ADVERTISEMENT

കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ സിമന്റ്സിന്റെ 55% ഓഹരികൾ വാങ്ങാൻ അൾട്രാ ടെക് തീരുമാനമെടുത്തതോടെ ഇന്ത്യൻ സിമന്റ് വിപണിയിലെ പോര് അടുത്ത തലത്തിലേക്ക്. സിമന്റ് വിപണിയിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ അൾട്രാ ടെക്കിന്റെ ഉടമകളായ ആദിത്യ ബിർള ഗ്രൂപ്പും ഒന്നാം സ്ഥാനത്തെത്താൻ തയാറെടുക്കുന്ന അദാനിയും തമ്മിലുള്ള മത്സരം നാൾക്കുനാൾ കടുക്കുകയാണ്. ഒരു മാസം മുൻപ് ഇന്ത്യ സിമന്റിന്റെ 22.7% ഓഹരികൾ ഏറ്റെടുക്കാനായിരുന്നു തീരുമാനമെങ്കിലും 32.77% കൂടി ഏറ്റെടുക്കാനാണ് ബിർള ഗ്രൂപ്പിന്റെ പുതിയ തീരുമാനം. ഓഹരിയൊന്നിന് 390 രൂപ നിരക്കിലാണ് ഏറ്റെടുക്കൽ. 3,954 കോടി രൂപ ഇതിനായി ചെലവിടും. ഇതിനു പുറമേ, 8.05 കോടി ഓഹരികൾ (26%) റീട്ടെയ്ൽ നിക്ഷേപകരിൽ നിന്ന് ഓപ്പൺ ഓഫറിലൂടെ വാങ്ങാനും പദ്ധതിയുണ്ട്. അതേസമയം, ഇന്ത്യ സിമന്റ്സ് മേധാവി എൻ.ശ്രീനിവാസനും കുടുംബവും ചെന്നൈ സൂപ്പർ കിങ്സിന്റെ ഓഹരികൾ നിലനിർത്തും.

2022 സെപ്റ്റംബറിൽ അംബുജ –എസിസി കമ്പനികളെ സ്വന്തമാക്കിയാണ് സിമന്റ് നിർമാണ മേഖലയിലേക്ക് അദാനി കടക്കുന്നത്. കഴിഞ്ഞ മാസം പെന്ന സിമന്റിനെ അംബുജ സിമന്റ് ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു ഇന്ത്യ സിമന്റിനെ ഏറ്റെടുക്കാനുള്ള അൾട്രാടെക്കിന്റെ തീരുമാനം.  ദക്ഷിണേന്ത്യയിലെ സ്വാധീനം ശക്തമാക്കുകയായിരുന്നു ആദ്യം ലക്ഷ്യമെങ്കിൽ ഇപ്പോൾ ആധിപത്യം നിലനിർത്തുകയെന്നതു കൂടിയുണ്ട്. കെശോറാം ഗ്രൂപ്പിന്റെ സിമന്റ് ബിസിനസും മുൻപ് അൾട്രാ ടെക് സ്വന്തമാക്കിയിരുന്നു. അതേസമയം, സാങ്ഘി ഇൻഡസ്ട്രീസ് ലിമിറ്റഡിനെയും മൈ ഹോം ഇൻഡസ്ട്രീസിന്റെ ഗ്രൈൻഡിങ് യൂണിറ്റിനെയും ഏറ്റെടുത്ത അദാനി ഗുജറാത്തിലെ സൗരാഷ്ട്ര സിമന്റ്, ജയ്പ്രകാശ് അസോഷ്യേറ്റ്സിന്റെ സിമന്റ് ബിസിനസ്, എബിജി ഷിപ്‌യാഡിന്റെ വാദ്‌രാജ് സിമന്റ് എന്നിവയെയും ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യ സിമന്റിനെ ഡിലിസ്റ്റ് ചെയ്യില്ല

ഇന്ത്യ സിമന്റിനെ വിപണിയിൽ നിന്നു ഡിലിസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ലിസ്റ്റഡ് കമ്പനിയായി തുടരുമെന്നും ആദിത്യ ബിർള ഗ്രൂപ്പ് അറിയിച്ചു. ഓഹരികളുടെ ഓപ്പൺ ഓഫർ ചുമതല ആക്സിസ് ക്യാപ്പിറ്റലിനായിരിക്കും.

English Summary:

Ultra Tech Cement, a part of the Aditya Birla Group, is set to acquire an additional 32.77% stake in India Cement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com