ഇറാനിയൻ പ്രസിഡന്റിന്റെ മരണം സ്വർണം, എണ്ണ വിലകളെ ബാധിക്കുമോ?
Mail This Article
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അപ്രതീക്ഷിത വിയോഗം ലോക രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന നേരത്തുള്ള ഇറാൻ നേതാവിന്റെ മരണം കൂടുതൽ സംഘർഷങ്ങളിലേക്ക് നയിക്കുമോ എന്ന ആശങ്കയുണ്ട്. ഇസ്രായേലിനെതിരെ ഇറാൻ സ്വീകരിച്ചിരുന്ന ആക്രമണാത്മക നിലപാട്, പുതിയ ഇറാനിയൻ നേതൃത്വത്തിന്റെ നയങ്ങളെ ആശ്രയിച്ച് മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതിനുള്ള ദൗത്യവുമായി മുന്നോട്ടുപോകുമ്പോൾ ഇറാനിൽ രാഷ്ട്രീയ അസ്ഥിരത അനുഭവപ്പെട്ടാൽ അത് സാമ്പത്തിക പ്രശ്‌നങ്ങളും പ്രാദേശിക സംഘട്ടനങ്ങളും രൂക്ഷമാകാൻ സാധ്യതയുണ്ട്. ലോകത്തിലെ വലിയ എണ്ണ ഉൽപ്പാദകരിൽ ഒന്നായ ഇറാനിൽ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങൾ ആഗോളതലത്തിൽ വിപണികളെ പിടിച്ചുലക്കുമോ എന്നതും ചോദ്യമാണ്.
നയങ്ങളിൽ മാറ്റം
മുഹമ്മദ് മൊഖ്ബർ ഇപ്പോൾ ഇടക്കാല പ്രസിഡന്റായി നിയമിതനായിരിക്കുകയാണ്. പരമോന്നത നേതാവ് അലി ഖമേനിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധം കണക്കിലെടുക്കുമ്പോൾ, ഈ നീക്കം ഇറാനിയൻ നയങ്ങളിൽ വലിയ മാറ്റമുണ്ടാക്കില്ല എന്നാണ് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയിൽ റൈസിയുടെ കൃത്രിമത്വത്തെക്കുറിച്ച് പരാതികൾ ഉണ്ടായിരുന്നു. പുതിയ പ്രസിഡന്റ്, റഈസിയുടെ സാമ്പത്തിക നയങ്ങൾ പിന്തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രത്യേകിച്ച് ഇറാന് പല രാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പുനഃപരിശോധന ഉണ്ടാകുമോ എന്നാണ് രാജ്യാന്തര സമൂഹം ഉറ്റു നോക്കുന്നത്. കടുത്ത ഇസ്രയേൽ വിരുദ്ധനായിരുന്ന റഈസിയുടെ മരണത്തെ തുടർന്ന് ഇസ്രായേലിനെതിരെ ഇറാൻ സ്വീകരിച്ചിരുന്ന കടുത്ത നിലപാടുകൾ മാറ്റുകയാണെങ്കിൽ ഭൗമ രാഷ്ട്രീയ പ്രതിസന്ധികളിൽ അയവ് വന്നേക്കാം.
സ്വർണം, എണ്ണ വിലകൾ
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി അന്തരിച്ചു എന്ന വാർത്ത വന്നതോടെ സ്വർണ വില ഇന്നലെ രാജ്യാന്തര വിപണിയിൽ കൂടിയിരുന്നു. അദ്ദേഹത്തിന്റെ മരണം മാത്രമല്ല ഇന്നലെ വില കൂടാൻ കാരണം എന്ന് പറയുന്നുണ്ടെങ്കിലും, മിഡിൽ ഈസ്റ്റ് പ്രതിസന്ധി കടുത്താൽ എണ്ണയുടെയും സ്വർണത്തിന്റെയും വിലകൾ ഉയർന്ന നിലവാരത്തിലേക്കെത്താൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു. ആഗോള എണ്ണ വിപണിയെയും പ്രാദേശിക സ്ഥിരതയെയും സംബന്ധിച്ചിടത്തോളം, അടുത്ത ഒപെക് മീറ്റിങ്ങും ഇറാനിലെ പുതിയ നേതൃത്വവും നിർണായകമാണ്. ആഗോള സംഘർഷത്തിന്റെ കാലഘട്ടത്തിലെല്ലാം സ്വർണത്തിലേക്ക് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ പണമൊഴുക്കുമ്പോൾ സ്വാഭാവികമായും സ്വർണ വിലയിൽ ഉയർച്ച പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ റഈസിയുടെ മരണം സംഭവിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ഇസ്രായേൽ ഇറാനെ ആക്രമിക്കുകയാണെങ്കിൽ അത് സ്വർണ വിലയേയും, അസംസ്കൃത എണ്ണ വിലയേയും ഹ്രസ്വ കാലത്തേക്കെങ്കിലും കുത്തനെ ഉയർത്താൻ സാധ്യതയുണ്ട്.
-
Also Read
ആകാശത്ത് പൊലിഞ്ഞ താര നേതാക്കൾ
ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങൾ
ഇറാന് ഇപ്പോൾ വിദേശ രാജ്യങ്ങളുമായി മാത്രമല്ല പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് മറിച്ച് രാജ്യത്തിനകത്ത് തന്നെ കലാപങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. അങ്ങനെയാണെങ്കിൽ അതും എണ്ണ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കാനും രാജ്യാന്തര തലത്തിൽ വിപണികളിൽ എണ്ണ സപ്ലൈ കുറയ്ക്കാനും കാരണമാകും. ഇതും പരോക്ഷമായി എണ്ണ വില വർധിക്കാൻ ഇടയാക്കും.
ഹെലികോപ്റ്റർ തകർന്നു വീണപ്പോൾ റഈസിയുടെ കൂടെ മരിച്ചവരിൽ ഇറാനിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നതിനാൽ ആഭ്യന്തര കാര്യങ്ങൾ എങ്ങനെയാകുമെന്ന ആശങ്കയും വിദേശ അനലിസ്റ്റുകൾ പ്രകടിപ്പിക്കുന്നുണ്ട്. 'മൊസാദ്' മിഡിൽ ഈസ്റ്റിൽ 'കാര്യങ്ങൾ തീരുമാനിക്കുന്ന' തലത്തിലേക്ക് മാറുകയാണെങ്കിൽ വീണ്ടും തുടർ സംഘർഷങ്ങളും ഉണ്ടാകാം എന്ന തിയറികളും വിദേശ മാധ്യമങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇനിയും സംഘർഷം തുടർന്നാൽ സ്വർണ വിലയും, എണ്ണ വിലയും കത്തി കയറുമെന്നു ഉറപ്പാണ് എന്നാണ് വിശകലന പക്ഷം.