നിങ്ങൾക്കുമാകാം ബിഎസ്എൻഎൽ ‘മുതലാളി’
Mail This Article
തിരുവനന്തപുരം ∙ സ്വന്തമായി ഒരു ബിഎസ്എൻഎൽ മിനി എക്സ്ചേഞ്ച് തുടങ്ങിയാലോ? വഴിയുണ്ട്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇന്റർനെറ്റ് വ്യാപിപ്പിക്കാൻ സ്വകാര്യ വ്യക്തികൾക്കും സംരംഭകർക്കും ഇന്റർനെറ്റ് ദാതാക്കളാകാൻ ബിഎസ്‌എൻഎൽ അവസരമൊരുക്കുന്നു. പദ്ധതി വഴി 50% വരെ ലാഭം പങ്കുവച്ച് ബിഎസ്എൻഎൽ എഫ്ടിടിച്ച് (ഇൻർനെറ്റ്+ ലാൻഡ്‌ലൈൻ) കണക്‌ഷനുകൾ സ്വകാര്യ വ്യക്തികൾക്ക് വിതരണം ചെയ്യാം.
-
Also Read
ബിഎസ്എൻഎൽ സിം വീട്ടിലെത്തും
ബിൽഡേഴ്സ്, റസിഡന്റ്സ് അസോസിയേഷനുകൾ, സൊസൈറ്റികൾ, സ്റ്റാർട്ടപ്പുകൾ, കേബിൾ ഓപ്പറേറ്റർമാർ, പ്രാദേശിക സംരംഭകർ എന്നിവർക്കെല്ലാം ഫ്രാഞ്ചൈസി ലഭിക്കും. 10% മുതൽ 50% വരെ ലാഭം പങ്കുവയ്ക്കണമെന്നതാണു കരാർ. 50 കണക്‌ഷനുകളുള്ള ഫ്രാഞ്ചൈസി ഉടമയ്ക്ക് പ്രതിമാസം 15,000 രൂപ വരെ ലഭിക്കും. ഫ്ലാറ്റുകളിലും മറ്റും 50 കണക്‌ഷനുള്ള ഫ്രാഞ്ചൈസി എടുക്കാൻ ഉപകരണങ്ങളും കേബിളും അടക്കം 75,000 രൂപ മുടക്കണം. ഫ്രാഞ്ചൈസി തുടങ്ങാനാവശ്യമായ സാങ്കേതിക പരിശീലനം തിരുവനന്തപുരം കൈമനത്തെ റീജനൽ ടെലികോം ട്രെയിനിങ് സെന്റർ വഴി സൗജന്യമായി നൽകും.
ഫ്രാഞ്ചൈസി തുടങ്ങാൻ ചെയ്യേണ്ടത്:
∙ ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്ന് ലോക്കൽ കേബിൾ ഓപ്പറേറ്റർ ലൈസൻസ് നേടണം
∙ http://fms.bsnl.in/partnerRegistration.jsp എന്ന സൈറ്റ് വഴി ഫ്രാഞ്ചൈസി റജിസ്റ്റർ ചെയ്യാം.
∙ റജിസ്ട്രേഷൻ കഴിഞ്ഞാൽ ബിഎസ്എൻഎൽ നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങളും പരിശീലനവും നൽകും.