്ച് മയ്യഴിയിലെത്തി. നിറതോക്കുകളുമായി നിന്നിരുന്ന പട്ടാളം അവിടെ നിന്നു പിൻവാങ്ങുന്ന കാഴ്ചയാണു സമരക്കാർ കണ്ടത്. മയ്യഴിയുടെ മണ്ണിൽ ആരും മാർച്ച് തടഞ്ഞതുമില്ല. പകരം, പാലത്തിനപ്പുറത്തു കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ മാർച്ചിനെ സ്വാഗതം ചെയ്തു. അവരും മാർച്ചിനൊപ്പം കൂടി.
മാർച്ച് ഭരണ സിരാകേന്ദ്രമായ ‘ഒത്തേൽ ദ്യു ഗുവെർണമ’യ്ക്കു മുന്നിലെത്തി. അവിടെയും മാർച്ചിനു നേരെ തോക്കു ചൂണ്ടി നിൽക്കുന്ന പട്ടാളക്കാരെ കണ്ടില്ല. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടുപോയതു പോലെ ഫ്രഞ്ചുകാരും ഈ മണ്ണു വിട്ടുപോകണമെന്ന് ഐ.കെ.കുമാരൻ പ്രസംഗിച്ചു. കുറച്ചു സമയത്തിനു ശേഷം, അടച്ചിട്ട ബംഗ്ലാവിന്റെ ഗേറ്റുകൾ തുറന്ന് മുസ്യേ ദെഷോം പുറത്തേക്കുവന്നു. പിന്നെ, ഫ്രാൻസിന്റെ നിലപാട് അറിയിച്ചു: ‘മായേ സേത്താവൂ’ – മയ്യഴി നിങ്ങളുടേതാണ്.
കേട്ടു നിന്നവരിൽ പലർക്കും ആ വാക്കുകൾ വിശ്വസിക്കാനായില്ല. ചിലർ കരയുന്നുണ്ടായിരുന്നു. കയ്യടിച്ചും കെട്ടിപ്പിടിച്ചും അവർ ‘സ്വാതന്ത്ര്യം’ ആഘോഷിച്ചു. രണ്ടു നൂറ്റാണ്ടിലധികം നീണ്ട ഫ്രഞ്ച് ഭരണം മയ്യഴിയിൽ അവസാനിപ്പിച്ചതിന്റെ ആവേശക്കൊടുമുടിയിൽ അവർ നിർത്താതെ മുദ്രാവാക്യം വിളിച്ചു.
മൂപ്പൻ സായ്‌വിന്റെ കുന്നിലേക്കു പോയ മാർച്ചിന് എന്തു സംഭവിച്ചു എന്നറിയാൻ അക്ഷമരായി പുഴയ്ക്കപ്പുറത്തു കാത്തുനിന്ന ആയിരങ്ങളിലേക്കും സ്വാതന്ത്ര്യ വാർത്ത പരന്നു. മഴയിൽ കലങ്ങിമറിഞ്ഞ പുഴയ്ക്കപ്പുറം ആർപ്പുവിളികളുയർന്നു. മറുകരയിൽ ഇന്ത്യൻ യൂണിയൻ പ്രദേശമായ അഴീക്കലിൽ ആകാംക്ഷാഭരിതരായി കാത്തുനിന്ന ജനം ഈ വാർത്ത കേട്ടതോടെ ദേശീയപതാകയുമായി പുഴ കടന്നു മയ്യഴിയിലേക്കു മാർച്ച് ചെയ്തു.
ഫ്രഞ്ചുകാർ കപ്പൽ കയറുന്നു
ജൂലൈ 15നും ചർച്ചകൾ തുടർന്നു. ഒടുവിൽ ജൂലൈ 16നു മയ്യഴി വിട്ടുപോകുമെന്നു ദെഷാം അറിയിച്ചു. ഫ്രാൻസിന്റെ നിലപാട് ഐ.കെ.കുമാരൻ കേളപ്പജിയെയും കുട്ടിമാളു അമ്മയെയും ഇന്ത്യൻ സർക്കാരിനെയും അറിയിച്ചു. മയ്യഴിയുടെ വിമോചനം പോണ്ടിച്ചേരി, കാരയ്ക്കൽ, യാനം തുടങ്ങിയ പ്രദേശങ്ങളുടെ വിമോചനത്തിനു വഴിയൊരുക്കുന്ന തരത്തിൽ അന്തസ്സോടെ നടത്തണമെന്ന് ഇന്ത്യൻ ഗവൺമെന്റ് നിർദേശം നൽകി.
പോണ്ടിച്ചേരിയിൽ നിന്നു പുറപ്പെട്ട ‘ഗ്രാം വീൽ’ എന്ന ഫ്രഞ്ച് കപ്പൽ 1954 ജൂലൈ 16ന് പുലർച്ചെ കാലവർഷക്കോളിൽ അശാന്തമായ കടലിൽ മയ്യഴിക്ക് അഭിമുഖമായി നങ്കൂരമിട്ടു. ദെഷാമിനും കൂട്ടുകാർക്കും പോകാൻ സമയമായിരിക്കുന്നു. പതിനാറ് തോണികളിൽ അവർ കപ്പലിനെ ലക്ഷ്യംവച്ച് യാത്രയായി. ദെഷാം, 60 പൊലീസുകാർ, അവരുടെ തലവൻമാർ അങ്ങനെ മയ്യഴിയിലുണ്ടായിരുന്ന ഫ്രഞ്ചുകാരെല്ലാം ക്ഷോഭിച്ച കടലിലൂടെ തോണികളിൽ കപ്പലിനെ ലക്ഷ്യമാക്കി നീങ്ങി. അവസാനം വരെ ഫ്രഞ്ച് ഭരണത്തോടു കൂറുപുലർത്തിയ ഏതാനും നാട്ടുകാരും അവർക്കൊപ്പം കപ്പൽ കയറി. രാത്രി ഒൻപതു മണിയോടെ ‘ഗ്രാം വീലി’ൽ നിന്നു സൈറൺ മുഴങ്ങി. കപ്പൽ മയ്യഴിയോട് യാത്ര പറഞ്ഞു.
108 ദിവസത്തെ പരമാധികാര രാജ്യം
പിറ്റേന്ന്, ഫ്രഞ്ചുകാർ ഇറങ്ങിയ കുന്നിൻമുകളിൽ ജനസാഗരത്തെ സാക്ഷിനിർത്തി ഐ.കെ.കുമാരൻ ഖദർ നൂലിൽ നെയ്‌തെടുത്ത ഇന്ത്യൻ പതാക ഉയർത്തിക്കെട്ടി. പിന്നെ 15 അംഗ കൗൺസിൽ മയ്യഴി ഭരണം ഏറ്റെടുത്തു. അങ്ങനെ മയ്യഴി ഫ്രഞ്ചുകാരുടേതോ ഇന്ത്യൻ ഗവൺമെന്റിനു കീഴിലോ അല്ലാത്ത ഒരു പരമാധികാര രാജ്യമായി. ആ സ്വതന്ത്ര ഭൂപ്രദേശത്തെ 108 ദിവസം ഐ.കെ.കുമാരന്റെ നേതൃത്വത്തിലുള്ള കൗൺസിൽ ഭരിച്ചു.
പിന്നീട് ഫ്രഞ്ച് – ഇന്ത്യൻ കരാറിന്റെ അടിസ്ഥാനത്തിൽ ഫ്രഞ്ചുകാർ ഇന്ത്യൻ പ്രദേശങ്ങളിലെ തങ്ങളുടെ കോളനികൾ 1954 നവംബർ 1ന് ഇന്ത്യയ്ക്കു കൈമാറി. അങ്ങനെ, ഫ്രഞ്ചിന്ത്യൻ പ്രദേശങ്ങളായിരുന്ന പോണ്ടിച്ചേരിയിൽ നിന്നും യാനത്തു നിന്നും കാരയ്ക്കലിൽ നിന്നും ഫ്രഞ്ചുകാർ പതിറ്റാണ്ടുകൾ നീണ്ട ഭരണമവസാനിപ്പിച്ചു കപ്പൽ കയറി.