ADVERTISEMENT

രണ്ടു പശുക്കളിൽനിന്ന് ആരംഭിച്ച സംരംഭ യാത്ര! ഇന്ന് 100 േപർക്ക് തൊഴിൽ നൽകുന്ന 50 കോടിരൂപ വിറ്റുവരവുള്ള 25 കോടി നിക്ഷപമുള്ള േകരളം അറിയപ്പെടുന്ന ഒരു ബ്രാൻഡായി വളർന്നിരിക്കുന്നു. ‘ഇന്ദിര ഡെയറി’ എന്ന സ്ഥാപനത്തിന്റെ വളർച്ചയുടെ കഥയാണ് ഉടമ രഞ്ജിത് കുമാറിനു പറയാനുള്ളത്. അത് നിശ്ചയ‌ദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകൂടിയാണ്.

എന്താണു ബിസിനസ്?
 

രണ്ടു പശുക്കളിൽനിന്നും പാൽ കറന്നു വിറ്റ് ഒരു പാൽക്കാരനായാണ് രഞ്ജിത് തുടങ്ങിയത്. ‘ഇതു നിനക്കു പറ്റിയ പണിയല്ല’ എന്നു പറഞ്ഞവരുടെ മുന്നിൽ വിജയിച്ചു കാണിച്ചു‌കൊടുത്തു. ഇന്ന് പാലും പാലുൽപന്നങ്ങളും മാത്രമല്ല, മറ്റ് ഒട്ടനവധി വിഭവങ്ങളും ഇന്ദിര ഡെയറിയിൽ തയാറാക്കി വിൽക്കുന്നു. ഒരു ഭക്ഷ്യസംസ്കരണ യൂണിറ്റ് എന്നതിനും അപ്പുറത്തേക്കു വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമാക്കുന്ന നിലയിലേക്കു വളർന്നു പന്തലിച്ചുകഴിഞ്ഞു സ്ഥാപനം. 

Indira-farm3

∙പാൽ ഉൽപന്നങ്ങൾക്കാണ് പ്രമുഖസ്ഥാനം. ശീതീകരിച്ച പാക്കറ്റ് പാൽ, തൈര്, സംഭാരം, സിപ്അപ്, പൗച്ച് മിൽക്ക്, ബട്ടർ, പനീർ അങ്ങനെ നീളുന്നു പാൽ ഉൽപന്നങ്ങളുടെ നിര.

∙ഇഡ്ഡലി–ദോശ ബാറ്റർ നിർമാണമാണ് മറ്റൊരു പ്രധാന ഉൽപന്നം. പത്തിൽപരം തൊഴിലാളികൾ ഈ പ്ലാന്റിൽ ജോലി‌ചെയ്യുന്നു.

∙പൂരി/ചപ്പാത്തി എന്നിവയ്ക്കായി പ്രത്യേകം പ്ലാന്റ് പ്രവർത്തിക്കുന്നു. ഏറ്റവും മികച്ച ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം.

∙ബേക്കറി ഉൽപന്നങ്ങളാണ് മറ്റൊരു മേഖല. എല്ലാത്തരം ബേക്കറി ഉൽപന്നങ്ങളും ID ബ്രാൻഡിൽ വിതരണം ചെയ്യുന്നുണ്ട്.

∙സ്നാക്സ് ഡിവിഷനിൽ ചിപ്സ്, മികസ്ചർ, പക്കാവട, പാരമ്പര്യ ഉൽപന്നങ്ങൾ എന്നിവ എല്ലാംതന്നെ നിർമിക്കുന്നു. 

അഞ്ചു ഡിവിഷനുകളിലായി ഇരുന്നൂറിൽപരം ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിച്ചു വരികയാണ് ഇന്ദിര ഡയറി.

സർക്കാർ ജോലി േവണ്ട
 

എച്ച്.രഞ്ജിത് കുമാർ സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ വ്യക്തിയാണ്. പിതാവും ബന്ധുക്കളിൽ ഭൂരിപക്ഷവും സർക്കാർ സർവീസിലായിരുന്നതിനാൽ സർക്കാർ ജോലി സ്വീകരിക്കാനായിരുന്നു അവരുടെ നിർദേശം. എന്നാൽ വെള്ളായണി കാർഷിക സർവകലാശാലയിൽ ലഭിച്ച നിയമനം േവണ്ടെന്നുവച്ചത് ഒരിക്കലും ഒരു നഷ്ടമായി രഞ്ജിത് കുമാറിനു തോന്നിയിട്ടില്ല.

‘എവിടെയായാലും ജോലി ചെയ്യണം; അത് സ്വന്തം മണ്ണിൽ, സ്വന്തം സ്ഥാപനത്തിലായാൽ എന്താണ് പ്രശ്നം?’ അദ്ദേഹം ചോദിക്കുന്നു. കുടുംബപരമായി കുറച്ചു ഭൂമിയുണ്ട്. ഈ ഭൂമിയിൽ ജോലി ചെയ്താൽ നേട്ടം ഉണ്ടാക്കാനാകില്ലേ? അങ്ങനെയാണ് രണ്ടു പശുക്കളുമായി സ്വന്തം മണ്ണിലേക്കു ജോലി തേടി ഇറങ്ങിയത്. സ്വന്തം സംരംഭം എന്ന സ്വപ്നത്തിലേ ക്കുള്ള പ്രയാണം‌കൂടിയായിരുന്നു അത്.

രണ്ടു പശുക്കൾ; നിനക്കു പറ്റിയ പണിയല്ല
 

പിതാവിൽനിന്നു ലഭിച്ച രണ്ടു പശുക്കളുമായിട്ടാണ് തുടക്കം. ഇന്ദിര എന്നത് അമ്മയുടെ േപരാണ്. ‘നിനക്കു പറ്റിയ പണിയല്ല ഇത്, എന്നാലും നിന്റെ ആഗ്രഹം നടക്കട്ടെ,’ എന്നാണ് രണ്ടു പശുക്കളെ ഏൽപിക്കുമ്പോൾ അച്ഛൻ പറഞ്ഞത്. കുടുംബത്തിന്റെ സ്ഥലവുംകൂടി ലഭിച്ചതോടെ ബിസിനസ് എന്ന ആശയത്തിലേക്കു മാറി. പശു ഫാം മാത്രം പോരാ! നല്ല വില കിട്ടണമെങ്കിൽ (പാലിന്) കൂടുതൽ മൂല്യ‌വർധക ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കണം.

Indira-farm2

പുരോഗതിയുടെ ഘട്ടങ്ങൾ
 

∙ആദ്യം പാൽ കറന്ന് കടകളിൽ നൽകി. പിന്നീട് നിരവധി ഭവനങ്ങളിലേക്കും ഹോട്ടലുകളിലേക്കും വിൽപന വ്യാപിപ്പിച്ചു.

∙ചെറിയ ചില്ലിങ് പ്ലാന്റ് സ്ഥാപിച്ച് ശീതീകരിച്ച പാൽ വിൽപന ആരംഭിച്ചു. 

∙ഓട്ടമാറ്റിക് മെഷിനറികൾ സ്ഥാപിച്ച് ശീതീകരിച്ച പൗച്ച് പാൽ നിർമിച്ച് വിതരണം ചെയ്തു. ഒപ്പം ചില്ലിങ് പ്ലാന്റിന്റെ സഹായത്തോടെ പായ്ക്കറ്റ് പാൽ, തൈര്,സംഭാരം,ബട്ടർ,പനീർ എന്നിവയും വിപണിയിലെത്തിച്ചു. 

∙സിപ് അപ് വിപണിയിലെത്തിച്ചു.

∙ഇന്ദിര ഡയറി തിരുവനന്തപുരത്തെ അറിയപ്പെടുന്ന ബ്രാൻഡായി വളരുന്നു. അതോടെ വൈവിധ്യമാർന്ന ഭക്ഷ്യസംസ്കരണ ഉൽപന്ന നിർമാണത്തിലേക്കു കടക്കുന്നു.

∙ബേക്കറി പ്ലാന്റ്, ദോശ/ഇഡ്ഡലി പ്ലാന്റ്, ചപ്പാത്തി/പൂരി പ്ലാന്റ്, സ്നാക്സ് പ്ലാന്റ് എന്നിവയുടെ ഉൽപാദനത്തിലേക്കു ഘട്ടംഘട്ടമായി പ്രവേശിക്കുന്നു.

∙25 വർഷം‌കൊണ്ട് 100 തൊഴിലാളികൾ, 50 കോടിയുടെ വിറ്റുവരവ്, അവിസ്മരണീയമായ പുരോഗതി. 

Indira-farm1

മേന്മകൾ

∙ഫാമുകളിൽനിന്നും‌ പാൽ നേരിട്ടു സംഭരിക്കുന്നു.

∙2–3 മണിക്കൂറിൽ ഉൽപന്നം കസ്റ്റമേഴ്സിന്റെ കൈകളിൽ എത്തിക്കാനുള്ള സംവിധാനം.

∙ക്രെഡിറ്റ് കച്ചവടം ഒഴിവാക്കുന്നു.

∙ബേക്കറി ഉൽപന്നങ്ങൾ/പൂരി/ചപ്പാത്തി എന്നിവയും ചൂടാറും മുൻപുതന്നെ കസ്റ്റമേഴ്സിന്റെ കൈകളിൽ എത്തിക്കുന്നു. 

∙വൃത്തി, ഗുണനിലവാരം എന്നിവയിൽ അതീവശ്രദ്ധ. മികച്ച ഉൽപന്നങ്ങൾ, മിതമായ വിലയിൽ പൊതുജനങ്ങളിൽ എത്തിക്കുന്നതിനാണ് ശ്രദ്ധ. 

ഒരു കല്യാണ വിശേഷം
 

ഇന്ദിര ഡയറിയിൽ ചെല്ലുമ്പോൾ പറഞ്ഞുകേട്ട ഒരു കഥയുണ്ട്. താലികെട്ടിനുശേഷം രഞ്ജിത് കുമാർ നേരേ പോയത് തൊഴുത്തിലേക്കാണ് എന്ന്. ഇക്കാര്യം അദ്ദേഹത്തോടു ചോദിച്ചപ്പോൾ, നന്നായി ഒന്നു ചിരിച്ചുകൊണ്ടു പറഞ്ഞത് അത് മറ്റാരെയും ഏൽപിക്കാൻ പറ്റാത്ത അവസ്ഥയായതുകൊണ്ടാണ് എന്നാണ്. അന്നും പതിവുപോലെ പശുക്കളെ കറന്നു, റൂട്ടിൽ പോയി, പാൽ അളന്നു, ഒരു മുടക്കവും വരുത്താതെ ജോലി‌ചെയ്തു. വിവാഹവും മംഗളമായിത്തന്നെ നടന്നു.

25 കോടിയുടെ നിക്ഷേപം
 

ഇറക്കുമതി ചെയ്ത മെഷിനറികൾ ഉൾപ്പെടെ 25 കോടിയുടെ നിക്ഷേപമുണ്ട് ഇപ്പോൾ സ്ഥാപനത്തിൽ. പൂർണമായും മെഷിനറികൾ ഉപയോഗിച്ചുള്ള ഉൽപാദനമാണ് നടക്കുന്നത്. മിൽക്ക് പ്ലാന്റ്, പാൽ ഉൽപന്നങ്ങളുടെ പ്ലാന്റ്, ഇഡ്ഡലി/ ദോശ പ്ലാന്റ്, ചപ്പാത്തി/പൂരി പ്ലാന്റ്, ബേക്കറി പ്ലാന്റ്, സ്നാക്സ് പ്ലാന്റ് ഇങ്ങനെ എല്ലാത്തിലും‌കൂടിയാണ് 25 കോടിയുടെ നിക്ഷേപം. കെട്ടിടങ്ങൾ വിവിധ സമയങ്ങളിലായി നിർമിച്ചവയാണ്.ഇതൊരു കുടുംബ ബിസിനസായാണ് നിലനിൽക്കുന്നത്. ഭാര്യ സായ് പ്രിയങ്കയാണ് സ്ഥാപനത്തിലെ അക്കൗണ്ട് വിഭാഗം പൂർണമായും കൈകാര്യം ചെയ്യുന്നത്. അമ്മ ഇന്ദിരയും സൗകര്യം പോലെ സ്ഥാപനത്തിലെത്തി സഹായിക്കുന്നു. പത്തു വയസ്സുകാരി ശിവാനിയും അഞ്ചു വയസ്സുകാരി തൃതീയയും അടങ്ങുന്നതാണ് കുടുംബം. 

സ്ഥിരം കസ്റ്റമേഴ്സ്
 

തുടക്കത്തിൽ ഓർഡർ പിടിക്കുവാൻ നന്നായി ഫീൽഡ് വർക്ക് ചെയ്യേണ്ടി‌വന്നു. ഇപ്പോൾ സ്ഥിരം കസ്റ്റമേഴ്സ് ആയി. അവർക്കെല്ലാം നേരിട്ട് വിതരണം നടത്തുന്ന രീതിയാണ് പിന്തുടരുന്നത്. സൂപ്പർ മാർക്കറ്റുകൾ, േബക്കറി ഷോപ്പുകൾ, ഹോട്ടലുകൾ, ചെറുകിട കച്ചവടക്കാർ, കേറ്ററിങ് സർവീസുകാർ, പലചരക്കുകടകൾ എല്ലായിടത്തും ഐഡി ഉൽപന്നങ്ങൾ ലഭ്യമാണ്. സ്ഥിരം കസ്റ്റമേഴ്സ് ഉള്ളതിനാൽ വിതരണം ചെയ്യാനുള്ള സാഹചര്യം ഒരുക്കിയാൽ മാത്രംമതി. ഈ രംഗത്ത് മത്സരം ശക്തമാണെങ്കിലും അവസരങ്ങൾ ധാരാളമാണെന്നും ഗുണമേന്മയാണ് തങ്ങളെ വ്യത്യസ്തമാക്കുന്നതെന്നും രഞ്ജിത് പറയുന്നു. 

വലിയ വായ്പാബാധ്യതകൾ തുടക്കത്തിൽ വരുത്തി‌വയ്ക്കരുത്. സംരംഭകന്റെ മനസ്സ്, ആശയം, അധ്വാനം എന്നിവയായിരിക്കണം മൂലധനം

20 മുതൽ 30% വരെ അറ്റാദായം
 

ഉൽപന്നത്തിനനുസരിച്ച് ലാഭവിഹിതത്തിലും വ്യത്യാസമുണ്ട്. പാക്കറ്റ് പാൽ ഉൽപന്നങ്ങൾക്ക് പൊതുവേ ലാഭം കുറവാണ്. എന്നാൽ മറ്റ് ഉൽപന്നങ്ങൾക്ക് നല്ല ലാഭം നേടാനാകും. ശരാശരി 20 മുതൽ 30% വരെ അറ്റാദായം ലഭിക്കുന്നുണ്ട്. . വിപണിയിൽനിന്നുള്ള പ്രതികരണം അനുസരിച്ച് ഉൽപന്നങ്ങളിൽ വേണ്ടത്ര മാറ്റം വരുത്താനും ശ്രദ്ധിക്കുന്നുണ്ട്.

ഐസ്ക്രീം പ്ലാന്റ്
 

പാൽ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ടു ചെയ്യാവുന്ന മികച്ച ബിസിനസാണ് ഐസ്ക്രീം നിർമാണം. എല്ലാ സമയത്തും ഐസ്ക്രീമിനു ഡിമാൻഡുണ്ട്. ഒരു ഐസ്ക്രീം പ്ലാന്റാണ് അടുത്ത ലക്ഷ്യം.

പുതുസംരംഭകരോടു പറയാനുള്ളത്
 

വലിയ വായ്പാബാധ്യതകൾ തുടക്കത്തിൽ വരുത്തി‌വയ്ക്കരുത്. സംരംഭകന്റെ മനസ്സ്, ആശയം, അധ്വാനം എന്നിവയായിരിക്കണം മൂലധനം. ചെറുതായി തുടങ്ങിയാൽ മതി. നന്നായി പ്ലാൻ ചെയ്യാൻ കഴിയണം. ‘വീട്ടിൽ സ്വർണം‌വച്ചിട്ടെന്തിന്...’ ഈ പരസ്യമാണ് അനുസ്മരിക്കേണ്ടത്. കുടുംബത്തിന്റെ സൗകര്യങ്ങൾ പരമാവധി ഉപയോഗിച്ച് അതൊരു നിക്ഷേപമായി കണക്കാക്കി ബിസിനസിലേക്ക് ഇറങ്ങുക.

എഫ്എംസിജി ഉൽപന്നങ്ങൾക്ക് എക്കാലത്തും മികച്ച വിപണിയും ലാഭവിഹിതവും വൈവിധ്യവൽക്കരണ സാധ്യതകളുമുണ്ട്. തുടക്കത്തിൽ 2 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നേടിയാൽപോലും 40,000 രൂപയുടെ ഏറ്റവും കുറഞ്ഞ അറ്റാദായം ഉണ്ടാക്കാം.

വിലാസം: രഞ്ജിത്കുമാർ എച്ച്.  ഇന്ദിര ഡയറി, തൊലിക്കൽ, കോവളം പി.ഒ., തിരുവനന്തപുരം–695527

(സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ആളാണ് ലേഖകൻ. മനോരമ സമ്പാദ്യം ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

English Summary:

From Two Cows to Rs.50 Crore: The Inspirational Journey of Indira Dairy's Ranjith Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com