ADVERTISEMENT

ഇന്ത്യയുടെ വിദേശ നാണ്യശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കടന്നു. ഈ നേട്ടം കൈവരിച്ച നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. ചൈന (3.28 ലക്ഷം കോടി ഡോളർ), ജപ്പാൻ (1.3 ലക്ഷം കോടി ഡോളർ), സ്വിറ്റ്സർലൻഡ് (89,000 കോടി ഡോളർ) എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. നേരത്തേ ഇന്ത്യക്ക് മുന്നിലായിരുന്ന റഷ്യയുടെ വിദേശ നാണ്യശേഖരത്തിൽ ഇപ്പോൾ 59,022 കോടി ഡോളറേയുള്ളൂ.

സെപ്റ്റംബർ 27ന് സമാപിച്ച ആഴ്ചയിൽ 1,260 കോടി ഡോളർ ഉയർന്ന് 70,480 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണ്യശേഖരമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ശേഖരത്തിൽ ഒരാഴ്ച രേഖപ്പെടുത്തുന്ന 5-ാമത്തെ വലിയ വർധനയുമാണിത്. 2021 ഓഗസ്റ്റിലെ 1,660 കോടി ഡോളറിന്റെ വർധനയാണ് റെക്കോർഡ്. ഈ വർഷം ഇതുവരെ വിദേശ നാണ്യശേഖരത്തിൽ 11,790 കോടി ഡോളർ ഉയർന്നിട്ടുണ്ട്. ആഗോളതലത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കേയാണ് ഇന്ത്യയുടെ നേട്ടമെന്നതും ശ്രദ്ധേയം.

വിദേശ കറൻസി ആസ്തിയിൽ (എഫ്സിഎ) 1,000 കോടി ഡോളറിന്റെയും കരുതൽ സ്വർണശേഖരത്തിൽ 200 കോടി ഡോളറിന്റെയും വർധനയുണ്ടായതാണ് സെപ്റ്റംബർ അവസാനവാരം മികച്ച നേട്ടം കുറിക്കാൻ സഹായകമായത്. ഡോളറിന്റെയും സ്വർണത്തിന്റെയും മൂല്യം ഉയർന്നത് നേട്ടമാകുകയായിരുന്നു. വിദേശ കറൻസി ആസ്തി 61,610 കോടി ഡോളറും കരുതൽ സ്വർണശേഖരം 6,580 കോടി ഡോളറുമാണ്. റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസ് ചുമതലയേറ്റശേഷം മാത്രം വിദേശ നാണ്യശേഖരത്തിലുണ്ടായ വർധന 29,800 കോടി ഡോളറാണ്. മുൻ ഗവർണർ വൈ.വി. റെഡ്ഡിയുടെ കീഴിൽ രേഖപ്പെടുത്തിയ 20,000 കോടി ഡോളറിന്റെ റെക്കോർഡാണ് മറികടന്നത്.

നാഴികക്കല്ലുകൾ ഇങ്ങനെ

  • 2003 ഡിസംബർ 12 : 10,000 കോടി ഡോളർ
  • 2007 ഏപ്രിൽ 6 : 20,000 കോടി ഡോളർ
  • 2008 ഫെബ്രുവരി 29 : 30,000 കോടി ഡോളർ
  • 2017 സെപ്റ്റംബർ 8 : 40,000 കോടി ഡോളർ
  • 2020 ജൂൺ 5 : 50,000 കോടി ഡോളർ
  • 2021 ജൂൺ 4 : 60,000 കോടി ഡോളർ
  • 2024 സെപ്റ്റംബർ 27 : 70,000 കോടി ഡോളർ

എന്താണ് നേട്ടം?
 

ശക്തമായ വിദേശ നാണ്യശേഖരം ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയാണ് എടുത്തുകാട്ടുന്നത്. സ്വന്തം കറൻസിയുടെ മൂല്യം കുത്തനെ തകരുന്നത് തടഞ്ഞ്, സ്ഥിരത ഉറപ്പാക്കാനും ഇറക്കുമതി-കയറ്റുമതി സന്തുലിതാവസ്ഥ നിലനിർത്താനും പണപ്പെരുപ്പം നിയന്ത്രിക്കാനും വിദേശ നാണ്യശേഖരം സഹായിക്കും. രൂപയുടെ മൂല്യം വൻതോതിൽ ഇടിയുന്നത് തടയാനായി റിസർവ് ബാങ്ക് പലപ്പോഴും വിദേശ നാണ്യശേഖരത്തിൽ നിന്ന് ഡോളർ വിറ്റഴിക്കാറുണ്ട്.

Image : iStock/Kira88
Image : iStock/Kira88

നിലവിൽ‌ ഇന്ത്യയുടെ വിദേശ നാണ്യശേഖരം രാജ്യത്തിന്റെ ഒരുവർഷത്തെ ഇറക്കുമതി ആവശ്യങ്ങൾ നിറവേറ്റാനുള്ള തുകയ്ക്ക് തുല്യമാണ്. അതായത്, സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും ഒരുവർഷത്തേക്ക് പിടിച്ചുനിൽക്കാനാകും. പാക്കിസ്ഥാന്റെ വിദേശ നാണ്യശേഖരം 1,070 കോടി ഡോളർ മാത്രമാണ്. ഇതാകട്ടെ, രാജ്യാന്തര നാണ്യനിധിയിൽ (ഐഎംഎഫ്) നിന്ന് കിട്ടിയ 102 കോടി ഡോളറിന്റെ രക്ഷാപ്പാക്കേജ് കൂടി ഉൾപ്പെടുന്നതുമാണ്.

ഓഹരി, കടപ്പത്ര വിപണികളിലേക്ക് വിദേശ നിക്ഷേപം വർധിക്കുമ്പോൾ കൂടിയാണ് വിദേശ നാണ്യശേഖരം ഉയരുന്നത്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. സ്വർണം, ഐഎംഎഫിലെ റിസർവ് പൊസിഷൻ (ഐഎംഎഫിൽ ഇന്ത്യക്ക് അവകാശപ്പെട്ട വിദേശ കറൻസിയിലെ റിസർവ് പണം), സ്പെഷ്യൽ ഡ്രോവിങ് റൈറ്റ്സ് (എസ്ഡിആർ/ ഐഎംഎഫിൽ സൂക്ഷിക്കുന്ന വിദേശ നാണ്യ ആസ്തി) എന്നിവയും ചേരുന്നതാണ് വിദേശ നാണ്യശേഖരം.

English Summary:

India's Forex Reserves Soar Past $700 Billion. The main reason for the impressive jump in reserves in the last week of September was a surge of $10 billion in foreign currency assets (FCA) and $2 billion in gold reserves.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com