യുക്രെയ്ൻ: കരുതിക്കളിച്ച് പുട്ടിൻ; പ്രശ്നപരിഹാരം തേടി ട്രംപുമായി ചർച്ച
Mail This Article
ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റായി ജനുവരി 20ന് അധികാരമേൽക്കുന്ന ഡോണൾഡ് ട്രംപുമായി യുക്രെയ്ൻ പ്രശ്നം ചർച്ചചെയ്യാൻ തയാറാണെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രസ്താവന പ്രശ്നപരിഹാരത്തിനു ചെറിയൊരു വഴി തുറന്നു. പുട്ടിനും ട്രംപും തമ്മിൽ വ്യക്തിപരമായ അടുപ്പമുണ്ടെന്നതും അതുപയോഗിച്ച് യുക്രെയ്ൻ പ്രശ്നത്തിനു പരിഹാരം കാണാൻ ഇരുവരും ശ്രമിച്ചേക്കുമെന്നതും പരസ്യമായ രഹസ്യമാണ്. എന്നാൽ, ട്രംപ് അധികാരമേൽക്കാൻ ഒരു മാസം കൂടിയുള്ളപ്പോൾ പുട്ടിൻ ഇങ്ങനെയൊരു പരസ്യപ്രസ്താവന നടത്തിയതെന്തിനെന്നാണ് നിരീക്ഷകർക്കു വ്യക്തമാകാത്തത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യുദ്ധരംഗത്തു റഷ്യൻ സൈന്യം നേട്ടമുണ്ടാക്കുന്നു. റഷ്യൻ സൈന്യത്തിന്റെ പീരങ്കിപ്പോരാട്ടം യുക്രെയ്ൻ നിരകളിൽ കനത്ത നാശമുണ്ടാക്കുന്നു. കുർസ്ക് പ്രദേശത്ത് പിടിച്ചെടുത്ത സ്ഥലങ്ങളിൽ റഷ്യൻ സൈന്യം ശക്തമായി നിലയുറപ്പിച്ചിരിക്കയാണ്. ഏതാനും മാസം മുൻപുവരെ പിടിച്ചെടുത്ത സ്ഥലങ്ങളിൽ ശക്തമായ പ്രതിരോധനിര സൃഷ്ടിക്കാതെയായിരുന്നു റഷ്യൻ സൈന്യം പോരാടിയിരുന്നത്. അതിനാൽ പലപ്പോഴും യുക്രെയ്ൻ സൈന്യത്തിന്റെ തിരിച്ചടിയിൽ നേരത്തേ ഉണ്ടാക്കിയ നേട്ടങ്ങൾ പലതും നഷ്ടപ്പെടുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി പിടിച്ചെടുത്ത ഭൂമിയിൽ ശക്തമായ പ്രതിരോധനിര തീർത്താണ് റഷ്യൻ സൈന്യം മുന്നേറുന്നത്. ഭൂമി തിരിച്ചുപിടിക്കാനുള്ള യുക്രെയ്ൻ ശ്രമങ്ങൾ പാളുന്നു.
ഈ നേട്ടം നിലനിർത്തിക്കൊണ്ട് ചർച്ചകളിലേക്കു നീങ്ങാൻ ഉദ്ദേശിച്ചാവാം ഇപ്പോൾ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നാണ് ഒരു അനുമാനം. റഷ്യ ചർച്ചകൾക്കു തയാറായിരിക്കെ, യുക്രെയ്നിനു കൂടുതൽ ആയുധസഹായം നൽകുന്നതിനെതിരെ പാശ്ചാത്യ രാജ്യങ്ങളിൽ പൊതുജനാഭിപ്രായം ഉയരുമെന്നാവാം കണക്കുകൂട്ടൽ. യുദ്ധം മൂലമുണ്ടായ ഇന്ധനവിലക്കയറ്റവും വാണിജ്യനഷ്ടവും നേരിട്ടുകൊണ്ടിരിക്കുന്ന യൂറോപ്യൻ ജനത ഇത് ഒരു കച്ചിത്തുരുമ്പായി കണ്ട് സമാധാനശ്രമങ്ങൾക്ക് തങ്ങളുടെ ഭരണകൂടങ്ങളുടെ മേൽ സമ്മർദം ചെലുത്തിയെന്നു വരാം.
സിറിയയിൽ റഷ്യ നേരിട്ട തിരിച്ചടിയിൽനിന്നു രക്ഷ നേടാനാവാം ഈ നീക്കമെന്നും കരുതുന്നുണ്ട്. ബഷാർ അൽ അസദിനെ പിന്തുണച്ചിരുന്ന റഷ്യയ്ക്ക് അവസാനനിമിഷം അദ്ദേഹത്തെ കൈയൊഴിയേണ്ടിവന്നു. അതിൽനിന്നു ലോകശ്രദ്ധ തിരിച്ച് യുക്രെയ്ൻ പ്രശ്നത്തിലേക്കു കൊണ്ടുവരാനുമാവാം ശ്രമം. ഇനിയും പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ റഷ്യൻ സൈന്യത്തിനാവില്ലെന്ന് മനസ്സിലാക്കിയാണ് സമാധാനനീക്കമെന്നാണ് മൂന്നാമതൊരു അനുമാനം. പടപൊരുതാൻ വേണ്ടത്ര സൈനികരില്ലാതെ വന്നതോടെ വിദേശപൗരന്മാരെ നിർബന്ധമായും അല്ലാതെയും സൈനികസേവനത്തിനയയ്ക്കേണ്ട നിലയിലാണു റഷ്യയെന്നും കരുതുന്നവരുണ്ട്. ഇന്ത്യയിൽനിന്നു പോയ യുവാക്കളെയും അതുപോലെ ഉത്തരകൊറിയ അയച്ചുകൊടുത്ത സൈനികരെയും വരെ പോരാട്ടമുന്നണിയിലേക്ക് അയയ്ക്കേണ്ടിവന്നിരിക്കയാണിപ്പോൾ.
ഇതൊന്നുമല്ല, കഴിഞ്ഞ ദിവസം റഷ്യൻ സൈന്യത്തിന്റെ ആണവ–രാസായുധ വിഭാഗത്തിന്റെ തലവൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ തന്റെ വ്യക്തിപരമായ സുരക്ഷതന്നെ അപകടത്തിലാണെന്ന് ഭയന്നാവാം പുട്ടിന്റെ ഈ നീക്കമെന്നും കരുതുന്നുണ്ട്. പുട്ടിൻ കഴിഞ്ഞാൽ ഏറ്റവും ശക്തമായ സുരക്ഷാവലയമുള്ള ഏതാനും ചിലരിലൊരാളായിരുന്നു കൊല്ലപ്പെട്ട ജനറൽ ഇഗോർ കിരിലോവ്.