സ്വർണവില നിർണയത്തിൽ തർക്കം?, പിന്നാലെ കുത്തനെ കുറഞ്ഞു, കേരളത്തിൽ ഇന്ന് 'പലവില'
Mail This Article
സംസ്ഥാനത്ത് ഉപയോക്താക്കളെയും വിതരണക്കാരെയും വെട്ടിലാക്കി സ്വർണത്തിന് പലവില. ഭീമ ജ്വല്ലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 6,400 രൂപയും പവന് 51,200 രൂപയുമാണ് എകെജിഎസ്എംഎ ആദ്യം പുറത്തുവിട്ടത്.
ജസ്റ്റിൻ പാലത്ര വിഭാഗം നയിക്കുന്ന എകെജിഎസ്എംഎ എന്ന് തന്നെ പേരുള്ള സംഘടനയ്ക്ക് കീഴിലെ വ്യാപാരികൾ ഗ്രാമിന് 6,350 രൂപയിലും പവന് 50,800 രൂപയിലുമാണ് കച്ചവടം നടത്തുന്നത്. ഇതും ഇന്നലത്തെ വിലയാണ്. ഇവരും ഇന്ന് വില പരിഷ്കരിച്ചിട്ടില്ല. എന്നാൽ, പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗ്രാമിന് ഇന്ന് 80 രൂപ കുറച്ച് 6,320 രൂപ നിശ്ചയിച്ചതോടെ (പവന് 50,560 രൂപ) ഡോ. ബി. ഗോവിന്ദൻ നയിക്കുന്ന എകെജിഎസ്എംഎയും വിലയിൽ മാറ്റം വരുത്തി. ഗ്രാമിന് 100 രൂപ കുറച്ച് 6,300 രൂപയാണ് പുതുക്കിയ വില. പവന് 800 രൂപ കുറഞ്ഞ് വില 50,400 രൂപയുമായി.
വില നിർണയത്തിൽ അഭിപ്രായ വ്യത്യാസം
കേന്ദ്രസർക്കാർ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിന് ആനുപാതികമായി കേരളത്തിൽ പവന് 4,000 രൂപയും ഗ്രാമിന് 500 രൂപയും ഒറ്റയടിക്ക് കുറയേണ്ടതായിരുന്നു. എന്നാൽ, ഒറ്റയടിക്ക് കുറയ്ക്കേണ്ടെന്നും ഓരോ ദിവസവും പടിപടിയായി വില കുറച്ചാൽ മതിയെന്നും വില നിർണയ സമിതിയിലെ ചില അംഗങ്ങൾ നിലപാടെടുത്തു. ഇതോടെയാണ് ബജറ്റിന് തൊട്ടുപിന്നാലെ ഗ്രാമിന് 250 രൂപ കുറച്ചത്. ബജറ്റിന് പിറ്റേന്ന് വില കുറച്ചില്ല. ഇന്നലെ വീണ്ടും ഗ്രാമിന് 95 രൂപ കുറച്ചു. ബജറ്റിന്‍റെ അന്നുതന്നെ ഗ്രാമിന് 500 രൂപയും പവന് 4,000 രൂപയും കുറച്ചിരുന്നെങ്കിൽ വില സംബന്ധിച്ച് വിപണിയിലെ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
സാധാരണഗതിയിൽ മാർജിൻ (ലാഭനിരക്ക്) ഇടാതെ, ലാഭമോ നഷ്ടമോ ഇല്ലാത്ത വിധമാണ് വില നിർണയം നടത്തുന്നതെന്ന് ഒരു വിഭാഗം അസോസിയേഷൻ അധികൃതർ വ്യക്തമാക്കി. ഇന്നലെ പക്ഷേ, രണ്ട് ശതമാനം മാർജിൻ ഇട്ടുകൊണ്ടാണ്, വിലയിൽ മാറ്റംവരുത്താതെ നിലനിർത്തിയത്. ഇന്ന് രാവിലെയും ഇതേ തീരുമാനമാണ് ആദ്യമെടുത്തത്. എന്നാൽ, മലബാർ ഗോൾഡ് വില കുറച്ചതിന് പിന്നാലെ, മാർജിൻ ഒഴിവാക്കി വീണ്ടും വില പരിഷ്കരിക്കുകയായിരുന്നു എകെജിഎസ്എംഎ.
ഓരോ ദിവസത്തെയും ഡോളറിന്‍റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, ലണ്ടൻ വിപണിയിലെ സ്വർണ വില, ഇതിന് ആനുപാതികമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന്‍റെ ബാങ്ക് റേറ്റ്, മുംബൈ വിപണിയിലെ സ്വർണ വില, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് കേരളത്തിലെ സ്വർണ വില നിർണയത്തിന്‍റെ മാനദണ്ഡം. ബാങ്കുകൾ വഴിയാണ് ഇന്ത്യയിൽ പ്രധാനമായും സ്വർണ ഇറക്കുമതി നടക്കുന്നത്. ഇതുപ്രകാരം, ബാങ്കിൽ നിന്ന് ലഭിക്കുന്ന നിരക്കാണ് ബാങ്ക് റേറ്റ്.
വില കുറച്ച് മലബാർ ഗോൾഡ്
ബാങ്ക് റേറ്റ് കുറഞ്ഞത് കണക്കിലെടുത്താണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ന് വില കുറച്ചതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് 'മനോരമ ഓൺലൈനോട്' പറഞ്ഞു. ഉത്തരവാദിത്വമുള്ള ജ്വല്ലറി ഗ്രൂപ്പ് എന്ന നിലയിലാണ്, ബാങ്ക് റേറ്റ് വിലയിരുത്തി വിലയിൽ മലബാർ ഗോൾഡ് മാറ്റം വരുത്തിയത്. വില നിർണയത്തിൽ വിപണിയിലാകെ സുതാര്യത കൊണ്ടുവരാനും രാജ്യവ്യാപകമായി ഒരേ വില ഉറപ്പാക്കാനും സർക്കാർ ഇടപെട്ട് ഏകീകൃത വില നിർണയ സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.