തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മാത്രം 1.35 ലക്ഷം കോടി രൂപ, മറ്റൊന്നിനും കണക്കില്ല! ലോകത്തിലെ ഏറ്റവും ചെലവേറിയതോ?
Mail This Article
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു പുതിയ സർക്കാർ അധികാരത്തിലേറിയിരിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് മൊത്തം എന്ത് ചെലവു വന്നു എന്നത് നിർണായകമായ ചോദ്യമാണ്.
543 പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി 45 ദിവസങ്ങളിലും ഏഴ് ഘട്ടങ്ങളിലുമായി ഏപ്രിൽ മുതൽ ജൂൺ വരെ നീണ്ടു നിന്ന തിരഞ്ഞെടുപ്പ് ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പുകളെക്കാൾ ചെലവേറിയതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ചെലവുകൾക്ക് 1.35 ലക്ഷം കോടി രൂപയായി എന്നാണ് ഏകദേശ കണക്കുകൾ. എന്നാൽ ഇതിനോട് ബന്ധപ്പെട്ട പ്രാരംഭ ചെലവ് എസ്റ്റിമേറ്റ് 1.2 ലക്ഷം കോടി രൂപയായിരുന്നു. ഇതിലും കുറെ കൂടുതലായിട്ടുണ്ട് എന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ ഇത് തിരഞ്ഞെടുപ്പ് നടത്തിയതിന് മാത്രമുള്ള ചെലവുകൾ ആയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രവർത്തനങ്ങൾ, പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പ്രചാരണ ചെലവുകൾ, രാഷ്ട്രീയ റാലികൾ, തൊഴിലാളികളെ നിയമിക്കൽ, രാഷ്ട്രീയ നേതാക്കളുടെ വിവാദ കുതിരക്കച്ചവടം എന്നിവക്കുള്ള കണക്കൊന്നും ആർക്കും അറിയില്ല.
96.6 കോടി വോട്ടർമാരുള്ള ഇന്ത്യയിൽ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് 1,400 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇത് 2020 ലെ യുഎസ് തിരഞ്ഞെടുപ്പിന്റെ ചെലവിനെ മറികടക്കുന്നതാണ് എന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എംപിമാർക്കും എംഎൽഎമാർക്കും എത്ര ചെലവാക്കാം?
എംപിമാർക്കും എംഎൽഎമാർക്കും തിരഞ്ഞെടുപ്പിൽ ചെലവാക്കാവുന്ന തുകയ്ക്ക് പരിധിയുണ്ട്. പൊതുയോഗങ്ങൾ, റാലികൾ, പരസ്യങ്ങൾ, പോസ്റ്ററുകൾ, ബാനറുകൾ, വാഹനങ്ങൾ എന്നിവയും മറ്റുള്ളവയും ഉൾപ്പെടെ ഓരോ സ്ഥാനാർത്ഥിക്കും പ്രചാരണത്തിനായി നിയമപരമായി ചെലവഴിക്കാവുന്ന തുകയെയാണ് ചെലവ് പരിധി സൂചിപ്പിക്കുന്നത്. ഈ ചെലവ് പരിധി 1951-52 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ഏകദേശം 25,000 രൂപയായിരുന്നു. എന്നാൽ പരിധി ഓരോ സ്ഥാനാർത്ഥിക്കും നിലവിലെ തിരഞ്ഞെടുപ്പിൽ 75-95 ലക്ഷം രൂപയായി ഉയർന്നു. വോട്ടർമാരുടെ എണ്ണത്തിലുണ്ടായ വർധനയും പ്രചാരണ തന്ത്രങ്ങൾ മാറിയതും സോഷ്യൽ മീഡിയയിലെ വർദ്ധിച്ചുവരുന്ന ചെലവ് എന്നിവയെല്ലാം ഉൾപ്പെടെ ചെലവുകൾ ഈ പ്രാവശ്യം വളരെയധികം കൂടിയെന്ന് രാഷ്ട്രീയ പാർട്ടികളും പറയുന്നു. 2014-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചെലവ് 3,870 കോടി രൂപയായിരുന്നു. ഇത് വർഷംതോറും കൂടുകയാണ്. ഒരു വോട്ടർക്കുള്ള ചെലവ് വിശകലനം ചെയ്യുമ്പോൾ, 1951-ൽ ഒരു ഇലക്ടർക്ക് 6 പൈസയായിരുന്ന ചെലവ് 2014ൽ 46 രൂപയായി വർദ്ധിച്ചു. എന്നാൽ ഇപ്പോൾ അത് 1400 രൂപയിലേക്കെത്തി എന്നത് തന്നെ ചെലവുകളുടെ വർധനവിന്റെ ഒരു ഏകദേശം രൂപം തരും.
കണക്കിൽപ്പെടാത്ത ചെലവ്
കണക്കെടുക്കുമ്പോൾ തിരഞ്ഞെടുപ്പ് ചെലവുകളുടെ സ്വഭാവമാണ് വലിയ പ്രശ്നം. അതിൽ ഭൂരിഭാഗവും കണക്കിൽപ്പെടാത്തതാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ 'ചെലവ് നിരീക്ഷകരെ' നിയോഗിച്ചിട്ടുണ്ടെങ്കിലും, വോട്ടർമാരെ സ്വാധീനിക്കാൻ സമ്മാനങ്ങൾ, പണം, സ്വർണം, മദ്യം, മയക്കുമരുന്ന് പോലുള്ളവ കൊടുക്കുന്നതും ഓരോ തിരഞ്ഞെടുപ്പിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
'എന്റെ വോട്ട് വിൽപനയ്‌ക്കുള്ളതല്ല' എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യങ്ങൾക്ക് പുല്ലു വിലയാണ് ജനങ്ങളും രാഷ്ട്രീയ പാർട്ടികളും നൽകുന്നതെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ പറയുന്നത്. "വോട്ടിന് നോട്ട് എന്നത് ജനാധിപത്യത്തെ വഞ്ചിക്കുന്നതാണ്, അതിനു ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷാർഹമായ കുറ്റമാണ്" എന്നുള്ള അറിയിപ്പുകളും ആരും വക വയ്ക്കുന്നില്ല എന്നും നിരീക്ഷകർ പറയുന്നു.
ഇലക്ടറൽ ബോണ്ട് വെളിപ്പെടുത്തലുകളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും കണക്കിലെടുത്ത് 2004-05 മുതൽ 2022-23 വരെ, രാജ്യത്തെ ആറ് പ്രധാന രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനയുടെ 60 ശതമാനവും, മൊത്തം 19,083 കോടി രൂപ, ഇലക്ടറൽ ബോണ്ടുകളിൽ നിന്നുള്ള ഫണ്ടുകൾ ഉൾപ്പെടെ, വെളിപ്പെടുത്താത്ത ഉറവിടങ്ങളിൽ നിന്നാണ് എന്നൊരു കണക്കും പുറത്തു വരുന്നുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ രാഷ്ട്രീയ ഫണ്ടിങ്ങിൽ സുതാര്യതയില്ലാത്തതിനാൽ തിരഞ്ഞെടുപ്പിനു എല്ലാം കൂടി എത്ര രൂപയായി എന്ന് ഇപ്പോഴും കൃത്യമായി ആർക്കും അറിയില്ല എന്നതാണ് സത്യം.