ഓലയിലേറി ഭവിഷ് അഗർവാൾ ശതകോടീശ്വരന്മാരുടെ ലിസ്റ്റിലേക്ക്, പൊരുതി നേടിയ വിജയം
Mail This Article
പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പുതിയ ആശയങ്ങൾ കൊണ്ടുവരിക, അത് നടപ്പിലാക്കാൻ വൻ വെല്ലുവിളികളെ നേരിടുക, പടിപടിയായി ശതകോടീശ്വരന്മാരുടെ ലിസ്റ്റിലേക്കെത്തുക തുടങ്ങി ഓരോ സംരംഭകനും സ്വപ്നം കാണുന്ന വിജയങ്ങൾ നേടിയ ഒരാളാണ് ഓല ക്യാബ്‌സിന്റെ സി ഇ ഒ ആയ ഭവിഷ് അഗർവാൾ.
ലോകമെമ്പാടുമുള്ള 40 വയസിന് താഴെയുള്ള ഏഴുപേരെയാണ് ബ്ലൂംബെർഗിന്റെ ലോകത്തെ മികച്ച 500 ശതകോടീശ്വരൻമാരുടെ സമ്പത്ത് സൂചിക പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്. ഓലയുടെ സ്ഥാപകനായ ഭവിഷ് അഗർവാൾ അതിലൊരാളാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്റ്റാർട്ടപ്പുകളിലും, കമ്പനികളിലുമാണ് ഭവിഷ് അഗർവാളിന് താല്പര്യം.
ഓല കാബ്‌സിന്റെ സഹസ്ഥാപകനും സിഇഒയും ഓല ഇലക്‌ട്രിക്‌സിന്റെ സ്ഥാപകനുമായ ഭവിഷ് അഗർവാൾ ഇന്ത്യൻ ഗതാഗത വ്യവസായത്തെ മാറ്റി മറിക്കാൻ പ്രധാന പങ്ക് വഹിച്ചിട്ടുള്ളയാളാണ്. 1985 ഓഗസ്റ്റ് 28 ന് പഞ്ചാബിലെ ലുധിയാനയിലാണ് ഭവിഷ് ജനിച്ചത്. വിദ്യാഭ്യാസത്തെയും കഠിനാധ്വാനത്തെയും വിലമതിക്കുന്ന ഒരു സാധാരണ പഞ്ചാബി കുടുംബത്തിലാണ് അദ്ദേഹം വളർന്നത് . ഈ മൂല്യങ്ങൾ ഭവിഷിനെ വളരെയധികം സ്വാധീനിക്കുകയും ലക്ഷ്യങ്ങളിലേക്കെത്താൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഐഐടി മുംബെയിൽ നിന്നുള്ള സാങ്കേതിക വൈദഗ്ധ്യവും സംരംഭകത്വവും ഒരുമിപ്പിച്ചാണ് അദ്ദേഹം തന്റെ സംരംഭങ്ങൾ വളർത്താൻ തുടങ്ങിയത്. 2010 ൽ യാത്ര ചെയ്തപ്പോൾ തനിക്കുണ്ടായ ഒരു പ്രശ്നത്തിൽ നിന്നാണ് ഓല ക്യാബ്‌സ് എന്ന ആശയം വളർത്തിയെടുത്തത് എന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കുള്ള യഥാർത്ഥ പരിഹാരം
ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ സാധാരണക്കാർ 2005 വരെ വളരെയധികം പ്രശ്നങ്ങൾ നേരിട്ടിരുന്നു. പ്രത്യേകിച്ച് സ്ത്രീകൾക്ക് പല നഗരങ്ങളിലും ഒറ്റക്ക് യാത്ര ചെയ്യൽ രാത്രികാലങ്ങളിൽ സുരക്ഷിതമായിരുന്നില്ല. സാധാരണക്കാരന്റെ അത്തരമൊരു പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയപ്പോഴാണ് ഓല ക്യാബ്‌സ് വളർന്നത്. സാധാരണക്കാരുടെ യാത്ര പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമത്തിൽ ഓലയുടെ കൂടെ മറ്റു പല സംരംഭങ്ങളും തുടങ്ങി. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓല ഇലക്ട്രിക് തുടങ്ങിയപ്പോൾ അത് ഒരു പരാജയം ആയിരിക്കും എന്ന് പലരും വിധിച്ചതാണ്. അവിടെ നിന്നാണ് സ്റ്റാർട്ടപ്പ് ഫണ്ടുകളും, നിക്ഷേപങ്ങളും ഒഴുകിയെത്തിയ യാത്ര അദ്ദേഹം ആരംഭിച്ചത്. അതാണ് ഇന്ന് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ്റെ പിന്തുണയോടെ ഓല ഇലക്ട്രിക്കിൻ്റെ ഓഹരികൾ വഴി അദ്ദേഹത്തിന്റെ ആസ്തി 2.6 ബില്യൺ ഡോളറായി ഉയർത്തിയിരിക്കുന്നത്. സാധാരണക്കാർ നേരിടുന്ന വലിയ പ്രശ്നങ്ങൾക്കുള്ള യഥാർത്ഥ പരിഹാരം എന്താണെന്ന ആലോചനയാണ് ഭവിഷ് അഗർവാളിനെ പുതിയ ഉയരങ്ങളിലേക്കെത്താൻ സഹായിച്ചത്.
അതിശക്തരായ എതിരാളികൾ
സാധാരണയായി ഒരു വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനികൾ ഉണ്ടെങ്കിൽ ആ മേഖലയിൽ തന്നെ ബിസിനസ് തുടങ്ങാൻ പലരും മടിക്കും. എന്നാൽ ഓലയ്ക്ക് ശക്തരായ എതിരാളികൾ ഉള്ളത് ഒരു ഹരമായിരുന്നു. ഓരോ മേഖലയിലും വിപണി വിഹിതം കൂട്ടിയ ചരിത്രമാണ് ഓലയ്ക്ക് ഉള്ളത്.ഒരു രീതിയിൽ പറഞ്ഞാൽ ഭവിഷ് അഗർവാൾ എല്ലാവരുമായും യുദ്ധത്തിലാണ്. അത് ഇലക്ട്രിക് വാഹന വിപണിയാണെങ്കിലും ഓല ഇലക്ട്രിക് ഐ പി ഒയുടെ കാര്യത്തിലും അങ്ങനെയാണ്. ഓല ഫുഡ്സ്, ഓല മാപ്‌സ്, ഓല ഇൻഷുറൻസ് തുടങ്ങി എല്ലാ സേവന മേഖലകളിലും നിരവധി എതിരാളികളുടെ കൂടെ പടവെട്ടിയാണ് ഭവിഷ് അഗർവാൾ മുന്നേറുന്നത്.