കൈയിൽ കടി കിട്ടിയാലും സന്തോഷം; അതീവരുചികരം ഉറുമ്പ് ചട്ണി; ലോകശ്രദ്ധ നേടി ഇന്ത്യൻ ഗ്രാമം
Mail This Article
ചൈന പോലുള്ള രാജ്യങ്ങളില്‍ വിവിധ ജീവികളെ ഉപയോഗിച്ച് വിഭവങ്ങള്‍ തയാറാക്കുന്നത് നമുക്കറിയാം. ഇന്ത്യയിലെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ പതിവുണ്ട്. ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിൽ, ചുവന്ന ഉറുമ്പുകളെ ഉപയോഗിച്ച് "കായ് ചട്ണി" എന്നൊരു വിഭവം ഉണ്ടാക്കാറുണ്ട്. ഔഷധ ഗുണങ്ങൾക്കും പോഷക ഗുണങ്ങൾക്കും പേരുകേട്ട ഈ ചട്ണിക്ക് 2024 ജനുവരി 2 ന് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (ജിഐ) ടാഗ് ലഭിച്ചു.
Oecophylla smaragdina എന്നറിയപ്പെടുന്ന ചുവന്ന നെയ്ത്തുകാരൻ ഉറുമ്പുകളെയാണ് ഈ വിഭവം തയാറാക്കാന്‍ ഉപയോഗിക്കുന്നത്. അസഹനീയമായ വേദനയാണ് ഈ ഉറുമ്പ് കടിച്ചാല്‍. കടി കിട്ടിയ ഭാഗം നന്നായി തിണര്‍ത്തു വരും. ഏഷ്യയിലെ രണ്ടാമത്തെ വലിയ ജൈവമണ്ഡലമായ സിമിലിപാൽ വനങ്ങൾ ഉൾപ്പെടെയുള്ള, മയൂർഭഞ്ജിലെ വനങ്ങളിലാണ് ഈ ഉറുമ്പുകൾ സാധാരണയായി കാണപ്പെടുന്നത്.
ജില്ലയിലെ നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ ഈ ഉറുമ്പുകളെയും ഇതു കൊണ്ടുണ്ടാക്കിയ വിഭവങ്ങളും വിറ്റ് ജീവിക്കുന്നു. ഉറുമ്പിന്‍ കൂടുകള്‍ കണ്ടെത്തി, ഉറുമ്പുകളെയും മുട്ടകളും അവര്‍ ശേഖരിക്കുന്നു. ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവയുടെ മിശ്രിതം ഉറുമ്പുകള്‍ക്കൊപ്പം ചേര്‍ത്താണ് ചട്ണി ഉണ്ടാക്കുന്നത്. ഇത് ഒരു വര്‍ഷം വരെ കേടുകൂടാതെ ഇരിക്കും. ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ കിഴക്കൻ സംസ്ഥാനങ്ങളിലും സമാനമായ ഉറുമ്പ് ചട്ണികൾ ഉണ്ടാക്കാറുണ്ട്.
ആരോഗ്യഗുണങ്ങൾ ഏറെ
രുചിക്കു പുറമേ ആരോഗ്യഗുണങ്ങള്‍ക്കും പേരു കേട്ടതാണ് ഈ ചട്ണി. പ്രോട്ടീൻ, കാൽസ്യം, സിങ്ക്, വൈറ്റമിൻ ബി-12, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ നല്ല ഉറവിടമാണ് ഇതെന്ന് പറയപ്പെടുന്നു. തലച്ചോറിന്‍റെയും നാഡീവ്യവസ്ഥയുടെയും വികാസത്തിനും എല്ലുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കുമെല്ലാം ഈ വിഭവം സഹായിക്കുമെന്ന് പറയപ്പെടുന്നു. വിഷാദം, ക്ഷീണം, ഓർമക്കുറവ് തുടങ്ങിവയ്ക്ക് ഈ ഉറുമ്പ് ചട്ണി നല്ലതാണ് എന്നും കരുതുന്നു.
ഇന്ത്യയില്‍നിന്നു നിലവില്‍ മുന്നൂറ്റി അന്‍പതിലധികം ജിഐ ടാഗ് ഉണ്ട്. ഇതില്‍ കേരളത്തില്‍നിന്നു തന്നെ മുപ്പതിലധികമുണ്ട്. ഞവര അരി, പാലക്കാടൻ മട്ട അരി, ആലപ്പുഴ പച്ച ഏലം, പൊക്കാളി അരി, വയനാട് ജീരകശാല അരി, കൈപ്പാട് അരി, ചെങ്ങാലിക്കോടൻ നേന്ത്രൻ വാഴ, മറയൂർ ശർക്കര, അട്ടപ്പാടിയില്‍ നിന്നുള്ള ആട്ടുകൊമ്പ് അമര, തുവര, ആലപ്പുഴ ഓണാട്ടുകരയിലെ എള്ള്, ഇടുക്കി കാന്തല്ലൂര്‍ വട്ടവടയിലെ വെളുത്തുള്ളി, കൊടുങ്ങല്ലൂരിലെ പൊട്ടുവെള്ളരി മുതലായവയാണ് കേരളത്തില്‍നിന്നു ജി ഐ ടാഗ് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍. ഒരു പ്രത്യേക ഭൂപ്രദേശത്തിന്‍റെ, സവിശേഷത മൂലം കാര്‍ഷിക വിളകള്‍ക്കും അതിൽനിന്നുള്ള ഉൽപന്നങ്ങള്‍ക്കുമുള്ള ഗുണനിലവാരങ്ങള്‍ വിലയിരുത്തി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ജി.ഐ ടാഗ് നല്‍കുന്നത്.