ADVERTISEMENT

ന്യൂഡൽഹി ∙ അമേരിക്കയ്ക്കു താൽപര്യമുള്ള രണ്ടിടങ്ങളിൽ യുദ്ധം നടക്കുന്നിതിനിടെയാണ് ഡോണൾഡ് ട്രംപ് ഒരിടവേളയ്ക്കുശേഷം രണ്ടാം തവണ യുഎസ് പ്രസിഡന്റായി എത്തുന്നത്. 2 യുദ്ധങ്ങളുടെയും മുന്നോട്ടുള്ള ഗതിയെ ട്രംപിന്റെ വരവ് തീർച്ചയായും സ്വാധീനിക്കും. യുക്രെയ്നിനും അവർക്ക് സൈനികവും സാമ്പത്തികവുമായി പിന്തുണ നൽകുന്ന യൂറോപ്യൻ രാജ്യങ്ങൾക്കുമാണ് ഏറെ ആശങ്ക. റഷ്യയോട്, പ്രത്യേകിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ചെറിയൊരു ചായ്‌വുള്ള ആളായാണ് ട്രംപ് ഒന്നാം ഭരണകാലത്തുതന്നെ അറിയപ്പെട്ടിരുന്നത്. അതൊരു തിരഞ്ഞെടുപ്പ് വിവാദവുമായിരുന്നു.

അധികാരത്തിലെത്തിയാലുടൻ ട്രംപ് യുക്രെയ്ൻ യുദ്ധത്തിൽനിന്ന് അമേരിക്കയെ പിൻവലിക്കുമെന്നൊന്നും കരുതേണ്ടതില്ല. യുക്രെയ്നിന് ഏറ്റവുമധികം ആയുധസഹായം നൽകുന്നത് അമേരിക്കയാണ്. അതു നിർത്തലാക്കിയാൽ ദിവസങ്ങൾക്കുള്ളിൽ യുക്രെയ്ൻ പ്രതിരോധം തകരുമെന്നുറപ്പാണ്. അങ്ങനെയൊരു റിസ്ക് എടുക്കാനൊന്നും ട്രംപ് തയാറാവുകയില്ല. മാത്രമല്ല, അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് സൈന്യത്തെ പിൻവലിച്ച് അഫ്ഗാൻ ഭൂമി പിടിച്ചെടുക്കാൻ താലിബാനെ അനുവദിച്ചതിന് ജോ ബെഡനെ ട്രംപ് വിമർശിക്കുകയും ചെയ്തിരുന്നു.

എങ്കിലും അമേരിക്കൻ നികുതിദായകരുടെ പണം മറ്റൊരു വൻകരയിലെ മറ്റാരുടെയോ യുദ്ധത്തിനു ചെലവഴിക്കുന്നതു ശരിയല്ലെന്ന ട്രംപിന്റെ പഴയ അഭിപ്രായം ഇക്കുറി അദ്ദേഹത്തിനു പ്രശ്നമാകും. യൂറോപ്യൻ സൈനികസഖ്യമായ നാറ്റോയെയും ഫലത്തിൽ നിലനിർത്തുന്നത് അമേരിക്കൻ പണമാണെന്നു പറയാം. യൂറോപ്യൻ സുരക്ഷയ്ക്കു യൂറോപ്പു തന്നെ കൂടുതൽ ചെലവാക്കണമെന്ന് ട്രംപ് വീണ്ടും ആവശ്യപ്പെട്ടേക്കാം. അതിന്റെ തുടർച്ചയെന്നോണം, യുക്രെയ്നിന്റെ സുരക്ഷ, യൂറോപ്യൻ സുരക്ഷയ്ക്ക് അവശ്യമെങ്കിൽ അതിനും യൂറോപ്പ് കൂടുതൽ ചെലവു ചെയ്യണമെന്ന് ട്രംപ് നിർബന്ധം പിടിച്ചേക്കാം.

കടുംപിടുത്തക്കാരനെങ്കിലും ലോകം പ്രതീക്ഷിക്കാത്ത രീതിയിൽ അമേരിക്കയുടെ വൈരികളുമായി ഇടപെടാൻ ട്രംപിന് പ്രത്യേക കഴിവുണ്ട്. ഉത്തരകൊറിയൻ നേതൃത്വവുമായി ബന്ധപ്പെട്ടതും ഒടുവിൽ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയതും തന്നെ ഏറ്റവും മികച്ച ഉദാഹരണം. ഒരു പാശ്ചാത്യഭരണാധികാരിയും മുൻപൊരിക്കലും അതിനു ശ്രമിച്ചിട്ടില്ല. ആ രീതിയിലുള്ള സമീപനം യുക്രെയ്ൻ പ്രശ്നത്തിലും ട്രംപ് സ്വീകരിക്കാതിരിക്കാൻ ന്യായമില്ല. ട്രംപ് ഭരണകൂടം ചർച്ചയ്ക്കായി മോസ്കോയുമായി ബന്ധപ്പെട്ടാൽ യുക്രെയ്നിനും യൂറോപ്പിനു തന്നെയും അതു തടയാനായെന്നു വരില്ല. ചൈനയാണ് അവിടെ പ്രശ്നം. റഷ്യയോടും പുട്ടിനോടും ട്രംപിന് ഉണ്ടെന്ന് ആരോപിക്കുന്ന മമത ചൈനയോടില്ല.

അവർ ഒരുമിച്ചുനിൽക്കുന്നതാണ് വൻഭീഷണിയായി യൂറോപ്പ് കാണുന്നത്. യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് റഷ്യയെയും ചൈനയെയും തമ്മിൽ അകറ്റാനും ട്രംപ് ശ്രമിച്ചേക്കാം. മറിച്ചും സംഭവിക്കാം. യുഎസ് വാണിജ്യ താൽപര്യങ്ങൾക്ക് ചൈനയുമായുള്ള ബന്ധം ആവശ്യമാണ്. ഇക്കാര്യത്തിൽ തയ്‌വാനാണ് പ്രധാന വിലങ്ങുതടി. തയ്‌വാൻ അമേരിക്കയ്ക്ക് ഒന്നും നൽകുന്നില്ലെന്ന് ട്രംപ് ഒരിക്കൽ പ്രസ്താവിച്ചത് തയ്‌വാനെ ആശങ്കയിലാക്കും. 

ഏതായാലും തയ്‌വാനെ പെട്ടെന്നു കൈവെടിയാൻ അമേരിക്കയ്ക്കു സാധ്യമല്ല. ആഗോള മൈക്രോചിപ്പ്– സെമികണ്ടക്ടർ വ്യവസായങ്ങളുടെ വൻ ലബോറട്ടറിയാണ് തയ്‌വാൻ. അതു ചൈനയുടെ കൈവശമാകാൻ ഒരിക്കലും അമേരിക്ക അനുവദിക്കില്ല.

മുൻ യുഎസ് പ്രസിഡന്റുമാർ ശ്രമിക്കാത്ത പലതും പശ്ചിമേഷ്യയിലും ട്രംപ് നടപ്പാക്കിയിരുന്നു. ഇസ്രയേലും വിവിധ അറബ്‍രാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്ചകൾ നടത്തുകയും ഉടമ്പടികളുണ്ടാക്കുകയും ചെയ്ത ആളാണ് ട്രംപ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടത്തിയ ജി–20 ഉച്ചകോടിക്കിടെ പ്രഖ്യാപിച്ച ഇന്ത്യ–മധ്യപൂർവേഷ്യ–യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു വഴിവച്ചതു തന്നെ ആ ഉടമ്പടികളാണ്.

ഇസ്രയേൽ–ഹമാസ് പോരാട്ടത്തോടെ ഇടനാഴിയുടെ മേൽ നിഴൽ വീണിരിക്കുന്നു. അതിനു പിന്നിൽ ഇറാനാണെന്നാണ് ഇസ്രയേലിന്റെയും പാശ്ചാത്യലോകത്തിന്റെയും സംശയം.  സുന്നി അറബ് ലോകത്തെ ഒപ്പം നിർത്തി ഇറാനെ ശാക്തികമായി ഒതുക്കാനാവും ട്രംപിന്റെ ശ്രമമെന്നു കരുതാം.മാത്രമല്ല, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അടുത്ത സുഹ‍ൃത്തുമാണ് ട്രംപ്. ഇപ്പോൾ നടക്കുന്ന പോരാട്ടത്തിൽ ഇസ്രയേൽ ഇറാനെതിരെയും ഇറാന്റെ ബി–ടീം ആയി കണക്കാക്കപ്പെടുന്ന ഹിസ്ബുല്ലയ്ക്കെതിരെയുമാണ് വാളെടുത്തിരിക്കുന്നത്. 

English Summary:

Israel happy and Ukraine afraid of Donald Trump's win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com