തണ്ണിമത്തനില്‍ നിറം ചേര്‍ത്തിട്ടുണ്ടോ? എളുപ്പത്തില്‍ അറിയാൻ ഈ വിദ്യ പരീക്ഷിക്കൂ
Mail This Article
വളരെ രുചികരമായ ഫലങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. വേനല്‍ക്കാലമാകുമ്പോള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തനെക്കാള്‍ നല്ലൊരു പഴം വേറെയില്ല. ആകെ ഭാരത്തിന്‍റെ 94% ജലാംശമുള്ള തണ്ണിമത്തൻ ശരീരത്തിന് മാത്രമല്ല,
ചർമ്മത്തിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്. കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചർമ്മം പ്രായമാകുന്നത് തടയുകയും ചെയ്യുന്ന വൈറ്റമിൻ സി തണ്ണിമത്തനിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തന്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 100 ഗ്രാം തണ്ണിമത്തനിൽ 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളു. കഴിക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി ദഹനത്തിലൂടെ കത്തിക്കുന്നതിനാല്‍, തണ്ണിമത്തൻ നെഗറ്റീവ് കലോറി ഭക്ഷണമായി കണക്കാക്കപ്പെടുന്നു. കൂടാതെ, തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയതിനാല്‍, ഇത് രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, ഇതില്‍ കാണപ്പെടുന്ന ഒരു പ്രധാന അമിനോ ആസിഡായ സിട്രുലിൻ, രക്തസമ്മർദ്ദം നിയന്ത്രിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്ന നൈട്രിക് ഓക്സൈഡിൻ്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും.
ഇത്രയേറെ ഗുണങ്ങളുള്ള തണ്ണിമത്തന് സീസണ്‍ സമയത്ത് അധികം വിലയും ഉണ്ടാകാറില്ല. എന്നാല്‍, തണ്ണിമത്തന്‍ ദിവസവും കഴിക്കുന്നത് ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. നിറവും തൂക്കവും ഭംഗിയും കൂട്ടാനായി വിപണികളില്‍ എത്തുന്ന തണ്ണിമത്തനില്‍ മായം കലര്‍ത്തിയിരിക്കാന്‍ സാധ്യതയുണ്ട്. കടും ചുവപ്പ് നിറം കൃത്രിമമായി കുത്തിവെച്ച്, മൂപ്പെത്താത്ത തണ്ണിമത്തന്‍ വിപണിയില്‍ എത്തുന്നുണ്ടെന്ന് പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്.
കടയില്‍ നിന്നു വാങ്ങിച്ച തണ്ണിമത്തൻ സുരക്ഷിതവും ആരോഗ്യകരവുമാണോ എന്ന് എങ്ങനെ കണ്ടെത്താം? ഇതിനൊരു ട്രിക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുകയാണ് കോണ്ടന്‍റ് ക്രിയേറ്റര്‍ ആയ ആദിത്യ നടരാജ്.
തണ്ണിമത്തനിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ മായം എറിത്രോസിൻ ബി എന്ന കൃത്രിമ നിറമാണ്. ഈ ചുവന്ന നിറമുള്ള രാസവസ്തു കുത്തിവെച്ചാല്‍, തണ്ണിമത്തന്‍റെ നിറം കൂടുകയും കൂടുതല്‍ കാലം കേടാകാതെ നില്‍ക്കുകയും ചെയ്യും. എറിത്രോസിൻ ബി കഴിക്കുന്നത് ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, വിശപ്പില്ലായ്മ എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
തണ്ണിമത്തനില്‍ മായം ഉണ്ടോ എന്ന് നോക്കാന്‍ വളരെ എളുപ്പമാണ്. ആദ്യം തണ്ണിമത്തന്‍ രണ്ടു ഭാഗങ്ങളായി മുറിക്കുക. ഒരു കോട്ടന്‍ ബോള്‍ ഉപയോഗിച്ച് ഇതിന്‍റെ മാംസളമായ ഭാഗം തടവുക. കോട്ടന്‍ ബോള്‍ പെട്ടെന്നുതന്നെ കടും ചുവപ്പ് നിറമായി മാറുന്നുണ്ടെങ്കില്‍ അതില്‍ മായം കലര്‍ത്തിയിട്ടുണ്ടെന്നു മനസ്സിലാക്കാം.
ഒട്ടേറെ ആളുകള്‍ ഈ വിഡിയോയില്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെയാണെങ്കില്‍ തണ്ണിമത്തന്‍ സ്വന്തമായി വളര്‍ത്തിയെടുക്കുന്നതാണ് നല്ലതെന്ന് ഒട്ടേറെ ആളുകള്‍ എഴുതി.
കടയില്‍ നിന്നും എങ്ങനെ നല്ല തണ്ണിമത്തന്‍ നോക്കി വാങ്ങാം?
- വൃത്താകൃതിയിലുള്ള തണ്ണിമത്തന്‍ നോക്കി വാങ്ങുക. നീളമേറിയവയ്ക്ക് രുചി ഉണ്ടാവില്ല.
- പഴുത്ത തണ്ണിമത്തൻ്റെ പുറം തൊലിയില്‍ എപ്പോഴും മഞ്ഞയോ ഓറഞ്ച് നിറമോ ഉള്ള ചെറിയ ഒരു ഭാഗം കാണാം. വെള്ള നിറമുള്ള സ്പോട്ടുകള്‍ ഉണ്ടെങ്കില്‍ മൂക്കാത്ത തണ്ണിമത്തനാണ് എന്നാണര്‍ത്ഥം.
- കൂടുതല്‍ തിളക്കമുള്ള പുറംതൊലി, മൂക്കാത്ത തണ്ണിമത്തനാണ് ഉണ്ടാവുക.