തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം
Mail This Article
ജറുസലം ∙ മുതിർന്ന കമാൻഡർ മുഹമ്മദ് നാമിഹ് നാസറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിലേക്ക് ഹിസ്ബുല്ല ശക്തമായ ആക്രമണം നടത്തി. 10 സൈനിക കേന്ദ്രങ്ങളിലേക്ക് ഇരുനൂറിലധികം റോക്കറ്റുകൾ അയച്ചെങ്കിലും ആളപായമില്ല. തിരിച്ചടിയായി ബെയ്റൂട്ടിലെയും മറ്റും ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങളും ആക്രമണം നടത്തി.
ഇസ്രയേലിന്റെ കൂടുതൽ മേഖലകൾ ആക്രമിക്കുമെന്നും ഗാസയിൽ നടത്തുന്ന അക്രമം അവസാനിപ്പിക്കാതെ പിന്മാറില്ലെന്നുമുള്ള നിലപാടിലാണ് ഹിസ്ബുല്ല. മാസങ്ങളായി മൂർച്ഛിച്ചു വന്ന ഇസ്രയേൽ– ഹിസ്ബുല്ല സംഘർഷം ഇതോടെ പൂർണ യുദ്ധത്തിലേക്കു കടക്കാനുള്ള സാധ്യതയേറി. സംഘർഷം ഒഴിവാക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) നേതൃത്വത്തിൽ ശ്രമം തുടരുന്നു.
ഗാസയിലെ വെടിനിർത്തൽ ചർച്ച ചെയ്യാനായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഇസ്രയേൽ കാബിനറ്റ് യോഗം ചേർന്നിരുന്നു. തെക്കൻ ഗാസയിലെ ഇപ്പോഴത്തെ നടപടികളോടെ യുദ്ധത്തിന്റെ രൂക്ഷഘട്ടം അവസാനിക്കുകയാണെന്നും ഹമാസ് വീണ്ടും സംഘടിക്കുന്നത് ഒഴിവാക്കാനുള്ള പോരാട്ടത്തിലേക്കു മാത്രമായി സൈനികനീക്കം ഒതുങ്ങുമെന്നുമാണ് ഇസ്രയേൽ പറയുന്നത്.
ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാത്തതിനെതിരെ പല രാജ്യങ്ങളിലും പ്രതിഷേധ സമരങ്ങൾ തുടരുകയാണ്. ഓസ്ട്രേലിയയിൽ നടന്ന സമരത്തിൽ പ്രക്ഷോഭകർ പാർലമെന്റ് കെട്ടിടത്തിനു മുകളിൽ ബാനർ ഉയർത്തി. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ സെനറ്റർ ഫാത്തിമ പെയ്മാൻ പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് അംഗത്വം രാജിവച്ചിരുന്നു.
∙ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 38,011 പലസ്തീൻകാർ കൊല്ലപ്പെട്ടു. 87,445 പേർക്ക് പരുക്കേറ്റു.