മാലദ്വീപ് യാത്ര റദ്ദാക്കലില്ല; ‘ഷോ മസ്റ്റ് ഗോ ഓൺ’
Mail This Article
കൊച്ചി∙ മാലദ്വീപിലേക്ക് വിനോദയാത്ര പോകുന്നതിനെതിരെ സൈബർ ലോകത്ത് കോലാഹലം നടക്കുകയാണെങ്കിലും നിലവിൽ കേരളത്തിൽ നിന്നു യാത്രാ പാക്കേജുകൾ ബുക്ക് ചെയ്തവരിൽ നിന്ന് റദ്ദാക്കൽ കാര്യമായിട്ടില്ല. ഇൻഡിഗോ വിമാനത്തിലും സീറ്റുകൾ റദ്ദാക്കിയിട്ടില്ല. ലക്ഷദ്വീപിലെ സൗകര്യങ്ങൾ പരിമിതമായതിനാൽ പകരം അവിടേക്ക് ബുക്കിങ് വർധിച്ചിട്ടുമില്ല.
മാലദ്വീപ് സർക്കാരിലെ ചില മന്ത്രിമാർ നടത്തിയ ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങുമെന്നാണ് ടൂറിസം രംഗത്തെ വിലയിരുത്തൽ. പ്രമുഖ ഓൺലൈൻ ടൂറിസ്റ്റ് പോർട്ടൽ മാലദ്വീപിലേക്കുള്ള യാത്രാ പാക്കേജുകളെല്ലാം റദ്ദാക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. ബോളിവുഡ് താരങ്ങൾ ലക്ഷദ്വീപിലേക്കു പകരം പോകണമെന്ന് എക്സിൽ കുറിച്ചു. മാലദ്വീപ് സ്വദേശികളുടെ ഇങ്ങോട്ടുള്ള വരവ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും പ്രയോജനം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തേക്കാണ് പ്രാധാനമായും വരുന്നത്. സഞ്ചാരികൾ എന്നതിനേക്കാൾ സ്വകാര്യ ആശുപത്രികളിലെ ചികിൽസയാണ് അവർക്കു വേണ്ടത്.
എല്ലാ ആശുപത്രികളിലും അവർക്കായി പ്രത്യേകം കൗണ്ടറുകളുമുണ്ട്. ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ടാക്സികൾക്കും മറ്റും മാലദ്വീപുകാരുടെ വരവ് പ്രധാന വരുമാനവുമാണ്.