നയമാറ്റം ഉറ്റുനോക്കി കാർഷികോൽപന്ന വിപണി
Mail This Article
കാർഷികോൽപന്ന വിപണിക്കും നാളെ നിർണായക ദിനം. പുതിയ സർക്കാർ ഏതു മുന്നണിയുടേതാകണമെന്ന ജനകോടികളുടെ തീരുമാനം പുറത്തുവരുന്ന ദിവസം കാർഷികോൽപന്ന വിപണിയുടെയും ജാതകമാണു കുറിക്കപ്പെടുക. അതു ഭാഗ്യജാതകമായിരിക്കുമോ എന്നറിയാനുള്ള ഉദ്വേഗത്തിലാണു വിപണി.
കയറ്റിറക്കുമതി ചട്ടങ്ങൾ, വ്യാപാരക്കരാറുകൾ, ഉൽപന്ന വിലകൾ, വിതരണ സംവിധാനങ്ങൾ, നിയന്ത്രണങ്ങൾ, കാർഷിക പ്രോത്സാഹന നടപടികൾ തുടങ്ങി നയപരമായ കാര്യങ്ങളിലെ മാറ്റങ്ങൾക്കുള്ള സാധ്യതകൾ പലതാണ്. നിലവിലെ സർക്കാരിന്റെ തുടർച്ചയായാലും നയങ്ങളിൽ മാറ്റങ്ങളുണ്ടായേക്കാം. പുതിയൊരു സർക്കാരിന്റെ അരങ്ങേറ്റമാണെങ്കിൽ നയപരിപാടികൾ കണ്ടറിയുകതന്നെവേണം. ഈ അനിശ്‌ചിതത്വത്തിലാണ് ഇപ്പോൾ ആഭ്യന്തര വിപണി.
കാർഷികോൽപന്നങ്ങളുടെ ആഗോള വിപണികളും ഇന്ത്യയിലെ തിരഞ്ഞെടുപ്പു ഫലം അറിയാനുള്ള ആകാംക്ഷയിലാണ്. ചില ഉൽപന്നങ്ങളുടെ ആഗോള വിലനിലവാരത്തെപ്പോലും ഇന്ത്യയുടെ നയങ്ങൾ സ്വാധീനിക്കുന്നുവെന്നതാണു കാരണം.
ചില ഇനം അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതും ചില ഇനത്തിന്റെ കയറ്റുമതിക്ക് 20% തീരുവ ഏർപ്പെടുത്തിയതും അവയുടെ ആഗോള ലഭ്യത കുറയ്‌ക്കുകയും വിലവർധനയ്‌ക്ക് ഇടയാക്കുകയുമുണ്ടായി. പശ്‌ചിമ ആഫ്രിക്കയിലെയും പശ്‌ചിമേഷ്യയിലെയും ചില രാജ്യങ്ങൾ ഈ ഉൽപന്നങ്ങളുടെ നല്ല പങ്ക് ആവശ്യത്തിനും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്.
കുരുമുളകു വിലയിൽ 2800 രൂപയുടെ കുതിപ്പ്
കുരുമുളകു വിലയിൽ വൻ കുതിപ്പായിരുന്നു കഴിഞ്ഞ ആഴ്‌ചയിലും. കൊച്ചി വിപണിയിൽ 1300 രൂപയുടെ വർധനയുണ്ടായി. മുൻ ആഴ്‌ചയിൽ കൈവരിച്ച 1500 രൂപയുടെ നേട്ടത്തിനു പുറമേയാണിത്. ഗാർബിൾഡ് ഇനത്തിന്റെ വില ആഴ്‌ചയുടെ തുടക്കത്തിൽ ക്വിന്റലിന് 61,600 രൂപയായിരുന്നെങ്കിൽ വാരാന്ത്യ വില 62,900 രൂപയിലെത്തി. അൺഗാർബിൾഡിന്റെ വില 59,600ൽനിന്ന് 60,900 നിലവാരത്തിലേക്ക് ഉയർന്നു. 263 ടൺ വിൽപനയ്‌ക്കെത്തി. മുൻ ആഴ്‌ചയിലെക്കാൾ 98 ടൺ കൂടുതലാണിത്. അതിനിടെ, ഇന്ത്യൻ പെപ്പർ ആൻഡ് സ്‌പൈസ് ട്രേഡിങ് അസോസിയേഷൻ (ഇപ്‌സ്‌റ്റ) കുരുമുളകിന്റെ ഓൺലൈൻ സ്‌പോട് ട്രേഡിങ്ങിനു വേദിയൊരുക്കി.
വർഷം 20,000 – 30,000 ടണ്ണിന്റെ വ്യാപാരമാണു റെഡി മാർക്കറ്റിൽ പ്രതീക്ഷിക്കുന്നതെന്ന് ഇപ്‌സ്‌റ്റ ഡയറക്‌ടർ കിഷോർ ശ്യാംജി പറഞ്ഞു.
കാപ്പി വിലയിൽ വീണ്ടും ഉയർച്ച
കാപ്പി വിലയിൽ ഉയർച്ച തുടരുകയാണ്. കൽപറ്റയിൽ കാപ്പി പരിപ്പിന്റെ വില ക്വിന്റലിനു 36,000 രൂപയായിരുന്നതു വാരാന്ത്യത്തോടെ 39,000 നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. അതേസമയം, ലണ്ടൻ ഇന്റർനാഷനൽ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ ജൂലൈ അവധി വ്യാപാരത്തിൽ റൊബസ്‌റ്റ കാപ്പി വില ടണ്ണിനു 3985 യുഎസ് ഡോളറിലേക്കു താഴ്‌ന്നു. മേയ് 30നു വില 4388 ഡോളറായിരുന്നു. അതാകട്ടെ കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ വിലയാണ്. അറബിക്ക കാപ്പിയുടെ അവധി വിലയും പടിയിറങ്ങുന്നതാണു കണ്ടത്.
റബറിനു വില 19200 രൂപ
റബർ വിപണിയിലും ഇതു വിലക്കയറ്റത്തിന്റെ ദിനങ്ങൾ. കഴിഞ്ഞ ആഴ്‌ചയുടെ തുടക്കത്തിൽ ആർഎസ്‌എസ് 4ന്റെ കൊച്ചിയിലെ വിപണി വില 18,700 രൂപ മാത്രമായിരുന്നു. വാരാന്ത്യത്തിൽ വില 19,200 രൂപയിലേക്കെത്തി. ആർഎസ്‌എസ് 5ന്റെ വില 18,350 ൽ നിന്ന് 18,900 രൂപയിലേക്കാണ് ഉയർന്നിട്ടുള്ളത്.