ADVERTISEMENT

കൊച്ചി ∙ ആയുർവേദ ഔഷധ വിൽപനയിൽ 20 ശതമാനത്തോളം ഇടിവ്. ആയുർവേദ ടൂറിസത്തിനും പ്രിയം കുറയുന്നു. സാമൂഹിക മാധ്യമങ്ങളിൽ ആയുർവേദ വിരുദ്ധ പ്രചാരണം വ്യാപകമായിക്കൊണ്ടിരിക്കുന്നത് ആ ശാഖയിലുള്ള ചികിത്സാസമ്പ്രദായം പഠനത്തിനു തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തെപ്പോലും ഗണ്യമായി ബാധിക്കുന്നു.

ആയുർവേദ ഉൽപന്നങ്ങളിൽ ഘനലോഹങ്ങളുടെയും മറ്റും സാന്നിധ്യം അപകടകരമായ അളവിലുണ്ടെന്നും ഇതു വൃക്ക, കരൾ രോഗങ്ങൾക്കും മരണത്തിനുതന്നെയും കാരണമാകുന്നുവെന്നുമാണു പ്രചാരണം. അലോപ്പതി ചികിത്സാരീതി സ്വീകരിച്ചിട്ടുള്ള ചില ഡോക്‌ടർമാർ രോഗികൾക്കു നൽകുന്ന ‘ഡിസ്‌ചാർജ് സമ്മറി’കളിൽപ്പോലും ആയുർവേദ മരുന്നുകൾക്കു വിലക്കു കൽപിക്കുന്നുവെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്‌ചറേഴ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയ്‌ക്ക് ആക്ഷേപമുണ്ട്.

മൂന്നു വർഷത്തിനിടയിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ ഒപി, ഐപി വിഭാഗങ്ങളിലായി 92 ലക്ഷത്തോളം പേർ ചികിത്സ തേടുകയുണ്ടായി. ഇവരിൽ ആർക്കും ആയുർവേദ ഔഷധത്തിന്റെ പാർശ്വഫലം മൂലം കരൾ, വൃക്ക രോഗമുണ്ടായതായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയ്‌ക്കു സർക്കാർ മറുപടി നൽകിയിട്ടുണ്ട്.

വിദേശത്തുനിന്നുള്ള ചില പ്രസിദ്ധീകരണങ്ങളിലൂടെ നടത്തിയ എതിർ പ്രചാരണമാണു കേരളത്തിലെ ആയുർവേദ ടൂറിസത്തെ ബാധിച്ചിരിക്കുന്നത്. ഈ അവസരമാകട്ടെ ശ്രീലങ്ക സമർഥമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

ഗുജറാത്തിൽ 2022ൽ നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്‌റ്റ്‌മെന്റ് സമ്മിറ്റിൽ ലോകാരോഗ്യ സംഘടനയുടെ തലവൻ പാരമ്പര്യ ചികിത്സാമാർഗം പിന്തുടരുന്നവരെ അഭിനന്ദിക്കുകയാണുണ്ടായത്. എന്നിട്ടും ആയുർവേദ ചികിത്സാ പദ്ധതിയും അതിന്റെ ഭാഗമായ ഔഷധങ്ങളും അവഹേളിക്കപ്പെടുന്നു. ഇതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു. മറ്റ് എല്ലാ സംസ്‌ഥാനങ്ങളിലെയും പോലെ കേരളത്തിലും ആയുർവേദത്തിനു പ്രത്യേക വകുപ്പ് ആരംഭിക്കണമെന്നും അസോസിയേഷൻ നിർദേശിക്കുന്നു.

English Summary:

Anti Ayurveda campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com