വിഷുക്കണിക്കായി പഴങ്ങൾ നേരത്തേ വാങ്ങിയോ? കേടാകാതിരിക്കാൻ ഇങ്ങനെ ചെയ്യാം
Mail This Article
ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ പഴങ്ങളാണ് ഏറ്റവും നല്ലത്. ജൂസായും ആല്ലാതെയുമൊക്കെ കഴിക്കാറുണ്ട്. ഇപ്പോഴിതാ വിഷു എത്താറായി. കണിയൊരുക്കാനായി പഴങ്ങളും പച്ചക്കറികളുമൊക്കെ വാങ്ങും. വിഷുവിന് തലേന്നാണ് മിക്കവരും കടകളിൽ നിന്നും പഴങ്ങളും പച്ചക്കറികളും മറ്റും വാങ്ങുന്നത്. അന്നേ ദിവസത്തെ തിരക്ക് കാരണം വാങ്ങുക ഇത്തിരി പ്രയാസമാണ്. മാത്രമല്ല പഴങ്ങൾക്കും പച്ചക്കറികൾക്കും അല്പം വിലയും വര്‍ദ്ധിക്കും. കുറച്ച് ദിവസം മുന്നേ വാങ്ങിവച്ചാൽ ഈ ടെൻഷനൊക്കെയും ഒഴിവാക്കാം. പക്ഷേ ഈ കൊടുംചൂടിൽ പഴങ്ങൾ എങ്ങനെ ഫ്രെഷായി വയ്ക്കും എന്നതാണ് മറ്റൊരു പ്രശ്നം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അധികനാൾ പഴങ്ങൾ കേടാകാതെ സൂക്ഷിക്കാം. എങ്ങനെയെന്ന് നോക്കാം.
∙വാങ്ങുമ്പോൾ അധികം പെട്ടെന്ന് പഴുക്കാത്ത ഫ്രൂട്ട്സ് വാങ്ങാം. അമിതമായി പഴുത്ത പഴങ്ങൾ പെട്ടെന്ന് കേടാകും.
∙കേടുകൂടാതിരിക്കാന്‍ ഓരോ തരം പഴങ്ങളും സൂക്ഷിക്കേണ്ടത് ഓരോ താപനിലയിലാണ്. ആപ്പിള്‍, മുന്തിരി തുടങ്ങിയവ തണുത്ത താപനിലയിലാണ് സൂക്ഷിക്കേണ്ടത്. അതേ സമയം, മാമ്പഴം, ചക്ക, വാഴപ്പഴം, പൈനാപ്പിള്‍ തുടങ്ങിയവയെല്ലാം പുറത്തു തന്നെ വച്ച് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
∙വായുസഞ്ചാരമുള്ള സ്ഥലത്ത് പഴങ്ങൾ സൂക്ഷിക്കാം. ആപ്പിൾ, വാഴപ്പഴം, അവോക്കാഡോ തുടങ്ങിയ ചില പഴങ്ങൾ എഥിലീൻ വാതകം പുറന്തള്ളുന്നതാണ്, ഇത് പാകമാകുന്ന പ്രക്രിയയെ വേഗത്തിലാക്കുകയും സമീപത്തുള്ള പഴങ്ങളും വേഗത്തിൽ പഴുക്കാന്‍ കാരണമാവുകയും ചെയ്യും. ഇങ്ങനെ പെട്ടെന്ന് പാകമാകുന്നത് തടയാൻ, മറ്റു പഴങ്ങള്‍ ഇവയ്ക്കൊപ്പം സൂക്ഷിക്കാതിരിക്കുക
∙പഴങ്ങൾ, പ്ലാസ്റ്റിക് ബാഗുകളിലോ അടച്ച പാത്രങ്ങളിലോ സൂക്ഷിക്കുന്നതിനുപകരം, മെഷോ അല്ലെങ്കിൽ സുഷിരങ്ങളുള്ള പാത്രങ്ങളോ ഉപയോഗിക്കുക. ഇവ മെച്ചപ്പെട്ട വായു സഞ്ചാരം സാധ്യമാക്കും, പെട്ടെന്ന് പഴുക്കുന്നതും ഈർപ്പം അടിഞ്ഞുകൂടുന്നതും പൂപ്പൽ സാധ്യതയും കുറയ്ക്കുന്നു.
∙പാത്രങ്ങളും മറ്റും ഫ്രഷ് ആക്കാന്‍ മാത്രമല്ല, പഴങ്ങള്‍ ഏറെക്കാലം കേടാകാതെ നിലനിര്‍ത്താനും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾക്ക് കഴിവുണ്ട്. പഴങ്ങൾ സൂക്ഷിക്കുന്നതിന് മുമ്പ്, അല്‍പം നാരങ്ങാനീര് അവയ്ക്ക് മുകളില്‍ തളിക്കുക. ഇത് ഓക്സീകരണം മന്ദഗതിയിലാക്കാനും അവയുടെ സ്വാഭാവിക നിറം കാത്തുസൂക്ഷിക്കാനും നല്ലതാണ്.
∙വാഴപ്പഴം, ആപ്പിൾ, പീച്ച് തുടങ്ങിയ പഴങ്ങൾ റഫ്രിജറേറ്ററിൽ വയ്ക്കുന്നതിന് മുമ്പ് ഓരോന്നും ഓരോ പേപ്പർ ടവലുകളില്‍ പൊതിയുക. ഇത് പെട്ടെന്ന് ചീഞ്ഞു പോകാതിരിക്കാന്‍ സഹായിക്കും.
പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കാം
∙ബീൻസ് രണ്ടു വശത്തെയും നാര് കളഞ്ഞ് കിച്ചൺ ടിഷ്യുവിലോ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് പാത്രത്തിൽ അടച്ച് സൂക്ഷിക്കാം.
∙പച്ചക്കറികൾ കറികൾക്ക് ആവശ്യമുള്ളത് പോലെ അരിഞ്ഞു വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം തന്നെ വൃത്തിയായി കഴുകിയെടുക്കണം. അതിനു ശേഷം ജലാംശം ഒട്ടും തന്നെയില്ലാതെ നന്നായി തുടച്ച് ഉണക്കിയെടുക്കാം. ഈർപ്പം നിൽക്കുന്നത് പച്ചക്കറികളിൽ പൂപ്പലുണ്ടാകാനും ചീഞ്ഞുപോകാനുമൊക്കെ ഇടയാക്കും
∙തോരനോ മെഴുക്കുപുരട്ടിയ്‌ക്കോ സാമ്പാറിനോ അവിയലിനോ ഒക്കെ സമയം കിട്ടുമ്പോൾ കഷ്ണങ്ങൾ അരിഞ്ഞു വെയ്ക്കുന്നവരുണ്ട്. ഇങ്ങനെ അരിഞ്ഞെടുക്കുന്നവ വായുകടക്കാത്ത പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല, വലിയ പാത്രമെടുക്കാതെ, കൃത്യമായി നിറഞ്ഞിരിക്കുന്ന തരത്തിലുള്ളവ എടുക്കുകയും വേണം. അല്ലാത്ത പക്ഷം ഈർപ്പമുണ്ടാകാനും പച്ചക്കറികൾ ഉപയോഗശൂന്യമായി പോകാനുമിടയുണ്ട്.
∙ചീരയും മറ്റു ഇലവർഗങ്ങളും പേപ്പർ ടവലിൽ പൊതിഞ്ഞ് ഫ്രിജിൽ സൂക്ഷിക്കാം.
∙ഫ്രിജിൽ വച്ച പച്ചക്കറികൾ ഇടയ്ക്ക് നോക്കിയിട്ട് അതിൽ ചീഞ്ഞത് മാറ്റണം. അല്ലെങ്കിൽ മറ്റു പച്ചക്കറികളും പെട്ടെന്ന് കേടാകും.