ഉപ്പിട്ട മുട്ട ഐസ്ക്രീം കിട്ടിയാല്‍ കഴിക്കുമോ? ഇന്‍റര്‍നെറ്റിലെ പുതിയ വൈറല്‍ വിഭവം
Mail This Article
ഐസ്ക്രീമിനൊപ്പം, അല്‍പ്പം ഉപ്പും പുഴുങ്ങിയ മുട്ടയും ചേര്‍ത്ത് നന്നായി ഇളക്കി കോരി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്നു കഴിച്ചു നോക്കണം. ഇന്‍റര്‍നെറ്റിലെ പുതിയ വൈറല്‍ വിഭവമാണ് ഈ ഉപ്പിട്ട മുട്ട ഐസ്ക്രീം!
ഇന്‍സ്റ്റഗ്രാം കോണ്ടന്‍റ് ക്രിയേറ്ററായ കാല്‍വിന്‍ ലീ ആണ് ഈ വിഭവത്തിന്‍റെ വിഡിയോ പങ്കുവച്ചത്. നമുക്ക് ഉപ്പിട്ട മുട്ട ഐസ്ക്രീം പരീക്ഷിക്കാം!" എന്ന വാചകത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ആദ്യം തന്നെ മൂന്ന് സ്‌കൂപ്പ് ഐസ്ക്രീം ഉള്ള ഒരു പാത്രമാണ് വിഡിയോയിൽ കാണിക്കുന്നത്. അടുത്തതായി, വേവിച്ച താറാവ് മുട്ട നടുവേ മുറിച്ചത് ഇതിന്റെ മുകളിൽ വയ്ക്കുന്നത് കാണാം. എന്നിട്ട് അതിൽ കുറച്ച് 'സോള്‍ട്ടഡ് എഗ്ഗ് പൗഡര്‍' വിതറുന്നു. ശേഷം, ഐസ്‌ക്രീം സ്‌കൂപ്പുകൾക്കൊപ്പം മുട്ടയടക്കം എല്ലാം നന്നായി മിക്‌സ് ചെയ്യുന്നു.
മുട്ട കൊണ്ടുള്ള മയോനൈസിന്‍റെ രുചിയോടു സാമ്യമുള്ള രുചിയാണ് ഇതിനുള്ളത് എന്ന് കാൽവിൻ ലീ പറയുന്നു. എന്നാല്‍ ഇതിനു അതിനെക്കാള്‍ അല്‍പ്പം രുചി കൂടുതലാണ് എന്നും ഇദ്ദേഹം പറഞ്ഞു.
സാധാരണയായി ഇങ്ങനെ വ്യത്യസ്തമായ ഭക്ഷണ കോമ്പിനേഷനുകള്‍ ഇന്‍റര്‍നെറ്റിന്‍റെ വെറുപ്പ് മുഴുവന്‍ ഏറ്റുവാങ്ങുകയാണ് പതിവ്. എന്നാല്‍, വളരെ ആവേശത്തോടെയാണ് ആളുകള്‍ ഈ മുട്ട ഐസ്ക്രീമിനെ സ്വീകരിക്കുന്നത്. ഇതേ വിഭവത്തില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. ഇതില്‍ കുറച്ച് മുളകുപൊടി കൂടി ചേര്‍ത്താല്‍ നന്നായിരിക്കും എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. സെഞ്ചുറി എഗ്ഗിനൊപ്പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ നല്ലതാണ് എന്ന് മറ്റൊരാള്‍ എഴുതി. ഇതേ വിഭവത്തില്‍ ചോക്ലേറ്റ് ഐസ്ക്രീം ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അര ലക്ഷത്തോളം പേര്‍ ഈ വിഡിയോ കണ്ടുകഴിഞ്ഞു.