ADVERTISEMENT

ഏറെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യത്തിലേക്ക് ചുവടുവയ്ക്കുന്ന എയർ കേരളയ്ക്ക് പിന്നാലെ കേരളത്തിൽ നിന്ന് പുതിയൊരു വിമാനക്കമ്പനി കൂടി പിറവിയെടുക്കുന്നു. പ്രധാനമായും ഗൾഫിലേക്കും തിരിച്ചുമുള്ള സർവീസുകൾ ലക്ഷ്യമിട്ട്, കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പാണ് വിമാനക്കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്.

നിലവിൽ വിമാനടിക്കറ്റ്, ടൂർ ഓപ്പറേറ്റിങ്ങ്, ചാർട്ടേഡ് വിമാനങ്ങൾ, ഹോട്ടൽ റൂം ബുക്കിങ്, വീസ സേവനങ്ങൾ നൽകുന്ന ഗ്രൂപ്പാണ് അൽ ഹിന്ദ്. വിമാന ടിക്കറ്റ് ബുക്കിങ് രംഗത്ത് വിശാലമായ പ്രവർത്തനശൃംഖലയും ഉപയോക്തൃ അടിത്തറയുമുള്ളത് വിമാനക്കമ്പനി ആരംഭിക്കാനുള്ള കരുത്താണെന്ന് കമ്പനിയുടെ പ്രൊമോട്ടോറായ മൊഹമദ് ഹാരിസ് സിഎ‍ൻബിസി ടിവി18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹജ്ജ് തീർഥാടകരുടെ വലിയൊരു ഉപയോക്തൃ അടിത്തറയും കമ്പനിക്കുണ്ട്.

20,000 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് അൽ ഹിന്ദ്. വരുമാനത്തിൽ ഏതാണ്ട് 600 കോടി രൂപ പ്രതിമാസം വിമാന ടിക്കറ്റ് ബുക്കിങ് സേവനം വഴിയാണ് ലഭിക്കുന്നത്. വിമാനക്കമ്പനിക്ക് സുരക്ഷാ അനുമതി (സെക്യൂരിറ്റി ക്ലിയറൻസ്) ഉൾപ്പെടെ 95 ശതമാനം അനുമതിയും ലഭിച്ചുകഴിഞ്ഞു. അന്തിമാനുമതികൾ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്ര വ്യേമയാന മന്ത്രാലയത്തിൽ നിന്ന് പ്രവർത്തനാനുമതി (No Obection Certificate) ലഭിക്കണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിച്ചാൽ പ്രവർത്തനം തുടങ്ങാം. ഗൾഫിന് പുറമേ തായ്‍ലൻഡ്, സിംഗപ്പുർ, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളും അൽ ഹിന്ദ് ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

Image Source: izusek | iStock
Image Source: izusek | iStock

മികച്ച ടിക്കറ്റ് ബുക്കിങ് ശൃംഖലയുള്ളതിനാൽ ഓരോ സർവീസിലും ശരാശരി 80 ശതമാനം സീറ്റുകൾ‍ വിറ്റഴിക്കാനാകുമെന്നും കമ്പനി കരുതുന്നു. ആഭ്യന്തര സർവീസുകൾക്ക് എടിആർ, രാജ്യാന്തര സർവീസുകൾക്ക് എയർ ബസിന്റെ എ320 വിമാനങ്ങൾ പ്രയോജനപ്പെടുത്താനാണ് അൽ ഹിന്ദ് ഉദ്ദേശിക്കുന്നത്. രാജ്യാന്തര സർവീസ് ആരംഭിക്കുമ്പോഴേക്കും 20 വിമാനങ്ങൾ സർവീസ് നടത്താനാണ് കമ്പനി ശ്രമിക്കുന്നതും.

പറന്നുയരാൻ എയർ കേരളയും
 

പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരള വിമാനകകമ്പനിക്ക് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ച് ഒരുമാസം പിനനിടുമ്പോഴേക്കാണ് അൽ ഹിന്ദ് ഗ്രൂപ്പും വിമാനക്കമ്പനിക്ക് തുടക്കമിടാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.

അടുത്തവർഷം ആദ്യപാദത്തിൽ രണ്ട് വിമാനങ്ങളുമായി ആഭ്യന്തര സർവീസാണ് എയർ കേരള തുടക്കത്തിൽ നടത്തുക. 20 വിമാനങ്ങൾ സ്വന്തമാക്കിയശേഷം ഗൾഫിലേക്ക് ഉൾപ്പെടെ സർവീസ് ആരംഭിക്കും. കേരളത്തിന് സ്വന്തമായി ഒരു വിമാനകകമ്പനി വേണമെന്ന പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്.

English Summary:

Kerala-based Al Hind Group is launching a new airline focusing on Gulf travelers and expanding to East Asia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com