വിവാദങ്ങൾ കരുത്തായി; ലക്ഷദ്വീപ് തിരഞ്ഞ് ലക്ഷങ്ങൾ
Mail This Article
കൊച്ചി∙ പോയവാരം ഗൂഗിൾ തിരച്ചിലുകളിലെ ‘ഹോട് കീ വേഡ്’ ആയി ലക്ഷദ്വീപ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷമുള്ള രണ്ടു ദിനങ്ങളിൽ. പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഏതാനും ബീച്ച് ചിത്രങ്ങളിൽ നിറഞ്ഞ ലക്ഷദ്വീപിന്റെ സൗന്ദര്യമായിരുന്നു ആ തിരച്ചിലിനു പിന്നിൽ. സന്ദർശകരെ ലക്ഷദ്വീപിലേക്കു ക്ഷണിച്ചുള്ള പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിനു പിന്നാലെ മാലദ്വീപിലെ 3 മന്ത്രിമാർ ഇന്ത്യയെ അവഹേളിച്ചും മാലദ്വീപു ടൂറിസത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നു വിമർശിച്ചും രംഗത്തെത്തിയതു വ്യാപക ചർച്ചകൾക്കാണു തുടക്കമിട്ടത്. സമൂഹമാധ്യമങ്ങളിലടക്കം ലക്ഷദ്വീപിന്റെ വിനോദസഞ്ചാര സാധ്യതകളാണിപ്പോൾ ട്രെൻഡിങ് ചർച്ച.
പ്രകൃതിസൗന്ദര്യം ആവോളമുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത മൂലം വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനമുറപ്പിക്കാൻ ദ്വീപിനു കഴിഞ്ഞിട്ടില്ല. വിദേശ സഞ്ചാരികളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും ആകർഷിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾക്കു കൂടുതൽ കരുത്തേകുകയാണോ വിവാദങ്ങളെന്നതാണ് ചർച്ച.
പുതിയ വിമാനത്താവളം, ഹോട്ടലുകൾ
ലക്ഷദ്വീപിൽ മികച്ച സൗകര്യങ്ങളുള്ള സുസജ്ജമായ എയർപോർട്ട് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നു കേന്ദ്ര വിനോദസഞ്ചാരമന്ത്രി ജി.കിഷൻ റെഡ്ഡി പ്രഖ്യാപിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം. കൊച്ചിയിൽനിന്നു ലക്ഷദ്വീപിലെ ഏതാനും ദ്വീപുകളിലേക്കും പ്രധാന ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ചും സീപ്ലെയിൻ സർവീസിനു സ്പൈസ് ജെറ്റിന് അനുമതി ലഭിച്ചതാണു രണ്ടാമത്തേത്.
താജ് ഹോട്ടലുകൾ നടത്തുന്ന ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലക്ഷദ്വീപിലെ സുഹേലി, കട്മത് ദ്വീപുകളിലായി 2026ൽ 2 ഹോട്ടലുകൾ തുറക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. വാട്ടർ വില്ലകളും ബീച്ച് വില്ലകളും ഉൾപ്പെടെ 110 മുറികൾ വീതമാണ് ഹോട്ടലുകൾ.
കേന്ദ്രസർക്കാർ രണ്ടു വർഷം മുൻപു ലക്ഷദ്വീപിലെ മൂന്നു ദ്വീപുകളിലായി 806 കോടിയുടെ വിനോദസഞ്ചാര പദ്ധതി പ്രഖ്യാപിച്ചിരുന്നു. ബീച്ച് വില്ലകളും വാട്ടർവില്ലകളുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. മാലദ്വീപ് മാതൃകയിൽ ലക്ഷദ്വീപിലും ബീച്ച് ടൂറിസവും ജലവിനോദങ്ങളും യാഥാർഥ്യമാക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.
പരിമിതികളുടെ ദ്വീപ്
ദ്വീപിന്റെ ശാപമാണു യാത്രാദുരിതം. കൊച്ചിയിൽ നിന്നുള്ള പരിമിതമായ കപ്പൽ സർവീസുകളിൽ ടിക്കറ്റ് കിട്ടുകയെന്നതു ദ്വീപുവാസികൾക്കു പോലും ഏറെ ബുദ്ധിമുട്ടാണ്. ദ്വീപു തലസ്ഥാനമായ കവരത്തിയിലേക്കുള്ള ഒരു കപ്പൽ സർവീസിൽ പരമാവധി 100 സീറ്റുകൾ മാത്രമാണു വിനോദസഞ്ചാരികൾക്കുള്ള ക്വോട്ട. ഇതുകൊണ്ടു തന്നെ ടിക്കറ്റിനായുള്ള വിനോദസഞ്ചാരികളുടെ കാത്തിരിപ്പിനു ദൈർഘ്യമേറും.
അഗത്തി വിമാനത്താവളത്തിലേക്കു കൊച്ചിയിൽ നിന്ന് ഒരു സർവീസാണുള്ളത്. ഇതിൽ 72 സീറ്റുകൾ മാത്രം. പകൽ മാത്രമേ വിമാനം ഇറക്കാനാവൂ എന്ന വെല്ലുവിളിയുമുണ്ട്. വിമാനമിറങ്ങിയാൽ പെട്ടെന്നു കവരത്തിയിലേക്കു പോകാൻ നിലവിൽ വൻതുക നൽകി ഹെലികോപ്റ്റർ സർവീസിനെ ആശ്രയിക്കണം. സീ പ്ലെയിനുകൾ വരുന്നതോടെ ഇതിനു പരിഹാരമാകും. ബംഗാരം, കവരത്തി, അഗത്തി, മിനിക്കോയ്, കടമത്ത്, കൽപേനി, സുഹേലി എന്നീ ദ്വീപുകളിലാണു നിലവിൽ ടൂറിസം പ്രവർത്തനങ്ങളുള്ളത്. മികച്ച താമസസൗകര്യങ്ങളുടെ അപര്യാപ്തത പലയിടത്തുമുണ്ട്.