നിങ്ങളുടെ ഭാവി തീരുമാനിക്കും ഈ മൂന്നക്കസംഖ്യ , വേണം കരുതൽ
Mail This Article
കുറയുന്ന ക്രെഡിറ്റ് സ്കോർ നിങ്ങളുടെ സാമ്പത്തികാവശ്യങ്ങളെയും അതുവഴി ഭാവിജീവിതത്തെയും പ്രതികൂലമായി ബാധിച്ചേക്കും. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിങ്ങൾക്കു വായ്പ നൽകണോ, വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഈ സ്കോറിനെ അടിസ്ഥാനമാക്കിയാണ്. വായ്പകളുടെ പലിശപോലും ഈ സ്കോർ നോക്കിയാവും നിശ്ചയിക്കുക. ആരോഗ്യ പരിപാലനത്തിനു നടത്തുന്ന ബോഡി ചെക്കപ്പ് പോലെ ക്രെഡിറ്റ് സ്കോറും പരിശോധിക്കേണ്ട കാലമാണിത്.
ടെസ്റ്റ് റിപ്പോർട്ടും സ്കോറും
മൂന്ന് അക്കങ്ങൾകൊണ്ടു നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍, അവയുടെ ചരിത്രം എന്നിവ കൃത്യമായി വരച്ചിടുന്നു എന്നിടത്താണ് ക്രെഡിറ്റ് സ്കോറിന്റെ പ്രസക്തി.
നിങ്ങളുടെ ബാങ്കിങ് ചരിത്രം പരിശോധിച്ച് ടെസ്റ്റ് റിപ്പോർട്ടു തയാറാക്കി സ്കോർ നിശ്ചയിക്കാൻ നിലവിൽ നാലു സ്ഥാപനങ്ങളാണുള്ളത്. CIBIL (Credit Information Bureau India Limited), EQUIFAX, EXPERIAN, CRIF HIGH MARK എന്നിവയാണ് ഈ നാലു ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ. 300മുതൽ 900വരെയുള്ള 3 അക്കങ്ങളിലൂടെയാണ് നിങ്ങളുടെ സ്കോർ വ്യക്തമാക്കുന്നത്.
സാധാരണ ആരോഗ്യപരിശോധനയ്ക്കിടെ നടത്തുന്ന ലാബ്‌ടെസ്റ്റിന്റെ റിപ്പോർട്ടു കിട്ടുമ്പോൾ കണ്ണുടക്കുന്ന രണ്ടു കാര്യങ്ങളുണ്ട്:
ഓരോന്നിനും ആകാവുന്ന അനുപാതമാണ് ആദ്യത്തേത്. രണ്ടാമത്തേത് പരിശോധനയുടെ സാമ്പിളിൽ ലഭ്യമായ നിങ്ങളുടെ സ്കോറും. ആകാവുന്ന അനുപാതത്തിലും കൂടുതലാണ് നിങ്ങളുടെ സ്കോർ എങ്കിൽ മരുന്നോ വ്യായാമമോ ഒക്കെയായി കർശന മുൻകരുതൽ വേണ്ടിവരും. അതുപോലെയാണ് ക്രെഡിറ്റ് സ്കോറിന്റെ കാര്യവും.
750നും 900നും ഇടയ്ക്കാണ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എങ്കിൽ വളരെ നല്ലതെന്നു കരുതാം. ബാങ്കുകളിൽനിന്നും മറ്റും ഏറ്റവും മികച്ച പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാവുന്ന സ്കോർ തന്നെയാണിത്. ഇനി സ്കോർ 700നും 750നും ഇടയിലാണെങ്കിൽപോലും മികച്ച സ്കോറായി കണക്കാക്കാം. എന്നാൽ ആദ്യം പറഞ്ഞ വിഭാഗത്തിനെക്കാൾ അൽപംകൂടി ഉയർന്ന പലിശയ്ക്കാവും ഇക്കൂട്ടർക്കു വായ്പ ലഭ്യമാകുക. എന്നാൽ സ്കോർ 600നു താഴെ പോയാൽ വായ്പ ലഭിക്കുകതന്നെ ദുഷ്കരമാകും.
ടെസ്റ്റ് ചെയ്താൽ സ്കോർ കുറയുമോ?
പലർക്കുമുണ്ടാകുന്ന സംശയമാണ് സ്വന്തം ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് സ്കോർ കുറയാൻ കാരണമാകുമോ എന്നത്. നിങ്ങളുടെ സ്കോറിനെ പരിശോധന ഒരുതരത്തിലും ബാധിക്കില്ല. അതേസമയം, നിങ്ങൾ വായ്പയ്ക്കായി സാമ്പത്തിക സ്ഥാപനത്തെ സമീപിക്കുകയും അവർ അതിനായി നിങ്ങളുടെ റിപ്പോർട്ടെടുക്കുകയും ചെയ്താൽ നിങ്ങളുടെ സ്കോർ വളരെ ചെറിയ നിരക്കിൽ താഴും. അതുകൊണ്ടാണ് പല ബാങ്കിൽ വായ്പാ അപേക്ഷ നൽകുമ്പോൾ സ്കോർ കുറയാം എന്നു പറയുന്നത്.
മൂന്നു മാസത്തിലൊരിക്കലെങ്കിലും സ്കോർ സ്വയം ചെക്ക് ചെയ്യുന്നത് എന്തെങ്കിലും കാരണത്താൽ സ്കോർ കുറയുന്നുണ്ടോ എന്നറിയാൻ സഹായിക്കും. അങ്ങനെയെങ്കിൽ സ്കോർ മെച്ചപ്പെടുത്താൻ ശ്രമിക്കാം. ക്രെഡിറ്റ് സ്കോർ ഉയർത്തിക്കൊണ്ടു വരാൻ പെട്ടെന്നു സാധിക്കില്ല. അതുകൊണ്ട് ഇടിവു തിരിച്ചറിയുന്നപക്ഷം, ഉടനെതന്നെ സ്കോർ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാരംഭിക്കണം.
ക്രെഡിറ്റ് കാർഡ് കൂടുതൽ ഉപയോഗിച്ചാൽ
ഒരൊറ്റത്തവണ ഇഎംഐ മുടങ്ങിയാല്‍പോലും അതു സ്കോറിനെ ബാധിക്കും. ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതമാണ് മറ്റൊരു പ്രധാന കാര്യം. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് ഒരു ലക്ഷം രൂപ ആണെന്നിരിക്കട്ടെ. ഈ പരിധി മുഴുവനായി ഉപയോഗിക്കുന്ന ഒരാളുടെ ക്രെഡിറ്റ് യൂട്ടിലൈസേഷൻ 100% ആയിരിക്കും. എന്നാൽ 20,000 രൂപ മാത്രം ഉപയോഗിച്ചാൽ അത് 20% മാത്രമായിരിക്കും. ഈ അനുപാതം ഉയരുന്നത് സ്കോർ താഴാനിടയാക്കും.
ഇതിനു രണ്ടുതരത്തിൽ പരിഹാരം കാണാം. കാർഡിലെ ഉപയോഗം കുറയ്ക്കുക. അതിനു സാധിക്കാത്തവർ ക്രെഡിറ്റ് കാർഡ് ലിമിറ്റ് ഉയർത്തുക.
വായ്പ ഒറ്റത്തവണ തീർപ്പാക്കിയാൽ
ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ വായ്പ അടച്ചുതീർത്തു എന്നിരിക്കട്ടെ. ബാങ്കിനെ സംബന്ധിച്ച് ഇടപാടുകാരൻ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാലാണ് ഇളവുനൽകി വായ്പ അവസാനിപ്പിക്കുന്നത്. ക്രെഡിറ്റ് സ്കോർ റിപ്പോർട്ടിൽ ഇക്കാര്യം ലോൺ ക്ലോസ്‌ഡ് എന്നതിനു പകരം സെറ്റിൽഡ് എന്നാവും വരിക. ഇത്തരം ഘട്ടങ്ങളിൽ സ്കോർ വല്ലാതെ താഴും. ഏഴു വർഷങ്ങൾവരെ ക്രെഡിറ്റ് സ്കോറിനെയും ലോൺ ലഭ്യതയെയും ബാധിക്കുന്നതാണ് ഈ ബ്ലാക്ക് മാർക്ക്. അതിനാൽ ഒറ്റത്തവണ തീർപ്പാക്കലിനു പകരം, സാമ്പത്തികസ്ഥിതി അനുവദിക്കുമെങ്കിൽ സ്ഥാപനത്തെ സമീപിച്ചു ബാക്കി തുക അടച്ചുതീർക്കാം.
ജാമ്യം നിന്നാലും പണി കിട്ടാം
ക്രെഡിറ്റ് സ്കോർ കുറയാൻ നിങ്ങളെടുത്ത വായ്പയിൽ തിരിച്ചടവു പ്രശ്നങ്ങളുണ്ടാകണം എന്നില്ല. മറ്റാർക്കെങ്കിലും വായ്പയെടുക്കാനായി ഗാരന്റി നിന്നാലും മതി. ആ വായ്പയിൽ തിരിച്ചടവു വൈകിയാൽ, വായ്പ കിട്ടാക്കടമായി മാറിയാൽ നിങ്ങളുടെ സ്കോറും മോശമാകും. അത്തരം കാര്യങ്ങൾ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക
നെഗറ്റീവ് സ്കോർ എന്തുകൊണ്ട്? എങ്ങനെ മെച്ചപ്പെടുത്താം
സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾക്ക് പാരമ്പര്യമില്ലെങ്കിലോ?, അതായത് ഇതുവരെ വായ്പകളൊന്നും എടുക്കാത്തവർക്ക് -1 എന്ന സ്കോർ ആകും ലഭ്യമാവുക. ഇവിടെയും സ്കോർ മെച്ചപ്പെടുത്താൻ മാർഗമുണ്ട്. ഒരു ക്രെഡിറ്റ് കാർഡ് എടുത്തു കൃത്യമായ തീയതിയിലോ അതിനു മുൻപോ നൽകേണ്ട തുക അടച്ചാൽ ക്രെഡിറ്റ് സ്കോർ ഉയരും. ഇനി
ക്രെഡിറ്റ് കാർഡ് ലഭ്യമാക്കാൻ വേണ്ടുന്ന തിരിച്ചടവു തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇല്ലാത്തവരാണോ? എങ്കിൽ ചെറിയ തുക സ്ഥിര നിക്ഷേപമായി നൽകി അതിന്റെ ഈടിന്മേൽ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കാം. ഭാവിയിൽ ഭവനവായ്പപോലുള്ള ഉയർന്ന തുകയ്ക്കുള്ള വായ്പ തരപ്പെടുത്താനാഗ്രഹിക്കുന്നവർ നിശ്ചയമായും ക്രെഡിറ്റ് സ്കോർ മികച്ചതാക്കിയേ തീരൂ.
100 രൂപവച്ച് നഷ്ടപരിഹാരം
തന്റേതല്ലാത്ത കാരണത്താൽ ക്രെഡിറ്റ് സ്കോർ കുറയുന്ന സാഹചര്യങ്ങളുമുണ്ട്. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോയിൽ കടന്നു വരുന്ന ചില തെറ്റുകൾകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. അത്തരം ഘട്ടങ്ങളിൽ അവരുടെ വെബ്‌സൈറ്റിൽ കയറി consumer disputes എന്ന വിഭാഗത്തിൽ പരാതി നൽകുക.
റിസർവ് ബാങ്ക് ഉത്തരവനുസരിച്ച് ഇടപാടുകാരന്റെ പരാതിയിൽ 30 ദിവസത്തിനകം തീർപ്പുണ്ടാക്കിയില്ലെങ്കിൽ, വൈകുന്ന ഓരോ ദിവസത്തിനും 100 രൂപവച്ച് ഇടപാടുകാരന് സ്ഥാപനം നഷ്ടപരിഹാരം നൽകണം. പരാതി ലഭിച്ച് 21 ദിവസത്തിനകം ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനങ്ങൾക്ക് ബാങ്കുകൾ വിവരങ്ങൾ കൈമാറാത്തപക്ഷം ബാങ്കുകളാണ് ഈ തുക നൽകേണ്ടത്. 21 ദിവസത്തിനകം ബാങ്കുകളിൽനിന്നും വിവരം ലഭിച്ചിട്ടും അപ്ഡേറ്റ് ചെയ്യാത്തപക്ഷം ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനം നഷ്ടപരിഹാരം നൽകണം.
ഓഗസ്റ്റ് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്