ADVERTISEMENT

ഇന്ത്യന്‍ അടുക്കളകളില്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു സുഗന്ധവ്യഞ്ജനമാണ് വെളുത്തുള്ളി. ഈയിടെയായി മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ എന്നതുപോലെ, മായം കലര്‍ന്ന വെളുത്തുള്ളിയും വിപണികളില്‍ സജീവമാണ്. 2014 ൽ ഇന്ത്യയിൽ നിരോധിച്ച ചൈനീസ് വെളുത്തുള്ളി വീണ്ടും വന്‍തോതില്‍ മാര്‍ക്കറ്റില്‍ എത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈയിടെ ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗോണ്ടൽ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കോഓപ്പറേറ്റീവിൽ ചൈനീസ് വെളുത്തുള്ളിയുടെ നിരവധി ബാഗുകൾ കണ്ടെത്തിയതിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

കർഷകരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ് നിരോധിത വെളുത്തുള്ളിയുടെ ഈ തിരിച്ചുവരവ്. ആരോഗ്യപരവും സാമ്പത്തികപരവുമായ ഒട്ടേറെ വെല്ലുവിളികള്‍ ഇത് ഉയര്‍ത്തുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ വെളുത്തുള്ളി ഉത്പാദക രാജ്യമാണ് ചൈന, രാസവസ്തുക്കളും കീടനാശിനികളുമെല്ലാം വന്‍ തോതില്‍ പ്രയോഗിക്കുന്ന ആധുനിക കൃഷിരീതികൾ ഉപയോഗിച്ചാണ് ചൈനയില്‍ വെളുത്തുള്ളി വളർത്തുന്നത്. കൂടാതെ, ഇവയുടെ കാഴ്ചയ്ക്കുള്ള ഭംഗി നിലനിര്‍ത്താനും കൂടുതല്‍ കാലം കേടുകൂടാതിരിക്കാനുമായി ക്ലോറിൻ പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുന്നു.

ചൈനീസ് വെളുത്തുള്ളിയില്‍ കാഡ്മിയം, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടുകയും, വൃക്ക തകരാറുകൾ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, ക്യാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇതു മാത്രമല്ല, ഇന്ത്യയില്‍ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന വെളുത്തുള്ളിയെ അപേക്ഷിച്ച് ചൈനീസ് വെളുത്തുള്ളി ഗുണനിലവാരം കുറഞ്ഞതാണെന്ന് ഇന്ത്യൻ ഉപഭോക്താക്കളും വ്യാപാരികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെളുത്തുള്ളിയുടെ ശക്തമായ ഗന്ധത്തിനും അതിൻ്റെ പല ആരോഗ്യ ഗുണങ്ങൾക്കും കാരണമാകുന്ന സംയുക്തമാണ് അലിസിൻ. ഇന്ത്യൻ വെളുത്തുള്ളിയുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനീസ് വെളുത്തുള്ളിയിൽ അലിസിന്‍റെ അളവ് കുറവാണ്. മാത്രമല്ല, ഇന്ത്യന്‍ വെളുത്തുള്ളിയുടെ രുചിയും ഇതിനില്ല.

ഇന്ത്യയില്‍  മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുടനീളം വെളുത്തുള്ളി വ്യാപകമായി കൃഷിചെയ്യപ്പെടുന്നു. വിലകുറഞ്ഞ ചൈനീസ് വെളുത്തുള്ളി ഇറക്കുമതി ചെയ്യുമ്പോള്‍, പ്രാദേശിക ഉൽപന്നങ്ങളുമായി മത്സരം സൃഷ്ടിച്ച് ഇന്ത്യൻ വെളുത്തുള്ളി കർഷകരുടെ ഉപജീവനത്തിന് ഭീഷണിയാകുന്നതാണ് മറ്റൊരു വെല്ലുവിളി. ഇങ്ങനെ ആഭ്യന്തര വിപണിയിലെ വിലയേക്കാളും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്ന രീതിയെ "ഡംപിംഗ്" എന്നാണ് പറയുന്നത്. 

ചൈനീസ് വെളുത്തുള്ളി എങ്ങനെ തിരിച്ചറിയാം?

ഇന്ത്യന്‍ വെളുത്തുള്ളിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വലിപ്പത്തില്‍ ചെറുതാണ് ചൈനീസ് വെളുത്തുള്ളി. കൂടാതെ ഇതിന് ഇളം വെള്ളയും പിങ്കും കലർന്ന നിറമാണ് ഉള്ളത്. മാത്രമല്ല, ചൈനീസ് വെളുത്തുള്ളിക്ക് ഇന്ത്യന്‍ വെളുത്തുള്ളിയുടേത് പോലെ രൂക്ഷമായ ഗന്ധമില്ല.

English Summary:

Beware! Banned Chinese Garlic Floods Indian Markets Again.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com