ഇങ്ങനെ ആരെങ്കിലും കഴിക്കുമോ? ബോളിവുഡ് താരത്തിന്റെ പുതിയ കോമ്പിനേഷന്‍!
Mail This Article
ഹല്‍വയും മത്തിക്കറിയും പോലെ, കേട്ടാല്‍ 'അയ്യേ' എന്ന് തോന്നിപ്പിക്കുന്ന ഭക്ഷണ കോമ്പിനേഷനുകള്‍ പലരും പരീക്ഷിക്കാറുണ്ട്. ഇത്തരം വിചിത്ര ഭക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗം സൃഷ്ടിക്കാറുമുണ്ട്. ഇക്കുറി അത്തരമൊരു പുതിയ തരം കോമ്പിനേഷന്‍ ഇന്‍റര്‍നെറ്റിന് പരിചയപ്പെടുത്തിയത് മറ്റാരുമല്ല, ബോളിവുഡ് താരവും ഗായികയുമായ പരിണീതി ചോപ്രയാണ് ആള്‍. ഈ പരീക്ഷണത്തിന്‍റെ ഒരു വിഡിയോ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഭക്ഷണമേശയ്ക്ക് മുന്നില്‍, പിങ്ക് സ്ട്രൈപ്സ് ഉള്ള ഷര്‍ട്ടുമണിഞ്ഞ് ഇരിക്കുന്ന പരിണീതിയാണ് വിഡിയോയില്‍. തുടര്‍ന്ന് പ്ലേറ്റില്‍ നിന്നും ടോസ്റ്റ് എടുത്ത് അല്‍പം അവ്ക്കാഡോ പുരട്ടുന്നു. ഇത് സാമ്പാറില്‍ മുക്കിയ ശേഷം അല്‍പ്പം പച്ച ചട്ണി കൂടി ഒഴിച്ച് കഴിക്കുന്നു. കേള്‍ക്കുമ്പോള്‍ അത്ര സുഖമില്ലെങ്കിലും കഴിക്കാന്‍ നല്ല രുചിയാണ് എന്നാണ് നടി ഇതേക്കുറിച്ച് പറയുന്നത്.
ഇതിനടിയില്‍ ഒട്ടേറെ ആളുകള്‍ രസകരമായ മറ്റു ഭക്ഷണ കോമ്പിനേഷനുകളെക്കുറിച്ച് പറയുന്നത് കാണാം. പാന്‍കേക്കിനൊപ്പം രാജ്മ അല്ലെങ്കില്‍ കടലക്കറി കൂട്ടി കഴിക്കാമെന്നു ഒരാള്‍ നിര്‍ദ്ദേശിച്ചു.
വയറിലെ കൊഴുപ്പ് കളയാൻ സൂപ്പറാണ്
ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മോണോസാചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ അവ്ക്കാഡോ, ഊർജ സമ്പുഷ്ടവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ്. അതിനാല്‍ ഒരു നേരത്തെ ഭക്ഷണമായി ഇത് കഴിക്കാം. ഇടത്തരം വലുപ്പമുള്ള ഒരു അവോക്കാഡോയില്‍ 12 ഗ്രാം നാരുകള്‍ ഉണ്ട്. ഇതും ഫാറ്റി ആസിഡുകളും ചേര്‍ന്ന് വയറിലെ കൊഴുപ്പ് എരിച്ചു കളയാനും സഹായിക്കുന്നു. വിത്തിലും കാമ്പിലും കൊഴുപ്പ് സമൃദ്ധമായ ഏക പഴം അവ്ക്കാഡോ തന്നെ.
ഈ കൊഴുപ്പ് പൂർണമായും അപൂരിതം (unsaturated) ആയതിനാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമത്രെ. അവ്ക്കാഡോ പഴത്തിൽ ധാരാളം നാര് (fibre) അടങ്ങിയിട്ടുള്ളതിനാല്‍ പെട്ടെന്ന് വയറുനിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. അരിയാഹാരം ഒഴിവാക്കാനും ശരീരത്തിന്റെ അധികഭാരം (weight loss) കുറയ്ക്കുന്നതിനും അവ്ക്കാഡോ നല്ലതാണ്.