സ്വർണ വില വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്
Mail This Article
അക്ഷയ തൃതിയ ദിനത്തിൽ സംസ്ഥാനത്ത് സ്വർണ വില ഉയരത്തിലേക്ക്. രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വില വർധിച്ചത്. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 6,700 രൂപയിലും പവന് 53,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 കുറഞ്ഞ് ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. അക്ഷയ തൃതീയ ദിവസം സ്വർണവും വെള്ളിയും വാങ്ങിയാൽ ഐശ്വര്യം വര്‍ധിക്കുമെന്ന വിശ്വാസമാണ് ആളുകളെ ഈ ദിവസം സ്വർണവും വെള്ളിയും വാങ്ങാൻ പ്രേരിപ്പിക്കുന്നത്. കേരളത്തിൽ പൊതുവെ ഈ ദിവസം സ്വർണം വാങ്ങുന്നതിനാണ് മുൻതൂക്കം.
കഴിഞ്ഞ വർഷം അക്ഷയ തൃതീയ ഏപ്രിൽ 22,23 ദിവസങ്ങളിലാണ് ആഘോഷിച്ചത്. ഗ്രാമിന് 5,575 രൂപയും പവന് 44,600 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. അതിൽ നിന്നും പവന് 9,000 രൂപയുടെ വില വർധവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. വില വർധിച്ച് നിൽക്കുന്നു എങ്കിലും മുൻ വർഷത്തെക്കാൾ 20 ശതമാനം അധിക വിൽപന നടക്കുമെന്ന് പ്രതീഷിക്കുന്നതായി വ്യാപാരികൾ പറഞ്ഞു.
ഇന്നത്തെ വില നിലവാരം അനുസരിച് അക്ഷയ തൃതീയക്ക് സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലി, നികുതി ഇനത്തിൽ നല്ലൊരു ശതമാനം നഷ്ടം വരും. പണിക്കൂലി ഉയരുന്നതനുസരിച്ചു നികുതിയും കൂടും. സ്വർണമായി തന്നെ വാങ്ങണമെന്നുണ്ടെങ്കിൽ നാണയമായോ, ബാറുകളായോ വാങ്ങുന്നത് നന്നാകും. നാണയമാണ് വാങ്ങുന്നത് എങ്കിൽ വിൽക്കുന്ന സമയത്ത് സ്വര്‍ണത്തിന്റെ യഥാർഥ മൂല്യം ലഭിക്കും എന്നതാണ് പ്രധാന ആകര്‍ഷണം. ഗോൾഡ് കോയിനുകൾ കൈവശമുണ്ടെങ്കിൽ ആവശ്യമുള്ളപ്പോൾ ഇവ ഉപയോഗിച്ച് ആഭരണങ്ങൾ വാങ്ങാനുമാകും.
കഴിഞ്ഞ വർഷം 1,500 കിലോയുടെ അടുത്ത് സ്വർണ വിൽപന നടന്നു എന്നാണ് കണക്ക്. അതേസമയം രാജ്യാന്തര വിപണിയിൽ ഫെഡ് നിരക്ക് ഉയർത്തി നിർത്തുന്നതിനനുകൂലമായി ഫെഡ് അംഗങ്ങളുടെ പ്രസ്താവനകൾ വന്നത് ഡോളറിനും ബോണ്ട് യീൽഡിനും മുന്നേറ്റം നൽകുന്നത് ഇന്നലെ ഏഷ്യൻ വിപണി സമയത്ത് സ്വർണത്തിനും തിരുത്തൽ നൽകി.