യുദ്ധക്കുറ്റം; ഇസ്രയേലിന് ആയുധം കൊടുക്കരുതെന്ന് യുഎൻ കൗൺസിൽ
Mail This Article
ജറുസലം, ജനീവ ∙ ഇസ്രയേലിനുള്ള ആയുധസഹായം നിർത്തിവയ്ക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) ആവശ്യപ്പെട്ടു. യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രയേൽ ഉത്തരവാദിയാണെന്നും 47 അംഗ കൗൺസിലിൽ 28 പേർ അനുകൂലിച്ച പ്രമേയം ആരോപിച്ചു. 6 മാസം പിന്നിടുന്ന യുദ്ധത്തിൽ ഇതാദ്യമാണു ജനീവ ആസ്ഥാനമായ യുഎൻഎച്ച്ആർസി ഇസ്രയേലിനെതിരെ കർശനനിലപാടു സ്വീകരിക്കുന്നത്.
വെടിനിർത്തൽ കരാറിനു അടിയന്തര നടപടി വേണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതിനുപിന്നാലെ, ഗാസയിലേക്കു ജീവകാരുണ്യ സഹായമെത്തിക്കാൻ 2 വഴികൾ തുറന്നുകൊടുക്കാമെന്ന് ഇസ്രയേൽ സമ്മതിച്ചു. വടക്കൻ ഗാസയിലെ ഇറെസ് ഇടനാഴിയും തെക്കൻ ഇസ്രയേലിലെ അഷ്ദോദ് തുറമുഖവുമാണു തുറക്കുക. ഗാസയിൽ ജീവകാരുണ്യ പ്രവർത്തകരെയും ജനങ്ങളെയും സംരക്ഷിക്കാനെടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇസ്രയേലിനുള്ള ഭാവി സഹായമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഗാസയിൽ യുഎസ് സന്നദ്ധ സംഘടനയായ വേൾഡ് സെന്റർ കിച്ചന്റെ 7 പ്രവർത്തകരെ ബോംബിട്ടു കൊന്ന സംഭവത്തിൽ 2 ഓഫിസർമാരെ പുറത്താക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. മറ്റു 3 ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാവും. ഗുരുതരമായ വീഴ്ച സംഭവിച്ചതായും സൈനികചട്ടങ്ങൾ ലംഘിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇസ്രയേൽ സേനാനേതൃത്വം അറിയിച്ചു. എന്നാൽ, സ്വന്തം വീഴ്ചയിൽ സത്യസന്ധമായ അന്വേഷണം നടത്താൻ ഇസ്രയേൽ സൈന്യത്തിനു കഴിയില്ലെന്നും സ്വതന്ത്ര കമ്മിഷനെ വച്ച് അന്വേഷിപ്പിക്കണമെന്നും വേൾഡ് സെൻട്രൽ കിച്ചൻ ആവശ്യപ്പെട്ടു.
-
Also Read
ഗാസയിൽ വീണ്ടും സഹായവിതരണം തടഞ്ഞ് ഇസ്രയേൽ
ജീവകാരുണ്യപ്രവർത്തകരെ ലക്ഷ്യമിടുന്ന ഇസ്രയേൽ പദ്ധതിയുടെ ഭാഗമാണ് 7 പേരെ വധിച്ചതെന്നു കൊല്ലപ്പെട്ട കനേഡിയൻ പൗരൻ ജേക്കബ് ഫ്ലിക്കിങറുടെ മാതാപിതാക്കൾ പറഞ്ഞു. തങ്ങളുടെ പൗരൻ ഗാസയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേൽ അംബാസഡറെ വിളിച്ചുവരുത്തി പോളണ്ട് പ്രതിഷേധമറിയിച്ചു. ഒക്ടോബർ 7നുശേഷം യുഎൻ ഏജൻസിയുടേത് അടക്കം 169 സന്നദ്ധ പ്രവർത്തകരാണു ഗാസയിൽ കൊല്ലപ്പെട്ടത്.
ഇതുവരെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 33,091 പലസ്തീൻകാർ കൊല്ലപ്പെട്ടു. 75,750 പേർക്കു പരുക്കേറ്റു. ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 2 മുതിർന്ന ജനറൽമാർ അടക്കം 7 ഇറാൻ സൈനിക ഉദ്യോഗസ്ഥരുടെ െടഹ്റാനിലെ സംസ്കാരച്ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തു.