ADVERTISEMENT

കേന്ദ്ര ബജറ്റില്‍ ഇക്കുറി ആദായ നികുതി സ്ലാബുകളില്‍ ഇളവ് പരിഗണിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജീവ് പുരി. ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ജൂലൈ 22ന് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.

പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആദായ നികുതിയില്‍ ഇളവ് നല്‍കി സാധാരണക്കാര്‍ക്ക് ആശ്വാസമേകാനുള്ള നടപടി ബജറ്റിലുണ്ടാകണമെന്ന് സഞ്ജീവ് പുരി പറഞ്ഞു. മൊത്തവില പണപ്പെരുപ്പം (ഹോള്‍സെയില്‍ ഇന്‍ഫ്ളേഷന്‍) 2023 മേയിലെ മൈനസ് 3.61 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം പോസിറ്റീവ് 2.61 ശതമാനമായി കൂടി. തുടര്‍ച്ചയായ മൂന്നാംമാസമാണ് വര്‍ധന. ഏപ്രിലില്‍ 1.26 ശതമാനമായിരുന്നു. റീട്ടെയ്ല്‍ പണപ്പെരുപ്പം മേയില്‍ 12-മാസത്തെ താഴ്ചയായ 4.75 ശതമാനത്തിലെത്തിയെങ്കിലും അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കാന്‍ സമയമായില്ലെന്നാണ് ആര്‍ബിഐ പറഞ്ഞത്.

റീട്ടെയ്ല്‍ പണപ്പെരുപ്പം 4 ശതമാനത്തിന് താഴെയെത്തിയാലേ പലിശഭാരം കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകൂ. എന്നാല്‍, ഈ വര്‍ഷം റീട്ടെയ്ല്‍ പണപ്പെരുപ്പം ശരാശരി 4.5 ശതമാനമായിരിക്കുമെന്നാണ് സിഐഐ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ആദായ നികുതി ഭാരം കുറയേണ്ടത് അനിവാര്യമാണെന്ന് സഞ്ജീവ് പുരി പറഞ്ഞു.

Photo Credit: shutterstock/pixxelstudio91
Photo Credit: shutterstock/pixxelstudio91

കേന്ദ്രത്തില്‍ സഖ്യകക്ഷികള്‍ക്കും പ്രാമുഖ്യമുള്ള സര്‍ക്കാരാണെന്നത് സാമ്പത്തിക പരിഷ്കാര നടപടികളെ ബാധിക്കുമെന്ന് കരുതുന്നില്ല. ഭൂമി, തൊഴില്‍, ഊര്‍ജം, കൃഷി മേഖലകളിലെ പരിഷ്കാരങ്ങള്‍ വിജയമാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് ഭരണഘടനാ സ്ഥാപനം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary:

Union Budget 2023: Strong Calls for Income Tax Relief Amid Rising Inflation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com