ഇനി ആസിഫ് അലിയുടെ കണ്ണൂർ സ്ക്വാഡ്; കോടികളുടെ നിക്ഷേപം നടത്തി നടൻ
Mail This Article
കൊച്ചി ∙ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോളിന്റെ ബിഗ് സ്ക്രീനിൽ കോടികളുടെ നിക്ഷേപവുമായി നടൻ ആസിഫ് അലിയും. എസ്എൽകെ ടീമായ കണ്ണൂർ സ്ക്വാഡിലാണ് ആസിഫ് നിക്ഷേപം നടത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) ഡയറക്ടർ എം.പി.ഹസൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രൂപ്പ് എംഡി മിബു ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്സി പ്രമോട്ടർ ഷമീം ബക്കർ എന്നിവരാണു ടീമിന്റെ സഹ ഉടമകൾ.
സെപ്റ്റംബറിൽ ആദ്യവാരം കിക്കോഫ് നടത്താൻ ഒരുങ്ങുന്ന ലീഗിലേക്കു ചലച്ചിത്ര രംഗത്തു നിന്നു കോടികളുടെ നിക്ഷേപമാണ് ഒഴുകുന്നത്. നടനും നിർമാതാവും സംവിധായകനുമായ പൃഥ്വിരാജാണു ലീഗിലെ ആദ്യ ‘താര’ നിക്ഷേപകൻ. ഫോഴ്സ കൊച്ചി എഫ്സിയുടെ സഹ ഉടമ ആയാണ് അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തിനു മുന്നിൽ പുതിയ നിക്ഷേപ സാധ്യത തുറന്നത്. അതിനു പിന്നാലെ ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫൻ തൃശൂർ റോർ ടീമിന്റെ ഭൂരിപക്ഷ ഓഹരി പങ്കാളിയായി. ആസിഫ് കൂടിയെത്തുമ്പോൾ ലീഗിലെ ആകെയുള്ള 6 ഫ്രാഞ്ചൈസി ടീമിൽ മൂന്നിലും ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിക്ഷേപം എത്തിക്കഴിഞ്ഞു. കൂടുതൽ സെലിബ്രിറ്റി നിക്ഷേപം ലീഗിൽ എത്തുമെന്നാണു സൂചന.