ADVERTISEMENT

ഒരു ദിവസത്തിലെ മുഴുവൻ ഊർജവും പ്രദാനം ചെയ്യുക എന്നതാണ് പ്രാതലിന്റെ ധർമം. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമാണ് അതിനായി തിരഞ്ഞെടുക്കേണ്ടത്. എന്നാൽ ആരോഗ്യകരമെന്നു കരുതി കഴിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ ശരീരത്തിന് ഗുണകരമാണോ? പ്രഭാതത്തിൽ നാം കഴിക്കുന്ന ചില ആഹാരങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഏതൊക്കയാണ് ഇവയെന്ന് നോക്കാം. ഇവയൊക്കെ കഴിക്കാം, എന്നാൽ രാവിലെ ഒഴിവാക്കുന്നതാമ് ഉചിതം.

പഴച്ചാറുകൾ 

പഴച്ചാറുകൾ അഥവാ ജൂസുകൾ ഏറെ ആരോഗ്യകരമെന്നു കരുതിയാണ് പ്രഭാത ഭക്ഷണത്തിനൊപ്പം ഇവ കൂടി ശീലമാക്കുന്നത്. എന്നാൽ ഒരു ഗ്ലാസ് നിറയെ സുക്രോസും ഫ്രക്ടോസുമാണ് നമ്മുടെ ശരീരത്തിലെത്തുന്നത്. ഫലമോ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വ്യത്യാസം അനുഭവപ്പെടും. പ്രമേഹ രോഗികളെങ്കിൽ പറയുകയും വേണ്ട. പഴച്ചാറുകളിൽ ഫൈബറും തീരെ അടങ്ങിയിട്ടില്ല. ഡയറ്റിൽ ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമായി ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ ഫലപ്രദമായ മാർഗം പഴങ്ങൾ അതേപടി കഴിക്കുക എന്നുള്ളതാണ്. 

നൂഡിൽസ് 

നൂഡിൽസ് ആ രൂപത്തിലെത്തുന്നതിനു മുൻപ് ഡീപ് ഫ്രൈ ചെയ്യുന്നുണ്ട്. ഉപയോഗിക്കുന്ന മാവിന് അപ്പുറം ഇത്തരത്തിൽ ഫ്രൈ ചെയ്തു തയാറാക്കുന്നത് കൊണ്ടുതന്നെ ഇവ അതിരാവിലെ കഴിക്കുന്നത് ആരോഗ്യകരമല്ല. വീണ്ടും ഇവ വേവിച്ചെടുത്തതിന് ശേഷം എണ്ണ ഉപയോഗിച്ച് തന്നെയാണ് പാചകം. പ്രഭാത ഭക്ഷണമായി നൂഡിൽസ് കഴിക്കാതിരിക്കുന്നതാണ് ഉത്തമം. ശരീര ഭാരം വർധിക്കാനുമിതു കാരണമാകും.

ഫ്ലേവേർഡ് യോഗർട്ട് 

രുചികരമെന്നതു കൊണ്ടുതന്നെ ഫ്ലേവേർഡ് യോഗർട്ട് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഓട്സ്, മുസ്ലി, ഗ്രാനോള എന്നിവയ്‌ക്കെല്ലാമൊപ്പം ഇതുകൂടി ശീലമാക്കുന്നവരുണ്ട്. എന്നാൽ കൃത്രിമ ഫ്ലേവറുകൾ, റിഫൈൻഡ് പഞ്ചസാര, പ്രിസെർവേറ്റിവുകൾ എന്നിവ ചേർത്താണ് ഇവ തയാറാക്കിയെടുക്കുന്നത്. ദിവസവും കഴിക്കുന്നത് പഞ്ചസാര കൂടുതലായി ശരീരത്തിലെത്തിക്കും. അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.

ഗ്രാനോള 

സിറിയലുകൾ, ഡ്രൈ ഫ്രൂട്സ്, നട്സ് എന്നിവ മിക്സ് ചെയ്ത ഗ്രാനോള പ്രഭാതത്തിലെ ഭക്ഷണമായി കഴിക്കുന്നവരുണ്ട്. ഏറെ രുചികരമെന്നത് തന്നെയാണ് ഈ വിഭവത്തിന്റെ പ്രധാനാകർഷണം. എന്നാൽ ഇവയിൽ വലിയ അളവിൽ പഞ്ചസാരയും അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർത്താനും ക്ഷീണം തോന്നാനും ഇത് കാരണമാകും. 

English Summary:

Healthy Breakfasts That Are Actually Harmful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com