പണമിടപാടിന് ഇനി ഒടിപി മാത്രമല്ല; പേയ്മെന്റ് സുരക്ഷയ്ക്കായി ആർബിഐ കരടു മാർഗരേഖ
Mail This Article
ന്യൂഡൽഹി∙ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിന്റെ (എഇപിഎസ്) സുരക്ഷ ഉറപ്പാക്കാനായി റിസർവ് ബാങ്ക് കരടു മാർഗരേഖ പ്രസിദ്ധീകരിച്ചു. എഇപിഎസ് ദുരുപയോഗിച്ച് പണം തട്ടിയ ഒട്ടേറെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണിത്. കഴിഞ്ഞ ദിവസം കേന്ദ്രം പാർലമെന്റിൽ വച്ച കണക്കനുസരിച്ച് ഏകദേശം 29,000 തട്ടിപ്പുകളാണ് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നത്. കരടിന്മേലുള്ള അഭിപ്രായങ്ങൾ തേടിയ ശേഷമാകും മാർഗരേഖ അന്തിമമാക്കുക.
എടിഎം ലഭ്യതയില്ലാത്ത സ്ഥലങ്ങളിൽ മൈക്രോ എടിഎമ്മുകൾ വഴി പണം പിൻവലിക്കാനും കൈമാറ്റം ചെയ്യാനും എഇപിഎസ് സംവിധാനം ഉപകരിക്കും.
ആധാർ നമ്പറും ബയോമെട്രിക് ഡേറ്റയും (ഫിംഗർ പ്രിന്റ്) ഉപയോഗിച്ചാണ് ഇടപാടുകൾ. എഇപിഎസ് ബയോമെട്രിക് സേവനം ബാങ്കുകൾക്ക് ലഭ്യമാക്കുന്ന ഓപ്പറേറ്റർമാരുടെ (എഇപിഎസ് ടച്ച്പോയിന്റ്) പരിശോധന കൃത്യമായി നടത്തണമെന്നാണ് പ്രധാന കരടു നിർദേശം. ഒരു ഓപ്പറേറ്റർ 6 മാസത്തിനിടയ്ക്ക് ഒരു ഇടപാട് പോലും നടത്തിയിട്ടില്ലെങ്കിൽ ബാങ്കുകൾ വീണ്ടും കെവൈസി പരിശോധന നടത്തണം. ഒരു ഓപ്പറേറ്റർ ഒരു ബാങ്കിനു വേണ്ടി മാത്രമേ പ്രവർത്തിക്കാവൂ. ഇവരുടെ റിസ്ക് പ്രൊഫൈൽ അനുസരിച്ച് ഇടപാടു പരിധി നിശ്ചയിക്കണം. ഓപ്പറേറ്ററെ നിരന്തരം നിരീക്ഷിക്കണമെന്നും ആർബിഐ സർക്കുലറിൽ പറയുന്നു.
പണമിടപാടിന് ഇനി ഒടിപി മാത്രമല്ല
നിലവിൽ ഡിജിറ്റൽ പണമിടപാടുകളുടെ വെരിഫിക്കേഷൻ ആവശ്യത്തിനായി എസ്എംഎസ് വഴിയുള്ള ഒടിപി (വൺ ടൈം പാസ്‍വേഡ്) ആണ് ഏറ്റവുമധികം പ്രചാരത്തിലുള്ളത്. എസ്എംഎസ് വഴിയുള്ള ഒടിപിക്ക് പകരം വാട്സാപ്/ഇമെയിൽ വഴിയുള്ള ഒടിപി, ഓതന്റിക്കേഷൻ ആപ്, പാസ്കീ, സെക്യൂരിറ്റി കീ, ബയോമെട്രിക്സ് അടക്കമുള്ള സുരക്ഷാരീതികളും നിലവിലുണ്ട്. ഇവ കൂടി ഡിജിറ്റൽ പേയ്മെന്റുകൾക്ക് ബാധകമാക്കാനായി ആർബിഐ കരടുചട്ടക്കൂട് തയാറാക്കി.