ADVERTISEMENT

നൂറല്ല, 6 വർഷം മുൻപ്, 2018ലെ പ്രളയത്തിലാണ് മൂന്നാറിലെ പെരിയവരൈ പാലം തകരുന്നത്. അതിഭീകര മഴയിൽ ഹൈറേഞ്ചിൽ പലയിടത്തും വെള്ളം കയറി. ഇടുക്കി ഡാമിന്റെ കൈവഴികളിലെ മിക്ക പാലങ്ങളും റോഡുകളും തകർന്നു. പെരിയവരൈ പാലം പുനർനിർമിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ഡ്രജിങ് നടത്തിയ തൊഴിലാളികൾക്ക് ഒരു ചക്രം ലഭിച്ചു. കാളവണ്ടിയുടേതെന്ന് ആദ്യം കരുതിയെങ്കിലും 100 വർഷം പഴക്കമുള്ള പഴയ മൂന്നാറിലെ മോണോ റെയിലിന്റെ ചക്രമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

ചെറു തുരുമ്പു പോലും പിടികൂടിയിട്ടില്ലാത്ത ആ ചക്രം മൂന്നാറിലെ ടീ മ്യൂസിയത്തിലെ ആദ്യ മുറിയിൽ തന്നെ സ്ഥാപിച്ചു. ഇന്നത്തെ മൂന്നാർ കെട്ടിപ്പൊക്കിയത് പ്രൗഢി നിറഞ്ഞ പഴയ മൂന്നാറിന്റെ മുകളിലാണെന്നതിന്റെ സാക്ഷ്യം  പോലെ. ഒരു പ്രദേശം തന്നെ ഇല്ലാതാക്കിയ 99ലെ പ്രളയത്തിന് 100 വയസ്സ് തികയുമ്പോൾ കേരള ചരിത്രത്തിലെ ഏറ്റവും വലിയ മഴ പെയ്തിറങ്ങിയിട്ടും 100 വർഷമാകുന്നു.  

1924 ജൂലൈ 16

കൊല്ലവർഷം 1099

കർക്കടകം 1

100 വർഷം മുൻപുള്ള ജൂലൈ മാസത്തിലെ മൂന്നാർ. ആദ്യ ആഴ്ചകളിൽ സംസ്ഥാനത്ത് മഴ ശാന്തമായിരുന്നു. മൂന്നാറിൽ നൂൽ മഴയ്ക്കൊപ്പം മഞ്ഞും ഇറങ്ങി. കനത്ത തണുപ്പ്. തമിഴരും മലയാളികളും തോട്ടങ്ങളിൽ പണിയെടുക്കുന്നു. ഇംഗ്ലിഷുകാർ മഴ ആസ്വദിക്കുന്നു. ജൂലൈ പകുതിയോടെയാണു മഴ അതിശക്‌തമായത്. രാവും പകലും മഴ മാത്രം.  ഇടമുറിയാതെ മൂന്നാഴ്ച  മൂന്നാറിൽ കാലവർഷം കലിതുള്ളി പെയ്തിറങ്ങി. അന്നത്തെ തെക്കൻ തിരുവിതാംകൂറിന്റെയും വടക്കൻ മലബാറിന്റെയും താഴ്ന്ന പ്രദേശങ്ങളിൽ ഇരുപതടിയോളം ഉയരത്തിൽ വെള്ളം പൊങ്ങി.

കരമാർഗമുള്ളതും ജലഗതാഗതവും ഒരു പോലെ മുടങ്ങി. ഒട്ടേറെ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. തപാൽ സംവിധാനം ഉൾപ്പെടെയുള്ള വാർത്താവിനിമയ മാർഗങ്ങൾ ഒന്നാകെ നിലച്ചു. വെള്ളത്തിനൊപ്പം പട്ടിണിയും ദാരിദ്ര്യവും ഇരച്ചു കയറി. ആലപ്പുഴ ജില്ല പൂർണമായി പ്രളയജലത്തിലും കടൽക്ഷോഭത്തിലും മുങ്ങി. കോഴിക്കോട്, കൊച്ചി നഗരങ്ങളും എറണാകുളം ജില്ലയുടെ നാലിൽ മൂന്നു ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. എന്നാൽ ഈ പ്രളയത്തിൽ എത്ര പേർ മരിച്ചു എന്നതിന് കണക്ക് ഇല്ല. അപകടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കുകൾ ശേഖരിക്കാൻ അന്നു സംവിധാനങ്ങൾ ഇല്ലാത്തതിനാൽ 99ലെ പ്രളയം ചരിത്രരേഖകളിൽ ഇടംപിടിച്ചില്ല. 

മൂന്നാറിനെ തകർത്തെറിഞ്ഞ പേമാരി

സമുദ്രനിരപ്പിൽ വെള്ളം കയറിയത് അദ്ഭുതമല്ല. എന്നാൽ സമുദ്രനിരപ്പിൽ നിന്ന് 5000–6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങൾ പ്രളയത്തിൽ മുങ്ങിയതാണ് കൂടുതൽ അമ്പരപ്പിച്ചത്. മലയ്‌ക്കു മുകളിലാണെന്ന മൂന്നാറിന്റെ അഭിമാനത്തിന്റെ ഉയരെയാണ് അന്നു വെള്ളമുയർന്നത്. ഒൻപതു രാവും പകലും ഇടമുറിയാതെ മഴ ആർത്തലച്ചു പെയ്‌തെന്നു പറയുന്നു. വീടുകൾക്കൊപ്പം വളർത്തുമൃഗങ്ങളും പുഴയിലൂടെ ഒഴുകി.

‘ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന എല്ലാ ആളുകളും മരിച്ചതിന്റെ ശേഷം ശേഷിച്ച 19 വയസ്സു മാത്രമുള്ള ഒരു സ്‌ത്രീ ആറു വയസ്സുള്ള തന്റെ സഹോദരനെ ആ പ്രദേശമെല്ലാം ഓടിച്ചു കൊണ്ട് ഇനി നാം എന്തിനു ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞും കൊണ്ട് വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്‌തിരിക്കുന്നു. ചില വീണു പോയ കെട്ടിടങ്ങളുടെ ജനലിൽക്കൂടെ മരിച്ച മനുഷ്യരുടെ കയ്യും കാലും പുറത്തു കാണാം.’

ഇംഗ്ലിഷുകാർക്കു സന്തോഷത്തോടെ താമസിക്കാൻ തമിഴരും മലയാളികളും പണിതുയർത്തിയ മൂന്നാർ എന്ന സ്വപ്നനഗരം ആ പ്രളയജലത്തിൽ കുത്തിയൊലിച്ചു പോയി. 485 സെന്റിമീറ്റർ മഴയുണ്ടായെന്നു ഇംഗ്ലിഷ് ചരിത്ര പുസ്തകങ്ങൾ പറയുന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ മഴയും ഇതാണെന്നു കരുതുന്നു. കുതിച്ചെത്തിയ വെള്ളവും മരത്തടികളും പാറക്കല്ലുകളും മൂന്നാർ പട്ടണത്തെ തകർത്തുകളഞ്ഞു. 

മൂന്നാറിനെ മുക്കിയത് രണ്ടു പ്രളയങ്ങൾ

ഓടി മാറാൻ പോലും അവസരം നൽകാതെയാണ് പ്രളയം മൂന്നാറിലുള്ളവരെ കൂടെക്കൂട്ടി ഒഴുകിയത്. മൂന്നാർ പട്ടണത്തിനു 10 കിലോമീറ്റർ ചുറ്റളവിൽ വെള്ളം പൊങ്ങി. മഴവെള്ളത്തിൽ കടലാസ് വഞ്ചികൾ കണക്കെ മനുഷ്യശരീരങ്ങൾ കല്ലുകളിലും മറ്റും ഇടിച്ചിടിച്ച് ഒഴുകി. ‍കനത്ത മഴയിൽ ഉരുൾപൊട്ടി രണ്ടു ബണ്ടുകൾ തനിയെ രൂപപ്പെടുകയും ഇവ പൊട്ടുകയുമായിരുന്നു. 

മൂന്നാർ ടൗണിന്റെ ഇപ്പോഴത്തെ ദൃശ്യം. ചിത്രം: റെജു അർണോൾഡ് /മനോരമ
മൂന്നാർ ടൗണിന്റെ ഇപ്പോഴത്തെ ദൃശ്യം. ചിത്രം: റെജു അർണോൾഡ് /മനോരമ

മൂന്നാർ പട്ടണത്തിൽ നിന്നു 10 കിലോമീറ്റർ ദൂരെ ഇപ്പോൾ മാട്ടുപ്പെട്ടി അണക്കെട്ടുള്ള ഭാഗത്താണ് ഒലിച്ചെത്തിയ മരങ്ങൾ അടിഞ്ഞുകൂടി ഒരു ബണ്ട് രൂപപ്പെട്ടത്. ഉരുൾപൊട്ടിയെത്തിയ ജലം അവിടെ കെട്ടിനിന്നു. ഭാരം താങ്ങാനാവാതെ ബണ്ട് തകർന്നു. കണ്ണടച്ചു തുറക്കും വിധം താഴോട്ടൊഴുകിയ വെള്ളവും കടപുഴകിയ മരങ്ങളും മൂന്നാർ പട്ടണത്തെ തകർത്തു. റെയിൽപാതയും റോഡുകളും തകർന്നു. റെയിൽവേ സ്റ്റേഷനും നഷ്ടപ്പെട്ടു. 

ഇപ്പോഴത്തെ ഹെഡ്‌വർക് ഡാമുള്ള സ്ഥലത്തെ ബണ്ട് തകർന്നാണ് രണ്ടാം പ്രളയം ഉണ്ടായത്. പെരിയവരൈ, കന്നിമല ഭാഗത്തു നിന്നുള്ള ഒഴുക്കു കൂടിയായപ്പോൾ പഴയ മൂന്നാറിനു സമീപത്ത് 1000 ഏക്കറോളം സ്ഥലം തടാകമായി മാറി. മഴ തുടങ്ങിയതിന്റെ ആറാം ദിവസം ഈ ബണ്ട് പൊട്ടി. ഈ വെള്ളമെത്തി പള്ളിവാസലിൽ 200 ഏക്കർ കുത്തിയൊലിച്ചു. പള്ളിവാസലിൽ 150 അടി ഉയരത്തിൽ  വെള്ളച്ചാട്ടം രൂപപ്പെട്ടു. മരിക്കാതെ ശേഷിച്ച മൂന്നാറുകാർക്കായി ടൗൺ പള്ളിയിൽ അഭയാർഥി ക്യാംപ് തുറന്നു. മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല പൂർണമായി ഇല്ലാതായി. 

രണ്ടാഴ്ച കഴിഞ്ഞാണ് മൂന്നാറിൽ വെള്ളമിറങ്ങിയത്. പൂജ്യത്തിൽ നിന്ന് ആരംഭിക്കണമെന്ന് മനസ്സിലാക്കിയ അവശേഷിച്ച നാട്ടുകാർ പുതിയ പട്ടണം നിർമിക്കാൻ ഒരുമിച്ചിറങ്ങി. അങ്ങനെ പഴയ മൂന്നാറിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെ പുതിയ പട്ടണം പിറവിയെടുത്തു. എച്ച്‌ഒഎൽ മരയ്‌ക്കാർ ഗ്രൂപ്പിനായിരുന്നു പുതിയ മൂന്നാറിന്റെ നിർമാണച്ചുമതല. 

പുതിയ റോഡുകളും സർക്കാർ സ്ഥാപനങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും എത്തി. റെയിൽപാളങ്ങൾ ഉപയോഗിച്ച് പട്ടണത്തിലെ വൈദ്യുതി പോസ്റ്റുകൾ നിർമിച്ചു. കണ്ണൻദേവൻ കമ്പനി ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടമായിരുന്നു പഴയ റെയിൽവേ സ്റ്റേഷൻ. അതിന്റെ ഗേറ്റിൽ ചെവി വച്ചാൽ വർഷങ്ങൾക്കു മുൻപ് ഓടിയ തീവണ്ടിയുടെ ഇരമ്പൽ ചിലപ്പോൾ കേൾക്കാൻ കഴിഞ്ഞേക്കാം. റെയിൽപാളം ഉപയോഗിച്ച് നിർമിച്ച ആ ഗേറ്റ് പറയുന്ന മൂന്നാറിന്റെ പഴയ കഥകൾ പോലെ... 

ദ് ഗ്രേറ്റ് ഓൾഡ് മൂന്നാർ

1902ൽ മൂന്നാറിൽ ഇംഗ്ലിഷുകാർ റെയിൽവേ സ്ഥാപിക്കുമ്പോൾ രാജ്യത്തെ പല വൻ നഗരങ്ങളിലും തീവണ്ടിപ്പുക എത്തിയിരുന്നില്ല. മൂന്നാറിലെ റോപ്‌വേ അക്കാലത്തു ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ റോപ്‌വേകളിലൊന്നായിരുന്നു. റോപ്‌വേ സ്റ്റേഷൻ എന്നെഴുതിയ മൂന്നാർ ടൗണിൽ നിലവിലുള്ള ബോർഡിന് 100 വർഷത്തിനു മുകളിൽ പഴക്കമുണ്ട്. 

പൂഞ്ഞാർ രാജാവും ഇംഗ്ലിഷുകാരും  മല കയറുന്നതിനു മുൻപു മൂന്നാർ മുതുവാന്മാരുടെ ഭൂമിയായിരുന്നു. ഇവർ ഇന്നും മലമുകളിലെ കോളനികളിൽ ഉണ്ട്. എഡി 1252ൽ പൂഞ്ഞാർ രാജവംശം മൂന്നാർ അഞ്ചുനാട് പ്രദേശം സ്വന്തമാക്കി. പിന്നീട് നൂറ്റാണ്ടുകളോളം ഈ പ്രദേശം പൂഞ്ഞാർ രാജാവിന്റെ അധീനതയിലായിരുന്നു. ടിപ്പു സുൽത്താൻ തിരുവിതാംകൂറിലേക്കു പട നയിച്ച കാലത്താണു ഇംഗ്ലിഷുകാർ ആദ്യമായി മൂന്നാറിലെത്തിയത്. 1790ൽ കേണൽ ആർതർ വെല്ലസ്‌ലിയാണ് ബ്രിട്ടിഷ് സൈന്യത്തെ നയിച്ച്  ആദ്യം മൂന്നാറിലെത്തിയത്. ടിപ്പു മൈസൂരുവിലേക്കു മടങ്ങിയെങ്കിലും മൂന്നാർ വിടാൻ ഇംഗ്ലിഷുകാർ കൂട്ടാക്കിയില്ല. പൂഞ്ഞാർ രാജാവിൽ നിന്നു പാട്ടത്തിനെടുത്ത കണ്ണൻദേവൻ കുന്നുകളിൽ ബ്രിട്ടിഷ് സൈന്യം കോട്ട പണിതു. 

1880ൽ എ.എച്ച്.ഷാർപ് എന്ന ബ്രിട്ടിഷുകാരൻ മൂന്നാറിലെ ആദ്യ തേയിലച്ചെടി നട്ടു. തേയില മൂന്നാറിൽ പച്ച പിടിച്ചതോടെ തൊഴിലാളികൾക്കായുള്ള തിരച്ചിലായി.  തിരുച്ചിറപ്പള്ളിയിൽ പ്രത്യേക റിക്രൂട്ടിങ് കേന്ദ്രം ആരംഭിച്ച് കൂടുതൽ തമിഴ്‌നാട്ടുകാരെ മൂന്നാറിലെത്തിച്ചു. 

മലയാളികളെയും തമിഴരെയും കൂട്ടി വെള്ളക്കാർ  മൂന്നാർ പണിതുയർത്തി. അക്കാലത്ത് മൂന്നാറിലും പരിസരത്തുമായി 16 തേയില ഫാക്ടറികൾ ഉണ്ടായിരുന്നു. തോട്ടങ്ങളിൽ നിന്നു തേയില ചാക്കുകളിലാക്കി എത്തിക്കുക കാളവണ്ടികളിലായിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് 500 കാളകളെയാണ് ഇതിനായി എത്തിച്ചത്. വെറ്ററിനറി സർജനെയും രണ്ടു സഹായികളെയും ഒപ്പം കൊണ്ടു വന്നു. തേയില മൂന്നാറിൽ തഴച്ചു വളർന്നു. ബ്രിട്ടനിൽ നിന്നു കൂടുതൽ പേർ മൂന്നാറിലെത്തി.

ഏഷ്യയിലെ സ്വിറ്റ്സർലൻഡ് എന്ന് ഇംഗ്ലിഷുകാർ മൂന്നാറിനെ ഓമനിച്ചു വിളിച്ചു. അവധിയാഘോഷിക്കാൻ സ്വിറ്റ്‌സർലൻഡിലേക്കു പോയിരുന്ന ഇംഗ്ലിഷുകാർ മൂന്നാറിലേക്കു വരാൻ തുടങ്ങി. നിലവിലെ ഹൈ ഓൾറ്റിറ്റ്യൂഡ് സ്റ്റേഡിയത്തിൽ കുതിരപ്പന്തയം പതിവായി. തേയിലച്ചാക്കുകൾ മലയാളികൾക്കും തമിഴർക്കും ചുമക്കാവുന്നതിലേറെ ആയപ്പോൾ മൂന്നാറിൽ ഇംഗ്ലിഷുകാർ റെയിൽവേ പണിതു. 

കുണ്ടളവാലി റെയിൽവേ എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യത്തെ ആദ്യ മോണോ റെയിൽ സിസ്റ്റം ആണിതെന്നു പറയപ്പെടുന്നു. മൂന്നാറിൽ നിന്നു മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്‌നാട്ടിലെ തേനി ജില്ലയുടെ അതിർത്തി വരെയായിരുന്നു റെയിൽപാത. 

തീവണ്ടിയിൽ കൊണ്ടു പോകുന്ന തേയിലച്ചാക്കുകൾ ഇന്നത്തെ തേനി ജില്ലയിലെ ടോപ്‌സ്‌റ്റേഷനിൽ നിന്നു റോപ്‌വേയിലൂടെ ബോഡിനായ്‌ക്കന്നൂരിലെത്തിക്കും. അവിടെനിന്നു തൂത്തുക്കുടി തുറമുഖം വഴി  ഇംഗ്ലണ്ടിലേക്ക്. മൂന്നാർ തേയില അങ്ങനെ ലോകപ്രസിദ്ധമായി.

മുങ്ങിപ്പൊങ്ങിയ കേരളം

‘പുത്തൻകാവ് പള്ളിമുറ്റത്തു നിന്നു നോക്കിയപ്പോൾ ലോകം ഒരു സമുദ്രം പോലെ കാണപ്പെട്ടു. സഹ്യപർവതം മുഴുവൻ പൊടിച്ചു കലക്കിയാണ് വരവ്. പാമ്പും കീരിയും കോഴിയും ആറ്റിലൂടെ ഒഴുകുന്ന വൃക്ഷങ്ങളുടെ ശിഖരത്തിൽ സ്ഥാനം പിടിച്ചിരുന്നു. കാട്ടാനയും കാട്ടുപോത്തും കടുവയും പുലിയും ചുഴിയിൽ താണും മലരിയിൽ പൊങ്ങിയും കൂട്ടിക്കൊളുത്തിയ തീവണ്ടിപോലെ വേമ്പനാട്ടു കായലിലേക്കു പാഞ്ഞുകൊണ്ടിരുന്നു’. – 99 ലെ പ്രളയത്തെക്കുറിച്ചു മഹാകവി പുത്തൻകാവ് മാത്തൻ തരകൻ ആത്മകഥയിൽ കുറിച്ചിട്ട വരികൾ. 

കായൽ ഭൂമിയായ കുട്ടനാടിനെയും സമുദ്ര നിരപ്പിൽ നിന്ന് 6500 വരെ അടി ഉയരമുള്ള മൂന്നാറിനെയും ഒരുപോലെ മുക്കിയ ജലപ്രളയത്തിൽ മുങ്ങിപ്പൊങ്ങി വന്നതാണ് നമ്മുടെ കേരളം. തിരുവിതാംകൂറിലും മലബാറിലും താഴ്ന്ന പ്രദേശങ്ങളിൽ 20 അടിയോളം വെള്ളം ഉയർന്നു. ഇന്നത്തെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്.  99ലെ വെള്ളപ്പൊക്കത്തിലെ ഉയർന്ന ജലനിരപ്പ് പഴയ ചില കെട്ടിടങ്ങളിൽ അടയാളപ്പെടുത്തിയത് ഇന്നുമുണ്ട്. 1939, 1961, 2018 വർഷങ്ങളിലാണ് പിന്നീടു കേരളത്തിൽ വൻ പ്രളയം ഉണ്ടായത്.

വെള്ളം പൊങ്ങി ദിവസങ്ങൾക്കു ശേഷം മലയാള മനോരമയിൽ വന്ന വാർത്ത

കർക്കടകം 14, 1099, ദേവികുളം. മൂന്നാർ വെള്ളത്തിനടിയിലായിരിക്കുന്നു. മല ഇടിഞ്ഞുവീഴുക നിമിത്തം 100ൽ ചില്ല്വാനം ആളുകൾ ഇവിടെ മരിച്ചിട്ടുണ്ട്. ഇവിടത്തെ കച്ചേരി ഇരിക്കുന്നതു നാലുവശവും മലകളാൽ ചുറ്റപ്പെട്ട ഒരു താഴ്‌വരയിലാകുന്നു. മഴയിൽ ഇതു നാലും പൊട്ടി താഴെ വരികയും വളരെ നാശങ്ങൾ ഉണ്ടാവുകയും ചെയ്‌തിരിക്കുന്നു. സർക്കാർ പാലമുൾപ്പെടെ മൂന്നു പാലങ്ങൾ വെള്ളം ഒഴുക്കിക്കൊണ്ടുപോയി.

ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന എല്ലാ ആളുകളും മരിച്ചതിന്റെ ശേഷം ശേഷിച്ച 19 വയസ്സു മാത്രമുള്ള ഒരു സ്‌ത്രീ ആറു വയസ്സുള്ള തന്റെ സഹോദരനെ ആ പ്രദേശമെല്ലാം ഓടിച്ചു കൊണ്ട് ഇനി നാം എന്തിനു ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞും കൊണ്ട് വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്‌തിരിക്കുന്നു. ചില വീണുപോയ കെട്ടിടങ്ങളുടെ ജനലിൽക്കൂടെ മരിച്ച മനുഷ്യരുടെ കയ്യും കാലും പുറത്തു കാണാം. മൂന്നാർ എന്നു പറയുന്ന സ്‌ഥലമാണ് ഇവിടത്തെ പ്രധാന ടൗൺ. ഇപ്പോഴാകട്ടെ ആ സ്‌ഥലത്തെ മിക്ക കെട്ടിടങ്ങളും നിലം പതിച്ച് അതുകൾ ഇരുന്ന സ്‌ഥലം നല്ല മണൽപ്പുറമായിരിക്കുന്നു. 

English Summary:

Heaviest rain in the history of Kerala; 100 years since the 99 flood that wiped out an entire region

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com